---
title: "യുവാവ് സ്വര്‍ണ്ണക്കടത്തുകാരുടെ കസ്റ്റഡിയില്‍ ആയത് ജൂലായ് ആദ്യവാരം; ഭീഷണി ഭയന്ന് പരാതി നല്‍കിയില്ല "
english_title: "The young man was in custody of gold smokers and the first week of July; Did not complain of fear of threat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/58164/the-young-man-was-in-custody-of-gold-smokers-and-the-first-week-of-july-did-not-complain-of-fear-of-threat"
published_at: "2022-07-29T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e3fa3693328_547sn5ko_copy.jpg"
keywords: []
---

# യുവാവ് സ്വര്‍ണ്ണക്കടത്തുകാരുടെ കസ്റ്റഡിയില്‍ ആയത് ജൂലായ് ആദ്യവാരം; ഭീഷണി ഭയന്ന് പരാതി നല്‍കിയില്ല 

> **Lead Summary:** **പേരാമ്പ്ര : **പന്തിരിക്കരയില്‍ നിന്ന് കാണാതായ യുവാവ് മുത്തു എന്ന ഇര്‍ഷാദ് സ്വര്‍ണ്ണക്കടത്തുകാരുടെ കസ്റ്റഡിയില്‍ ആയത് ജൂലായ് ആദ്യവാരം. ജൂലായ് 8 ാം തിയ്യതിയാണ് വീട്ടുകാര്‍ക്ക് ഇവരുടെ ആദ്യ ഭീഷണി വരുന്നത്. നിങ്ങളുടെ മകന്‍ ഞങ്ങളുടെ കസ്റ്റഡിയിലാണെന്നും അവനെ ജീവനോടെ വേണമെങ്കില്‍ ഞങ്ങള്‍ക്ക് നഷ്ടമായ സ്വര്‍ണ്ണത്തിന്റെ പണം തിരികെ തരണമെന്നുമായിരുന്നു ഭീഷണി.

## Article Content

**പേരാമ്പ്ര : **പന്തിരിക്കരയില്‍ നിന്ന് കാണാതായ യുവാവ് മുത്തു എന്ന ഇര്‍ഷാദ് സ്വര്‍ണ്ണക്കടത്തുകാരുടെ കസ്റ്റഡിയില്‍ ആയത് ജൂലായ് ആദ്യവാരം. ജൂലായ് 8 ാം തിയ്യതിയാണ് വീട്ടുകാര്‍ക്ക് ഇവരുടെ ആദ്യ ഭീഷണി വരുന്നത്. നിങ്ങളുടെ മകന്‍ ഞങ്ങളുടെ കസ്റ്റഡിയിലാണെന്നും അവനെ ജീവനോടെ വേണമെങ്കില്‍ ഞങ്ങള്‍ക്ക് നഷ്ടമായ സ്വര്‍ണ്ണത്തിന്റെ പണം തിരികെ തരണമെന്നുമായിരുന്നു ഭീഷണി.

ഇത് പിന്നീട് പലതവണ തുടര്‍ന്നതായും കൊടുവള്ളി സ്വദേശിയായ നാസര്‍ എന്നയാളാണ് വിളിക്കുന്നതെന്നും ഇര്‍ഷാദിന്റെ മാതാവ് നഫീസ പറഞ്ഞു. വിദേശത്ത് ജോലി ആവശ്യാര്‍ത്ഥം പോയ ഇര്‍ഷാദ് മെയ് മാസം 14 നാണ് നാട്ടിലെത്തുന്നത്. വീട്ടുകാര്‍ക്ക് ഇയാള്‍ വരുന്നതായി വിവരമൊന്നും ഉണ്ടായിരുന്നില്ല.

അടുത്ത ദിവസം തന്നെ യുവാവിനെ കാണാതാവുകയും രക്ഷിതാക്കളുടെ പരാതിയില്‍ പെരുവണ്ണമൂഴി പൊലീസ് അന്വേഷിച്ച് മെയ് 16 ന് വീട്ടിന് സമീപം വെച്ച് ഇയാളെ കണ്ടെത്തി പിറ്റേ ദിവസം കോടതിയില്‍ ഹാജരാക്കുകയും ചെയ്തതാണ്. തുടര്‍ന്നാണ് പത്തനംതിട്ട സ്വദേശിനിയുടെ സ്വര്‍ണ്ണം ഇര്‍ഷാദ് വശം ഉണ്ടെന്ന ആരോപണവുമായി ഇവര്‍ ഇര്‍ഷാദിന്റെ വീട്ടിലെത്തുന്നത്.

അത് മധ്യസ്ഥര്‍ മഖാന്തിരം പറഞ്ഞ് തീര്‍ത്തതാണെന്നും പറയുന്നു. മെയ് 23 ന് വീട്ടില്‍ നിന്ന് പോയ ഇര്‍ഷാദ് രണ്ട് ദിവസം അത്തോളി പറമ്പത്തെ ഭാര്യ വീട്ടിലായിരുന്നു അവിടെ നിന്ന് വയനാട്ടിലേക്ക് ജോലിക്കെന്ന് പറഞ്ഞ പോയ ഇര്‍ഷാദിനെ കുറിച്ച് പിന്നീട് വിവരമില്ലാതാവുയായിരുന്നു. ജൂലായ് 8 ന് ശേഷം കൊടുവള്ളി നാസര്‍ എന്നയാള്‍ ഇടക്കിടെ വിളിച്ച് തന്നെയും ഇര്‍ഷാദിന്റെ ഭാര്യയെയും ഭീഷണിപ്പെടുത്തുന്നതായും നഫീസ പറഞ്ഞു.

പൊലീസില്‍ അറിയിച്ചാല്‍ മകനെ കൊന്ന് കളയുമെന്ന ഭീഷണി ഭയന്നാണ് ഇവര്‍ ഇതുവരെ പരാതി നല്‍കാതിരുന്നത്. ഇതിനിടയില്‍ കഴിഞ്ഞ ഇര്‍ഷാദിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചവശനാക്കിയ നിലയിലുള്ള ഫോട്ടോ ഇവര്‍ക്ക് അയച്ച് കൊടുത്തിരുന്നു. ഇതോടെയാണ് ഭീഷണിയുണ്ടായിട്ടും ഇെന്നലെ പൊലീസിന് പരാതി നല്‍കിയത്.

വയനാട്, മലപ്പുറം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തി വരുകയാണ്. തനിക്ക് ഒരബദ്ധം പറ്റിപ്പോയെന്നും സ്വര്‍ണ്ണം യഥാര്‍ത്ഥ ഉടമക്ക് കൈമാറാന്‍ മറ്റ് മൂന്നുപേരെ ഏല്പിച്ചതാണെന്നും കബീര്‍, ഷമീര്‍, റഷാദ് എന്നിവര്‍ ചേര്‍ന്ന് തന്നെ കബളിപ്പിച്ചതാണെന്നും ഇര്‍ഷാദ് വീട്ടുകാര്‍ക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.

രണ്ട് വര്‍ഷക്കാലം സൗദിയിലും കുവൈത്തിലും ഡ്രൈവറായി ജോലി ചെയ്ത ഇര്‍ഷാദ് ദുബായില്‍ ജോലി ആവശ്യാര്‍ത്ഥം പോയി മൂന്ന് മാസത്തിന് ശേഷം തിരിച്ച് വരുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/58164/the-young-man-was-in-custody-of-gold-smokers-and-the-first-week-of-july-did-not-complain-of-fear-of-threat)