---
title: "നടുവണ്ണൂരിന്റെ ജീവചൈതന്യം പൊലിഞ്ഞിട്ട് 8 വര്‍ഷം; ഒ.എം.ജി. നായര്‍ അനുസ്മരണ ദിനം "
english_title: "8 years since Naduvannur lost its vitality; OMG Nair Remembrance Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70411/8-years-since-naduvannur-lost-its-vitality-omg-nair-remembrance-day"
published_at: "2022-09-24T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632e9bd987b34_1nair.jpg"
keywords: []
---

# നടുവണ്ണൂരിന്റെ ജീവചൈതന്യം പൊലിഞ്ഞിട്ട് 8 വര്‍ഷം; ഒ.എം.ജി. നായര്‍ അനുസ്മരണ ദിനം 

> **Lead Summary:** **കോഴിക്കോട്: **പൊതുസമൂഹത്തിന് ആത്മധൈര്യം പകര്‍ന്ന് നല്‍കിയ നേതാവായ ഒ.എം.ജി. നായരുടെ അനുസ്മരണ ദിനം ആചരിച്ചു. നീണ്ടവര്‍ഷങ്ങള്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന ഒഎം ജി നായര്‍ വിടപറഞ്ഞിട്ട് ഏട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്.

## Article Content

**കോഴിക്കോട്: **പൊതുസമൂഹത്തിന് ആത്മധൈര്യം പകര്‍ന്ന് നല്‍കിയ നേതാവായ ഒ.എം.ജി. നായരുടെ അനുസ്മരണ ദിനം ആചരിച്ചു. നീണ്ടവര്‍ഷങ്ങള്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന ഒഎം ജി നായര്‍ വിടപറഞ്ഞിട്ട് ഏട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്.

ജനമനസ്സില്‍ നായരുടെ ഓര്‍മ്മകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 1928 ല്‍ നടുവണ്ണൂരിലെ പുരാതന തറവാട്ടില്‍ ചെട്ടിയൂര്‍ കുഞ്ഞിരാമന്‍ നായരുടെയും മങ്ങാടന്‍ കണ്ടി പടത്തലങ്ങല്‍ കുഞ്ഞമ്മ അമ്മയുടെയും മകനായി ഗോവിന്ദന്‍ കുട്ടിനായര്‍ ജനിച്ചു. കുടുംബ തറവാടു വീടുകളായ മങ്ങാടന്‍കണ്ടി, ഓലക്കല്‍ എന്നിവിടങ്ങളില്‍ താമസിച്ചു കൊണ്ട് പ്രാഥമിക വിദ്യാഭ്യാസം നേടുമ്പോഴേക്കും കുടുംബ പാരമ്പര്യ മനുസരച്ചുള്ള കാര്‍ഷിക പ്രവൃത്തിയില്‍ ആകൃഷ്ടനായി കഴിഞ്ഞിരുന്നു.

ഏക്കര്‍ കണക്കിന് ഭൂമിയിലെ നെല്ല്, തെങ്ങ് തുടങ്ങിയ കാര്‍ഷിക വിളകളുടെ നോക്കിനടത്തിപ്പ് ഏറ്റെടുത്ത് തികഞ്ഞ ഒരു കര്‍ഷകനായിമാറി. ഈ കാലത്താണ് തന്റെ പിതാവ് ഉള്‍പ്പെടെയുള്ള ഒരുപറ്റം സാമുഹ്യ പരിഷ്‌ക്കര്‍ത്താക്കള്‍ പ്രദേശത്ത് ഒരു ഹൈസ്‌ക്കൂള്‍ എന്ന ആശയത്തിന് രൂപം കൊടുക്കുന്നത് (ഇപ്പോഴത്തെ വാകയാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ സ്ഥാപിക്കുന്നതിന് ശ്രമം ആരംഭിച്ചത്) ഈകാര്യങ്ങളില്‍ പിതാവിനെ സഹായിച്ചതും പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കെ.പി.സി.സി. പ്രസിഡണ്ടുമായിരുന്ന സി.കെ. ഗോവിന്ദന്‍നായരുമായി തന്റെ കുടുംബത്തിനുണ്ടായിരുന്ന അടുപ്പവും ഒ എം ജി നായരുടെ ജീവിതത്തില്‍ ഒരുവഴിതിരിവായിമാറി.

അതോടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. വൈകാതെ കുടുംബത്തോടൊപ്പം താമസം നടുവണ്ണൂരിലെ ആക്കാംപൊയില്‍ (ശാന്തിനിവാസ്) ലേക്ക് മാറി. സാമാന്യം ഭേതപ്പെട്ട സാമ്പത്തീക ചുറ്റുപാടിലാണ് വളര്‍ന്നതെങ്കിലും ആളുകള്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള വേര്‍തിരിവും വലിപ്പചെറുപ്പവും അദ്ദേഹത്തിനുണ്ടായിരുന്നില്ല.

1963ല്‍ നടുവണ്ണൂര്‍ പഞ്ചായത്തിന്റെ പ്രഥമ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച അദ്ദേഹം ആദ്യ പ്രസിഡണ്ടായിരുന്ന ജനാബ് മഠത്തില്‍ കുഞ്ഞിപ്പക്കി സാഹിബിന്റെ ആകസ്മിക വിയോഗത്തെ തുടന്ന് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നടുവണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ്, ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഹോമിയോ ഡിസ്പന്‍സറി, ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം, മിനി ഇന്‍ട്രസ്റ്റീസ് കെട്ടിട സമുച്ചയം ഇത്തരത്തില്‍ ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങളില്‍ ഒ.എം.ജി. നായരുടെ പങ്ക് വലുതാണ്.

പൊതു ജനങ്ങളെ സഹായിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. തികഞ്ഞ ഒരുഹിന്ദു മതവിശ്വാസിയായിരുന്ന ഒ.എം.ജി. യുടെ ആത്മ മിത്രങ്ങളില്‍ പ്രധാനിയായിരുന്നു നടുവണ്ണൂര്‍ മുളളമ്പത്ത് ജുമാമസ്ജിത് ഉസ്താത് ഹാജി, പി. കുഞ്ഞ്യേത് മുസ്ല്യാര്‍ എന്നിവര്‍.

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് നടുവണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട്, അഭിവക്ത പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ്, കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ്, ഡി.സി.സി അംഗം, വാകയാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍കമ്മിറ്റി പ്രസിഡന്റ്, നടുവണ്ണൂര്‍ ശ്രീകണ്ണമ്പാല തെരുഗണപതി- ഭഗവതി ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്, നടുവണ്ണര്‍ നരസിംഹ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്, മറ്റു ക്ഷേത്ര കമ്മിറ്റികളുടെ രക്ഷാധികാരിയുമായിരുന്നു അദ്ദേഹം.

ദേശീയ - സംസ്ഥാന രാഷ്ട്രീയത്തിലെ സി.കെ. ഗോവിന്ദന്‍ നായര്‍, കെ. കരുണാകരന്‍, സി.എച്ച്. മുഹമ്മദ് കോയ, ഡോ: കെ.ജി. അടിയോടി, എം. കമലം, എന്‍.പി. മെയ്തീന്‍, അഡ്വ: എ. സുജനപാല്‍, അഡ്വ: പി. ശങ്കരന്‍, എ.കെ. ആന്റണി, വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ്, കെ.പി. ഉണ്ണികൃഷ്ണന്‍, കെ. മുരളീധരന്‍. എം.പി, എം.കെ. രാഘവന്‍ എം.പി തുടങ്ങിയവരുമായി അടുത്തബന്ധമായിരുന്നു ഒ.എം.ജി. നായര്‍ക്ക്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70411/8-years-since-naduvannur-lost-its-vitality-omg-nair-remembrance-day)