---
title: "ഇന്ന് ചിങ്ങം ഒന്ന്: അരിക്കുളത്തെ മികച്ച വനിതാ കര്‍ഷകക്ക് ഇന്ന് ആദരവ് "
english_title: "Today chigham 1: Tribute to the best women farmers of Arikulam today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62151/today-chigham-1-tribute-to-the-best-women-farmers-of-arikulam-today"
published_at: "2022-08-17T07:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fc4a5b8d2bb_OBIT_CARD_JPG.JPG"
keywords: []
---

# ഇന്ന് ചിങ്ങം ഒന്ന്: അരിക്കുളത്തെ മികച്ച വനിതാ കര്‍ഷകക്ക് ഇന്ന് ആദരവ് 

> **Lead Summary:** **പേരാമ്പ്ര: **പ്രത്യാശയുടെ പുലരിയുമായി ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞ കര്‍ക്കടകം മാറി ചിങ്ങം പിറക്കുന്നതോടെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിക്കും വന്നുചേരുന്നത്. പ്രതീക്ഷയുടെ വാതിലുകള്‍ തുറന്ന് പുതുവര്‍ഷം വന്നെത്തുകയാണ്.

## Article Content

**പേരാമ്പ്ര: **പ്രത്യാശയുടെ പുലരിയുമായി ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞ കര്‍ക്കടകം മാറി ചിങ്ങം പിറക്കുന്നതോടെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിക്കും വന്നുചേരുന്നത്. പ്രതീക്ഷയുടെ വാതിലുകള്‍ തുറന്ന് പുതുവര്‍ഷം വന്നെത്തുകയാണ്.

ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും മാസം. പൊന്നോണ മാസത്തിന്റെ തുടക്കമാണ് ഇന്ന്. ഓരോ വീടുകളിലും കര്‍ക്കടക മാസാവസാന ദിനം തന്നെ ചിങ്ങമാസത്തെ വരവേല്‍ക്കാനുള്ള ഒരുക്കള്‍ തുടങ്ങും. ചിങ്ങത്തലേന്ന് നിലം കഴുകി വൃത്തിയാക്കുന്ന പതിവ് എല്ലാ വീടുകളിലും ഇപ്പോളും നിലനില്‍ക്കുന്നുണ്ട്.

ഈ ദിവസം പ്രധാന ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും പതിവാണ്. കര്‍ഷക ദിനത്തില്‍ മികച്ച വനിതാ കര്‍ഷകയെ ആദരിക്കുകയാണ് അരിക്കുളം പഞ്ചായത്ത്. അരിക്കുളം ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ ഈ വര്‍ഷത്തെ മികച്ച വനിത കര്‍ഷകയായി തിരഞ്ഞെടുത്തത് സൗദകുറ്റിക്കണ്ടിയെ ആണ്.

കയണ്ണ കവിലിശേരി കര്‍ഷക കുടുംബത്തില്‍ ആണ് ജനിച്ചത്. ചെറുപ്പകാലം തൊട്ടെ കര്‍ഷിക മേഖല ഇഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. നാല് പെണ്‍മക്കള്‍ മാത്രം ഉള്ള കുടുംബത്തില്‍ ജനിച്ച സൗദ പിതാവിന് അസുഖം വന്നപ്പോള്‍ കാര്‍ഷിക വൃത്തി സ്വയം ഏറ്റെടുക്കുകയായിരുന്നു.

ഏക്കാട്ടൂരിലെ കുറ്റിക്കണ്ടിയില്‍ വിവാഹം കഴിച്ചത്. ഇവിടെ തറവാട് വീടിന് തെട്ടടുത്തായി തീര്‍ത്തും തരിശായി കിടന്ന ഒന്നേകാല്‍ ഏക്കര്‍ പറമ്പ് 20 വര്‍ഷം കൊണ്ട് തെങ്ങ് കവുങ്ങ് - പ്ലാവ്- മാവ് -കുരുമുളക് വള്ളി എന്നിവ വെച്ച് പിടിപ്പിച്ച് കൃഷിയോഗ്യമാക്കി.

ഇടവിളകൃഷികളായ വാഴ, ചേന, മരച്ചീനി, ചേമ്പ്, പച്ചക്കറികള്‍, മഞ്ഞള്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഒപ്പം പശു വളര്‍ത്തലും. എല്ലാത്തിനും പിന്തുണയുമായി പ്രവാസിയായ ഭര്‍ത്താവും കൂടെ തന്നെയുണ്ട്.

കാരയാട് ഏക്കാട്ടൂര്‍ കുറ്റിക്കണ്ടി യൂസഫിന്റെ ഭാര്യയാണ്. സഫ്‌ല, മുഹമ്മദ് സിനാന്‍, സന്ന ഹാര്‍മിയ എന്നിവര്‍ മക്കളാണ്. ഒഴിവ് ദിവസങ്ങളില്‍ മക്കളും കൃഷിക്ക് സഹായിക്കാറുണ്ടെന്ന് സൗദ പറഞ്ഞു. കായണ്ണ തെരുവത്ത് അസൈനാറുടെയും പാത്തുമ്മയുടെയും മകളാണ്.

അരിക്കുളം ഗ്രാമപഞ്ചായത്ത് 4 വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പൂര്‍ണ്ണ പിന്തുണയും തന്റെ കൃഷിക്കുണ്ടെന്ന് ഇവര്‍ പറഞ്ഞു. പുതുതലമുറയും കാര്‍ഷിക മേഖലയിലേക്ക് കടന്ന് വരണം എന്ന് മികച്ച കര്‍ഷക ആവശ്യപ്പെടുന്നു. ഇന്ന് അരിക്കുളം പഞ്ചായത്ത് ഹാളില്‍ കൃഷിഭവന്റെ നേതൃത്തതില്‍ മികച്ച കര്‍ഷകയെ ഇന്ന് ആദരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62151/today-chigham-1-tribute-to-the-best-women-farmers-of-arikulam-today)