---
title: "കാരുണ്യത്തിന്റെ കാരവന്‍ പേരാമ്പ്രയിലും എത്തി; യുവതലമുറക്ക് മാതൃകയായ് യുവാക്കള്‍"
english_title: "The caravan of mercy also reached Perampra; Youth as role models for the younger generation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62102/the-caravan-of-mercy-also-reached-perampra-youth-as-role-models-for-the-younger-generation"
published_at: "2022-08-16T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fbb4ff41918_OBIT_CARD_JPG.JPG"
keywords: []
---

# കാരുണ്യത്തിന്റെ കാരവന്‍ പേരാമ്പ്രയിലും എത്തി; യുവതലമുറക്ക് മാതൃകയായ് യുവാക്കള്‍

> **Lead Summary:** **പേരാമ്പ്ര :** ലോകാത്ത് പല വാഹനങ്ങളും പല മോഡലുകളിലും ഇറങ്ങിയിട്ടുണ്ട്. അവയില്‍ പ്രധാനമാണ് കാരവനുകള്‍. സമ്പന്നരും സെലിബ്രറ്റികളും യാത്രക്കും ബിസിനസ്സ് മീറ്റിംഗ് നടത്താന്‍ വരെ കാരവനുകള്‍ ഇപയോഗിക്കുന്നു. വിനോദ സഞ്ചാര മേഖലയില്‍ ആഡംബര യാത്രക്ക് കാരവനുകള്‍ ഇന്ന് ഉപയോഗിച്ചു വരുന്നു.

## Article Content

**പേരാമ്പ്ര :** ലോകാത്ത് പല വാഹനങ്ങളും പല മോഡലുകളിലും ഇറങ്ങിയിട്ടുണ്ട്. അവയില്‍ പ്രധാനമാണ് കാരവനുകള്‍. സമ്പന്നരും സെലിബ്രറ്റികളും യാത്രക്കും ബിസിനസ്സ് മീറ്റിംഗ് നടത്താന്‍ വരെ കാരവനുകള്‍ ഇപയോഗിക്കുന്നു. വിനോദ സഞ്ചാര മേഖലയില്‍ ആഡംബര യാത്രക്ക് കാരവനുകള്‍ ഇന്ന് ഉപയോഗിച്ചു വരുന്നു.

ലോകത്ത് ലഭ്യമായ പല വാഹനങ്ങളും കാരവനുകളായി രൂപമാറ്റം വരുത്തി ഉപയോഗിക്കുന്നു. എന്നാല്‍ ലോകത്ത് ആദ്യമായി സൈക്കിള്‍ കാരവന്‍ അവതരിപ്പിച്ചിരിക്കുകയാണ് വയനാട് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് അമ്പലവയല്‍ സ്വദേശികളായ രണ്ട് യുവാക്കള്‍.

വിനോദ സഞ്ചാരത്തിനോ ബിസിനസ്സ് മിറ്റിംഗിനോ അല്ല ഇവര്‍ ഈ കാരവന്‍ രൂപകല്പന ചെയ്തത്. ജീവകാരണ്യത്തിന്റെ പൊന്‍ കിരണങ്ങളായ അമ്പലവയലിലെ മൊബൈല്‍ ഷോപ്പ് ഉടമ ടി.പി. റനീഷ്, സ്‌ക്കൂള്‍ അധ്യാപകനായ കെ.ജി. നിജില്‍ എന്നിവര്‍ അഞ്ച് വീടില്ലാത്ത നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനായി രാജ്യം മുഴുവന്‍ സഞ്ചരിച്ച് തുക സമാഹരിക്കുന്നതിനായാണ് ഈ കൗതുക വാഹനം നിരത്തിലിറക്കിയിരിക്കുന്നത്.

രാജ്യത്തിന്റെ ഓരോ പ്രദേശത്തും എത്തി ആളുകളില്‍ നിന്ന് ഒരു രൂപയെങ്കിലും വാങ്ങി തങ്ങളുടെ ദൗത്യം പൂര്‍ത്തീകരിക്കുകയാണ് ഇവരുടെ ലക്ഷ്യം. 8 മാസം മുമ്പ് വയനാട്ടിലെ അമ്പല വയലില്‍ നിന്ന് പര്യടനം ആരംഭിച്ച് ഇവര്‍ വയനാടിന്റെ വടക്കന്‍ ഭാഗത്തും കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കി കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചിരിക്കുകയാണ്്.

2021 ഡിസംബര്‍ 10 ന് ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.കെ. രമേശ് ഫ്ളാഗ് ഓഫ് ചെയ്ത കാരുണ്യ യാത്രയാണ് പേരാമ്പ്ര പട്ടണത്തില്‍ പര്യടനം പൂര്‍ത്തിയാക്കിയത്. രണ്ട് സൈക്കിളുകള്‍ കൂട്ടിച്ചേര്‍ത്ത് വെയിലും മഴയും ഏല്‍ക്കാത്ത രീതിയില്‍ വാഹനം രൂപ കല്പന ചെയ്താണ് ഇവരുടെ യാത്ര. രണ്ടും പേരും ചേര്‍ന്ന് സൈക്കിള്‍ ചവിട്ടിയാണ് സഞ്ചാരം.

ഓരോ ജില്ലകളിലെയും പട്ടണങ്ങളും ഉള്‍നാടുകളും ഇവര്‍ സഞ്ചരിച്ച് തങ്ങളുടെ യാത്രയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ ജനങ്ങളെ ബോധിപ്പിച്ച് അവരില്‍ നിന്നും നാണയ തുട്ടുകള്‍ സ്വീകരിച്ചാണ് ഇവര്‍ തുക സമാഹരിക്കുന്നത്. കേരളത്തിലെ പതിനാല് ജില്ലകളിലും പര്യടനം നടത്തി തമിഴ്നാട് ആന്ധ്രവഴി കാശ്മീര്‍ വരെയും തരിച്ച് കര്‍ണ്ണാടക വഴി വയനാട്ടിലെത്തി വയനാട്ടിലെ മറ്റ് സ്ഥലങ്ങളിലും സഞ്ചരിച്ച് ഇന്ത്യ മുഴുവന്‍ പര്യടനം നടത്തുകയാണ് ലക്ഷ്യം.

മൂന്ന് ജില്ലകളിലെ പര്യടനത്തിനിടെ അമ്പലവയലില്‍ 20 സെന്റ് സ്ഥലം വാങ്ങാനും മണ്ണ് മാന്തിയന്ത്രമുപയോഗിച്ച് ഭൂമി നിരപ്പാക്കാനും ഇവര്‍ക്ക് കഴിഞ്ഞു. കാരവന്‍ ഉപയോഗിച്ച് ഓള്‍ ഇന്ത്യ റൈഡ് നടത്തുന്നതിനും, ഈ ഉദ്ദേശത്തോടെ ജനങ്ങളില്‍ നിന്ന് പണം സ്വരുപിക്കുന്നതിനും അനുമതി നല്‍കുന്ന സാഷ്യപത്രം വയനാട് ജില്ല കലക്ടര്‍ എ. ഗീത ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

കേരളത്തിലെ പകുതി ജില്ലകള്‍ പിന്നടുമ്പോഴേക്കും തങ്ങളുടെ ലക്ഷ്യമായ അഞ്ച് വീടുകളുടെ നിര്‍മ്മാണത്തിനാവശ്യമായ തുക ലഭിക്കുമെന്ന് ഇവര്‍ കരുതുന്നു. കേരള പര്യടനം പൂര്‍ത്തിയാവുന്നതോടെ രണ്ടോളം വീടുകള്‍ അധികമായി നിര്‍മ്മിച്ചു നല്‍കാന്‍ സാധിക്കുമെന്നാണ് ഇവരുടെ വിശ്വാസം. വീടില്ലാത്തവരെ കണ്ടെത്തുന്നതും ഈ യാത്രയിലാണ്.

ഇങ്ങനെ കേരളം മുഴുവന്‍ സഞ്ചരിക്കുന്നതിനിടയില്‍ ലഭിക്കുന്ന ആളുകളുടെ ലിസ്റ്റില്‍ നിന്നും ഏറ്റവും അര്‍ഹരായ അഞ്ച് പേര്‍ക്കാണ് വീട് നല്‍കുക. കൂടുതല്‍ നിര്‍മ്മിക്കാനാവുന്ന വീടുകള്‍ മുന്‍ഗണനാ ക്രമം അനുസരിച്ച് നല്‍കപ്പെടുമെന്ന് ഇവര്‍ അറിയിച്ചു. റനീഷും നിജിലും നാടു നീളെ വലിയൊരു ദൗത്യവുമായി സഞ്ചരിക്കുമ്പോള്‍ ഇവരുടെ സുഹൃത്തുക്കളായ അമ്പലവയല്‍ സ്വദേശികളായ സെയ്ഫുദ്ദീന്‍, ദുര്‍ഗദാസ്, രാഹുല്‍ എന്നിവരാണ് വീടുകള്‍ നിര്‍മ്മാണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

രണ്ട് വര്‍ഷക്കാലം ഈ യാത്രക്ക് വേണ്ടി വരുമെന്നാണ് കരുതുന്നത്. മഴയുടെ കാഠിന്യം കുറഞ്ഞതോടെ യാത്രയും ധനസമാഹരണവും തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു. പേരാമ്പ്ര ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളില്‍ നിന്നും നല്ല സ്വീകരണമാണ് ലഭിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. മയക്കുമരുന്നിന്റെയും ലഹരിയുടെയും പിന്നാലെ യുവതലമുറ പോവുന്ന ഇക്കാലത്ത് ഈ യുവാക്കള്‍ നാടിനും സമൂഹത്തിനും മാതൃകയാവുകയാണ്. ഇവരുടെ നന്മ മനസ്സിന് കുടുതല്‍ വിജയങ്ങള്‍ കൈവരിക്കാനാവട്ടെ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62102/the-caravan-of-mercy-also-reached-perampra-youth-as-role-models-for-the-younger-generation)