---
title: "പണം പയറ്റും ഡിജിറ്റല്‍ യുഗത്തിലേക്ക് ; ഹനയുടെ ക്ഷണം വൈറലായി "
english_title: "Money will pay for the digital age; Hana's invitation went viral"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60997/money-will-pay-for-the-digital-age-hanas-invitation-went-viral"
published_at: "2022-08-11T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4d5f060660_1payatt.jpg"
keywords: []
---

# പണം പയറ്റും ഡിജിറ്റല്‍ യുഗത്തിലേക്ക് ; ഹനയുടെ ക്ഷണം വൈറലായി 

> **Lead Summary:** **പേരാമ്പ്ര : **കടിയങ്ങാട്ടുകാരി ഹനഫാത്തിമയുടെ പണം പയറ്റിനുള്ള ക്ഷണം വൈറലായി. ഉത്തര മലബാറില്‍ കാലങ്ങള്‍ക്ക് മുമ്പേ കണ്ടുവരുന്ന ഒരു പരസ്പര സഹായ രീതിയാണ് പണം പയറ്റ്.

## Article Content

**പേരാമ്പ്ര : **കടിയങ്ങാട്ടുകാരി ഹനഫാത്തിമയുടെ പണം പയറ്റിനുള്ള ക്ഷണം വൈറലായി. ഉത്തര മലബാറില്‍ കാലങ്ങള്‍ക്ക് മുമ്പേ കണ്ടുവരുന്ന ഒരു പരസ്പര സഹായ രീതിയാണ് പണം പയറ്റ്.

കുറികളും ചിട്ടികളും സ്വയം സഹായ സംഘങ്ങളും ഒന്നും ഇല്ലാത്ത കാലത്ത് ഒരാള്‍ക്ക് എന്തെങ്കിലും അത്യാവശ്യം വന്നാല്‍ മറ്റുളളവര്‍ ചേര്‍ന്ന് അയാളെ സാമ്പത്തികമായി സഹായിക്കുന്നതാണ് പണം പയറ്റ്.

വിവാഹമോ മറ്റ് സാമ്പത്തിക ബാധ്യതയുള്ള ആവശ്യങ്ങളോ വരുമ്പോള്‍ തന്റെ സൗഹൃദ വലയത്തിലുളളവരോട് ആവശ്യം ഉന്നയിച്ച് പണം പയറ്റിന് ക്ഷണിക്കും.

താനുമായി പണം പയറ്റ് ഇടപാട് ഉള്ളവര്‍ക്ക് കത്ത് അടിച്ച് കൊടുത്ത് ക്ഷണിക്കുകയാണ് പതിവ്. അതില്‍ പണം പയറ്റ് നടത്തുന്ന സ്ഥലവും സമയവും രേഖപ്പെടുത്തും.

അവര്‍ തങ്ങളുടെ സാമ്പത്തിക നില അനുസരിച്ച് സഹായിക്കും. ഈ ലഭിക്കുന്ന തുക അത് തന്നവര്‍ പണം പയറ്റ് കഴിക്കുമ്പോള്‍ ഇരട്ടിയായി തിരിച്ച് നല്‍കും. ഈ പ്രക്രിയ തുടര്‍ന്ന് കൊണ്ടേ ഇരിക്കും.

സാമ്പത്തിക ആവശ്യങ്ങള്‍ നേരിടുമ്പോള്‍ പലിശക്കാരെ തേടിപ്പോവാതെ ഇത്തരം രീതിയില്‍ സാമ്പത്തിക സമാഹരണം നടത്താന്‍ സാധാരണക്കാര്‍ക്ക് കഴിയും.

പയറ്റ് നടത്തുന്ന സ്ഥലം ഈന്ത് ഓല, പനംപട്ട തുടങ്ങിയവ ഉപയോഗിച്ച് അലങ്കരിക്കും. ചില സ്ഥലങ്ങളില്‍ പാട്ടും വെക്കും. ഒരു വലിയ അക്കൗണ്ട് ബുക്കിലാണ് ലഭിക്കുന്ന തുക രേഖപ്പെടുത്തുക. ഇതില്‍ ആളുകളുടെ പേരും അവര്‍ കൊടുക്കുന്ന തുകയും ഉണ്ടാവും.

തിരിച്ച് കൊടുക്കേണ്ട തുകയും കൊടുക്കുന്ന തുകയും രേഖപ്പെടുത്താന്‍ ഈ ബുക്ക് തന്നെ ഉപയോഗിക്കും. ഇത്തരം ബുക്കുകള്‍ കാലങ്ങളോളം സൂക്ഷിച്ചും വെക്കും.

വാള്‍ പയറ്റിന്റെ നാടായ കടത്തനാട്ടിലാണ് പണം പയറ്റും പ്രചുര പ്രചാരം നേടിയത്. പണം കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടത്തുന്ന പയറ്റായതിനാവാം ഇതിനെ പണം പയറ്റ് എന്ന് വിളിക്കുന്നത്.

ഉത്തര മലബാറിലാണ് പണം പയറ്റ് സമ്പ്രദായം ഉള്ളതെങ്കിലും വടകര കൊയിലാണ്ടി താലൂക്കുകളിലാണ് ഇത് ഇന്നും നില നിന്ന് പോരുന്നത്.

വടകര, പുറമേരി , നാദാപുരം, വളയം, കുറ്റ്യാടി, തൊട്ടില്‍പ്പാലം, മരുതോങ്കര, പാലേരി, പേരാമ്പ്ര, മുയിപ്പോത്ത്, മേപ്പയ്യൂര്‍, പയ്യോളി, ചക്കിട്ടപാറ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്ന് പണം പയറ്റ് സജീവമായി നിലനില്‍ക്കുന്നത്.

കാലത്തിനനുസരിച്ച് പണം പയറ്റിനും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പഴയ കാലത്ത് പ്രദേശത്തെ ഏതെങ്കിലും ചായക്കടയില്‍ വെച്ചായിരുന്നു പയറ്റ് നടത്തിവന്നിരുന്നത്. ഇന്ന് ഓഡിറ്റോറിയങ്ങളിലും വീടുകളിലും പയറ്റ് നടത്തിവരുന്നു.

ആദ്യ കാലത്ത് കത്ത് മുഖാന്തിരം ക്ഷണിച്ചതെങ്കില്‍ ഇന്ന് വാട്‌സ് ആപ്പും നുവ മാധ്യമങ്ങളും ഇതിനായി ഉപയോഗപ്പെടുത്തുന്നു.

ഇന്ന് കടിയങ്ങാട് സ്വദേശിയുടെ പണം പയറ്റിനുള്ള ക്ഷണമാണ് വൈറലായി മാറിയത്. കടിയങ്ങാട് പാലം മാളിക്കണ്ടി അഷറഫിന്റെ പയറ്റിന് ഉള്ള ക്ഷണമാണ് വൈറലായി മാറിയത്.

അഷറഫിന്റെ മകള്‍ ഹനഫാത്തിമ തന്റെ പിതാവിന്റെ പയറ്റിന് ആളുകളെ ക്ഷണിക്കുന്ന വീഡിയോ ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പുകളിലേക്ക് പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

കാണാം വീഡിയോ  click the l Link :  [https://youtu.be/ilAZBHYtczU](https://youtu.be/ilAZBHYtczU)

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60997/money-will-pay-for-the-digital-age-hanas-invitation-went-viral)