---
title: "പൊലീസിനെ തോക്ക് ചൂണ്ടി രക്ഷപ്പെട്ട പ്രതി പേരാമ്പ്രയില്‍ അറസ്റ്റില്‍ "
english_title: "Accused who escaped by pointing a gun at the police was arrested in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65487/accused-who-escaped-by-pointing-a-gun-at-the-police-was-arrested-in-perampra"
published_at: "2022-08-31T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f9da8373bb_ARREST1.JPG"
keywords: []
---

# പൊലീസിനെ തോക്ക് ചൂണ്ടി രക്ഷപ്പെട്ട പ്രതി പേരാമ്പ്രയില്‍ അറസ്റ്റില്‍ 

> **Lead Summary:** **പേരാമ്പ്ര : **കഞ്ചാവ് കേസിലെ പ്രതി കാസര്‍ഗോഡ് ബേക്കല്‍ സ്വദേശി തെക്കുംപുറം മുഹമ്മദിന്റെ മകന്‍ ജാഫറിനെ പേരാമ്പ്രയില്‍ പൊലീസ് പിടികൂടി. ജാഫര്‍ ആലപ്പുഴ കുറത്തിക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത നാര്‍ക്കോട്ടിക്കേസിലെ ഒന്നാം പ്രതിയാണ്.

## Article Content

**പേരാമ്പ്ര : **കഞ്ചാവ് കേസിലെ പ്രതി കാസര്‍ഗോഡ് ബേക്കല്‍ സ്വദേശി തെക്കുംപുറം മുഹമ്മദിന്റെ മകന്‍ ജാഫറിനെ പേരാമ്പ്രയില്‍ പൊലീസ് പിടികൂടി. ജാഫര്‍ ആലപ്പുഴ കുറത്തിക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത നാര്‍ക്കോട്ടിക്കേസിലെ ഒന്നാം പ്രതിയാണ്.

ഇയാള്‍ കുറേക്കാലമായി പൊലീസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്നു. ആലപ്പുഴ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഈ ഭാഗങ്ങളില്‍ ഉള്ളതായി സൂചന ലഭിച്ചത്.

തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെ കൂത്താളിയില്‍ വെച്ച് കാറില്‍ സഞ്ചരിക്കുകയായിരുന്ന ജാഫറിനെ സാഹസികമായി പിടികൂടുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച KL 76 9488 നമ്പര്‍ കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ജാഫറിനായി കേരളത്തിനകത്തും പുറത്തും പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടയില്‍ ബംഗലുരുവില്‍ ഉള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവിടെ എത്തിയെ എസ് ഐ അടക്കമുള്ള പൊലീസിന് നേരെ തോക്ക് ചൂണ്ടി രക്ഷപ്പെടുകയായിരുന്നു.

ഈ സംഭവത്തില്‍ ബംഗലുരു പൊലീസ് കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. പ്രതിയെ പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇവിടെ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോവുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65487/accused-who-escaped-by-pointing-a-gun-at-the-police-was-arrested-in-perampra)