---
title: "ആവളയില്‍ അസ്സറ്റ് നവജീവനം പദ്ധതിക്ക് തുടക്കമായി "
english_title: "Asset revival project started in Avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60637/asset-revival-project-started-in-avala"
published_at: "2022-08-09T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f276a7042eb_1navajeevanam.jpg"
keywords: []
---

# ആവളയില്‍ അസ്സറ്റ് നവജീവനം പദ്ധതിക്ക് തുടക്കമായി 

> **Lead Summary:** **ആവള: **ആവളയില്‍ അസ്സറ്റ് നവജീവനം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി സൗഹാര്‍ദ സ്വയം സഹായ സംഘം ആവളയുടെ സഹകരണത്തോടെ ആവള ബ്രദേഴ്‌സ് കലാ സമിതിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആസ്റ്റര്‍ വോളന്റിയര്‍മാരുമായി ചേര്‍ന്ന് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിരവധി പേര്‍ രോഗനിര്‍ണ്ണയം നടത്തി.

## Article Content

**ആവള: **ആവളയില്‍ അസ്സറ്റ് നവജീവനം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി സൗഹാര്‍ദ സ്വയം സഹായ സംഘം ആവളയുടെ സഹകരണത്തോടെ ആവള ബ്രദേഴ്‌സ് കലാ സമിതിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആസ്റ്റര്‍ വോളന്റിയര്‍മാരുമായി ചേര്‍ന്ന് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിരവധി പേര്‍ രോഗനിര്‍ണ്ണയം നടത്തി.

ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക ഉന്നമനം ലക്ഷ്യം വെച്ച് പേരാമ്പ്ര നിയോജക മണ്ഡലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സേവന സന്നദ്ധ സംഘടനയായ അസ്സറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, നിയോജക മണ്ഡലത്തിലെ 161 പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ കോളനികളുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കി അസറ്റ് നടപ്പിലാക്കുന്ന പദ്ധതിയാണ് നവജീവനം.

ഇതിന്റെ ഭാഗമായി 2022-25 പദ്ധതിയുടെ ഭാഗമായി ആസ്റ്റര്‍ വോളന്റീര്‍സുമായി ചേര്‍ന്ന് നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകളുടെ നാലാം ഘട്ടത്തിനാണ് ആവളയില്‍ തുടക്കമായത്. സൗഹാര്‍ദ സ്വയം സഹായ സംഘം ആവളയുടെ പ്രാദേശിക സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ആവള ബ്രദേഴ്‌സ് കലാ സമിതിയില്‍ നടന്ന ക്യാമ്പ് അസ്സറ്റ് ചെയര്‍മാന്‍ സി.എച്ച്‌. ഇബ്രാഹിംകുട്ടി ക്യാമ്പ് ഉത്ഘാടനം ചെയ്തു. സൗഹാര്‍ദ സ്വയം സഹായ സംഘം പ്രസിഡണ്ട് വിജയന്‍ ആവള അധ്യക്ഷത വഹിച്ചു. അസ്സറ്റ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ആര്‍.പി രവീന്ദ്രന്‍ നവജീവനം പദ്ധതി വിശദീകരിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.എം. രഘുനാഥ്, കെ.എം. ബിജിഷ, മാനവ കലാവേദി സെക്രട്ടറി വി.എം. നാരായണന്‍, ബ്രദേഴ്‌സ് കലാ സമിതി സെക്രട്ടറി ഷാനവാസ് കൈവേലി, ഡോ. വാസിം, കെ.വി. പ്രഭാകരന്‍ നായര്‍, എന്‍.പി. സന്തോഷ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ 200 ഓളം പേര്‍ പങ്കെടുത്തു.

സൗഹാര്‍ദ സ്വയം സഹായ സംഘവുമായി ചേര്‍ന്ന് ആവള എടക്കോത്തില്‍ മീത്തല്‍ കോളനി, എമ്മന കണ്ടി കോളനി, കല്ലില്‍ മീത്തല്‍ കോളനി പെരിഞ്ചേരി കടവ് കോളനി എന്നിവിടങ്ങളില്‍ ആണ് നവജീവനം പദ്ധതി നടപ്പിലാക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60637/asset-revival-project-started-in-avala)