---
title: "തിക്കോടി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 448 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു"
english_title: "The LDF won the Thikodi by-election with a majority of 448 votes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/56568/ldf-wins-thikodi-by-election"
published_at: "2022-07-22T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da65aa9ab74_1vote1.jpg"
keywords: []
---

# തിക്കോടി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 448 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു

> **Lead Summary:** **തിക്കോടി:** തിക്കോടി പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന പള്ളിക്കര സൗത്ത് അഞ്ചാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഎമ്മിലെ ഷീബ പുല്‍പ്പാണ്ടി 448 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ 524 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ എല്‍ഡിഎഫിന് ഉണ്ടായിരുന്നത്.

## Article Content

**തിക്കോടി:** തിക്കോടി പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന പള്ളിക്കര സൗത്ത് അഞ്ചാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഎമ്മിലെ ഷീബ പുല്‍പ്പാണ്ടി 448 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ 524 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ എല്‍ഡിഎഫിന് ഉണ്ടായിരുന്നത്.

യുഡിഎഫിലെ അഡ്വ: അഖിലഭായ് പുതിയോട്ടിലിന് 343 വോട്ടും ബിജെപിയിലെ ബിന്‍സി ഷാജിക്ക് 209 വോട്ടുമാണ് ലഭിച്ചത്. രണ്ട് ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഒന്നാം ബൂത്തില്‍ എല്‍ഡിഎഫിന് 273 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. 175 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ രണ്ടാം ബൂത്തില്‍ ലഭിച്ചിട്ടുള്ളൂ. ഇതാണ് ഭൂരിപക്ഷം കുറയാന്‍ കാരണമായത്.

17 അംഗങ്ങള്‍ ഉള്ള തിക്കോടി ഗ്രാമ പഞ്ചായത്തില്‍ സിപിഎമ്മിന് ഏഴും എല്‍ജെഡിക്ക് രണ്ടും സിപിഐക്ക് ഒരംഗവുമടക്കം പത്ത് പേരുടെ വ്യക്തമായ ഭൂരിപക്ഷമുണ്ട്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് ബിജെപി ആയിരുന്നെങ്കില്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് രണ്ടാം സ്ഥാനത്ത്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ 73.22 ശതമാനം പോളിങ് ആണ് ഇവിടെ രേഖപ്പെടുത്തിയത്.

1834 വോട്ടര്‍മാരില്‍ 1343 പേര്‍ വോട്ട് ചെയ്തു. 752 സ്ത്രീകളും 591 പുരുഷന്മാരുമാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശ്രീലക്ഷ്മി രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. തിക്കോടി, പുതിയകുളങ്ങരയിലെ തിക്കോടിയന്‍ സ്മാരക സാംസ്‌കാരിക നിലയത്തില്‍ ആണ് വോട്ടെണ്ണിയത്.

കൊയിലാണ്ടി താലൂക്ക് ലാന്‍ഡ് അക്വിസിഷന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍കെ. മുരളീധരന്‍ ആണ് ഭരണാധികാരി. പയ്യോളി സിഐ കെ.സി. സുഭാഷ് ബാബുവിന്റെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/56568/ldf-wins-thikodi-by-election)