---
title: "തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കണം; പേരാമ്പ്ര എസ്റ്റേറ്റ് ലേബര്‍ സെന്റര്‍ എച്ച്.എം.എസ്"
english_title: "Wages of plantation workers should be increased; Perampra Estate Labor Center H.M.S"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69377/wages-of-plantation-workers-should-be-increased-perampra-estate-labor-center-hms"
published_at: "2022-09-19T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6328814cce489_OBIT_CARD_JPG.JPG"
keywords: []
---

# തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കണം; പേരാമ്പ്ര എസ്റ്റേറ്റ് ലേബര്‍ സെന്റര്‍ എച്ച്.എം.എസ്

> **Lead Summary:** **

## Article Content

**

പേരാമ്പ്ര: **പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ 3000 ത്തോളം വരുന്ന ജീവനക്കാര്‍ക്ക് ദിവസക്കൂലിയിനത്തില്‍ 500 രൂപയില്‍ താഴെയുള്ള തുകയാണ് ലഭിക്കുന്നത്. കഴിഞ്ഞ എഴു വര്‍ഷത്തിനിടയില്‍ നാമമാത്ര വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.

ഇക്കാലയളവില്‍ ഭരണം തൊഴിലാളികളോട് പ്രത്യേക പ്രതിബദ്ധതയുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേതാണെന്നതാണ് ഏറ്റവും നിര്‍ഭാഗ്യകരമായ കാര്യം. എല്‍.ഡി.എഫ് കാലാകാലമായി പറയുന്ന മിനിമം കൂലിയായ എഴുന്നൂറു രൂപയെങ്കിലും ലഭിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

അതുപോലെ കാട്ടാന ഭീഷണി, അട്ടപ്പുഴു ശല്യം എന്നിവ സഹിച്ച് ജോലിക്കെത്തുന്ന തൊഴിലാളിക്ക് റിസ്‌ക്ക് അലവന്‍സ് അനുവദിക്കണം. സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മൂത്രപ്പുര സൗകര്യം, കൊച്ചു കുട്ടികളുടെ പരിപാലനത്തിന് ക്രഷ് സൗകര്യം, ആശുപത്രി സൗകര്യം എന്നിവ ലഭിക്കുന്നില്ല.

ഈ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിച്ച് തൊഴിലാളികളുടെ കൂലി വര്‍ദ്ധനവ് ഉടന്‍ നടപ്പാക്കണമെന്നും തടഞ്ഞുവെച്ച് ആനു കൂല്യങ്ങള്‍ ഉടന്‍ ലഭ്യമാക്കണമെന്നും പേരാമ്പ്ര എസ്റ്റേറ്റ് ലേബര്‍ സെന്റര്‍ എച്ച്.എം.എസ് പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങള്‍ എത്രയും വേഗം അനുവദിക്കാത്ത പക്ഷം കടുത്ത സമരപരിപാടികളുമായി മുന്നോട്ടു പോകാന്‍ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് കെ.ജി.രാമനാരായണന്‍ അധ്യക്ഷനായി. വിജു ചെറുവത്തൂര്‍, കെ.പി.ശ്രീജിത്ത്, സി.കെ.സുരേഷ്, പി.കെ.പ്രേമലത, സിന്ധു മൈക്കിള്‍, സി.എന്‍ ബാബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69377/wages-of-plantation-workers-should-be-increased-perampra-estate-labor-center-hms)