---
title: "കൂരാച്ചുണ്ടില്‍ മുസ്ലീം ലീഗ് പ്രാദേശിക നേതാവിന്റെ വീടിന് നേരെ ബോംബേറ് "
english_title: "Muslim League bombed local leader's house in Coorachund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64104/muslim-league-bombed-local-leaders-house-in-coorachund"
published_at: "2022-08-25T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63077b6e1130e_OBIT_CARD_JPG.JPG"
keywords: []
---

# കൂരാച്ചുണ്ടില്‍ മുസ്ലീം ലീഗ് പ്രാദേശിക നേതാവിന്റെ വീടിന് നേരെ ബോംബേറ് 

> **Lead Summary:** **കൂരാച്ചുണ്ട്: **മുസ്ലീം ലീഗ് പ്രാദേശിക നേതാവിന്റെ വീടിന് നേരെ ബോംബേറ്. കൂരാച്ചുണ്ട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം താമസിക്കുന്ന മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ മുഹമ്മദ് പുള്ളുപറമ്പിലിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ ബോംബേറ് ഉണ്ടായത്.

## Article Content

**കൂരാച്ചുണ്ട്: **മുസ്ലീം ലീഗ് പ്രാദേശിക നേതാവിന്റെ വീടിന് നേരെ ബോംബേറ്. കൂരാച്ചുണ്ട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം താമസിക്കുന്ന മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ മുഹമ്മദ് പുള്ളുപറമ്പിലിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ ബോംബേറ് ഉണ്ടായത്.

ഈ സമയം ഉറക്കത്തിലായിരുന്ന വീട്ടുകാര്‍ രണ്ടു തവണ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. കതക് തുറന്ന് പുറത്തിറങ്ങിയ വീട്ടുടമയായ മുഹമ്മദ് പരിസരം പുക പടര്‍ന്ന നിലയിലാണ് കണ്ടത്. പിന്നീട് വീടിന്റെ കാര്‍ പോര്‍ച്ചിലും മുറ്റത്തും സ്‌ഫോടനമുണ്ടായതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.

കൂടാതെ പടക്കത്താല്‍ നിര്‍മിച്ചിട്ടുള്ള രണ്ട് നാടന്‍ ബോംബുകളും വീട്ടുമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും കൂരാച്ചുണ്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

തുടര്‍ന്ന് ഇന്ന് നാദാപുരത്തു നിന്നുള്ള ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64104/muslim-league-bombed-local-leaders-house-in-coorachund)