---
title: "സിസ്സര്‍ ലിനിയുടെ മക്കള്‍ക്ക് താങ്ങാവാനും തണലാകാനും ടീച്ചറമ്മ വരുന്നു; സജീഷ് വിവാഹിതനാവുന്നു "
english_title: "The teacher comes to support and shade Sister Lin's children; Sajeesh gets married"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64148/the-teacher-comes-to-support-and-shade-sister-lins-children-sajeesh-gets-married"
published_at: "2022-08-25T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6307ab1aba55c_OBIT_CARD_JPG.JPG"
keywords: []
---

# സിസ്സര്‍ ലിനിയുടെ മക്കള്‍ക്ക് താങ്ങാവാനും തണലാകാനും ടീച്ചറമ്മ വരുന്നു; സജീഷ് വിവാഹിതനാവുന്നു 

> **Lead Summary:** **പേരാമ്പ്ര:** സിസ്റ്റര്‍ ലിനിയെന്ന പേര് നൊമ്പരത്തോടെയേ നമുക്ക് ഓര്‍ക്കാന്‍ സാധിക്കൂ. നിപായ്‌ക്കെതിരെ പോരാടി മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന സിസ്റ്റര്‍ ലിനി ഇന്നും കേരള സമൂഹത്തിന്റെ നൊമ്പരമാണ്. പറക്കമുറ്റാത്ത റിതുലിനേയും സിദ്ധാര്‍ത്ഥിനേയും ഭര്‍ത്താവ് സജീഷിന്റെ കയ്യില്‍ തനിച്ചാക്കിയാണ് ലിനി യാത്രയായത്.

## Article Content

**പേരാമ്പ്ര:** സിസ്റ്റര്‍ ലിനിയെന്ന പേര് നൊമ്പരത്തോടെയേ നമുക്ക് ഓര്‍ക്കാന്‍ സാധിക്കൂ. നിപായ്‌ക്കെതിരെ പോരാടി മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന സിസ്റ്റര്‍ ലിനി ഇന്നും കേരള സമൂഹത്തിന്റെ നൊമ്പരമാണ്. പറക്കമുറ്റാത്ത റിതുലിനേയും സിദ്ധാര്‍ത്ഥിനേയും ഭര്‍ത്താവ് സജീഷിന്റെ കയ്യില്‍ തനിച്ചാക്കിയാണ് ലിനി യാത്രയായത്.

കുഞ്ഞുപ്രായത്തിലെ അമ്മയുടെ സ്‌നേഹം നഷ്ടപ്പെട്ട രണ്ടു പിഞ്ചുപൈതങ്ങള്‍. എന്നാല്‍ ഇനി അവര്‍ അമ്മയില്ലാത്ത കുഞ്ഞുങ്ങളല്ല. അവര്‍ക്ക് താങ്ങും തണലുമാകാന്‍ ഒരമ്മ വരുന്നു. സജീഷ് പുത്തൂര്‍ ആണ് തന്റെ വിവാഹക്കാര്യം ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പങ്കു വച്ചത്.

താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തുവെക്കുകയാണെന്നും എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും ആശംസകളും ഉണ്ടാവണമെന്നും സജീഷ് ഫേസ്ബുക്കിലൂടെ കുറിച്ചു. കൊയിലാണ്ടി പന്തലായനി സ്വദേശി പ്രതിഭയെയാണ് സജീഷ് വിവാഹം കഴിക്കുന്നത്. അധ്യാപികയായ പ്രതിഭ വിവാഹ മോചിതയാണ്. അതില്‍ ഒരു മകളുമുണ്ട്. ഈ മാസം 29 ന് വടകര ലോകനാര്‍കാവ് ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം.

**സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:**

**പ്രിയ സുഹൃത്തുക്കളെ, ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും.ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാര്‍ കാവ് ക്ഷേത്രത്തില്‍ വെച്ച് ഞങ്ങള്‍ വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങള്‍ നല്‍കിയ എല്ലാ കരുതലും സ്‌നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം. സ്‌നേഹത്തോടെ സജീഷ്, റിതുല്‍, സിദ്ധാര്‍ത്ഥ്, പ്രതിഭ, ദേവ പ്രിയ**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64148/the-teacher-comes-to-support-and-shade-sister-lins-children-sajeesh-gets-married)