---
title: "പേരാമ്പ്രയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടന്നതായി പരാതി "
english_title: "Complaint that there was an attempt to kidnap school students in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62372/complaint-that-there-was-an-attempt-to-kidnap-school-students-in-perampra"
published_at: "2022-08-17T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fd1ad25cdfd_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്രയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടന്നതായി പരാതി 

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്രയിലും സമീപ പ്രദേശങ്ങളിലും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടന്നതായി പരാതി. ഇത്തരത്തില്‍ രണ്ട് പരാതികളാണ് പൊലീസിനു ലഭിച്ചത്. ഇന്ന് സ്‌കൂള്‍ വിട്ട് വൈകീട്ട് വീട്ടിലേക്ക് പോയ വിദ്യാര്‍ഥിയെ വാനിലെത്തിയവര്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയതായി കായണ്ണ ചണ്ണങ്ങാടുമ്മല്‍ സാജിദാണ് പേരാമ്പ്ര പോലീസില്‍ പരാതി നല്‍കിയത്.

## Article Content

** പേരാമ്പ്ര:** പേരാമ്പ്രയിലും സമീപ പ്രദേശങ്ങളിലും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടന്നതായി പരാതി. ഇത്തരത്തില്‍ രണ്ട് പരാതികളാണ് പൊലീസിനു ലഭിച്ചത്. ഇന്ന് സ്‌കൂള്‍ വിട്ട് വൈകീട്ട് വീട്ടിലേക്ക് പോയ വിദ്യാര്‍ഥിയെ വാനിലെത്തിയവര്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയതായി കായണ്ണ ചണ്ണങ്ങാടുമ്മല്‍ സാജിദാണ് പേരാമ്പ്ര പോലീസില്‍ പരാതി നല്‍കിയത്.

പേരാമ്പ്ര എ.യു.പി. സ്‌കൂളില്‍ മൂന്നാം തരത്തില്‍ പഠിക്കുന്ന മകന്‍ കായണ്ണ ബസാറിന് അടുത്തുള്ള ചണ്ണങ്ങാടുമ്മല്‍ റോഡില്‍ സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങി നടന്നു പോകുമ്പോള്‍ വാന്‍ അടുത്ത് നിര്‍ത്തി വീട്ടിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കയറാന്‍ ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്.

കുട്ടി വേഗത്തില്‍ വീട്ടിലേക്ക് ഓടിപോവുകയായിരുന്നു. വാന്‍ ഇതോടെ തിരിച്ച് പോവുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉണ്ണിക്കുന്നുംചാല്‍ മരുതേരി റോഡിലും ഒരു പെണ്‍കുട്ടി വീട്ടില്‍ നിന്ന് ബന്ധുവീട്ടിലേക്ക് നടന്നു പോകുമ്പോള്‍ വാതിലുകള്‍ തുറന്ന വാന്‍ അടുത്ത് നിര്‍ത്തിയതായി പരാതിയുണ്ടായിരുന്നു.

മുച്ചിട്ടാപറമ്പത്ത് പ്രകാശന്റെ നാലാം തരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി തുടര്‍ന്ന് ഓടി ബന്ധുവീട്ടിലേക്ക് എത്തുകയായിരുന്നു. വാന്‍ പെട്ടെന്ന് തിരിച്ച് പോവുകയും ചെയ്തു. പരാതിയെ പറ്റി വിശദമായി അന്വേഷണം തുടങ്ങിയതായി പേരാമ്പ്ര എസ്.ഐ. ഹബീബുള്ള പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62372/complaint-that-there-was-an-attempt-to-kidnap-school-students-in-perampra)