---
title: "മിണ്ടാപ്രാണിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമം നടത്തി പേരാമ്പ്ര ഗവ. വെറ്ററിനറി പോളി ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ "
english_title: "Perampra Govt made an effort to bring the mute animal back to life. Doctors at Veterinary Poly Clinic"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70972/perampra-govt-made-an-effort-to-bring-the-mute-animal-back-to-life-doctors-at-veterinary-poly-clinic"
published_at: "2022-09-26T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6331e8ec3b993_OBIT_CARD_JPG.JPG"
keywords: []
---

# മിണ്ടാപ്രാണിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമം നടത്തി പേരാമ്പ്ര ഗവ. വെറ്ററിനറി പോളി ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ 

> **Lead Summary:** **പേരാമ്പ്ര: **ആഴ്ചകളോളം ഭക്ഷണം കഴിക്കാതെ അവശനിലയിലായ പശുവിന് ട്രോമാറ്റിക്ക് റെട്ടികുലോ പെരിട്ടൊനൈറ്റിസ് രോഗം കണ്ടെത്തുകയും 5 മണിക്കൂര്‍ നീണ്ടുനിന്നു ശസ്ത്രക്രിയ നടത്തുകയും ചെയ്ത് ശ്രദ്ധേയമായി പേരാമ്പ്ര ഗവണ്‍മെന്റ് വെറ്ററിനറി പോളി ക്ലിനിക്കിലെ ഡോക്ടര്‍മാര്‍.

## Article Content

**പേരാമ്പ്ര: **ആഴ്ചകളോളം ഭക്ഷണം കഴിക്കാതെ അവശനിലയിലായ പശുവിന് ട്രോമാറ്റിക്ക് റെട്ടികുലോ പെരിട്ടൊനൈറ്റിസ് രോഗം കണ്ടെത്തുകയും 5 മണിക്കൂര്‍ നീണ്ടുനിന്നു ശസ്ത്രക്രിയ നടത്തുകയും ചെയ്ത് ശ്രദ്ധേയമായി പേരാമ്പ്ര ഗവണ്‍മെന്റ് വെറ്ററിനറി പോളി ക്ലിനിക്കിലെ ഡോക്ടര്‍മാര്‍.

തുറയൂര്‍ പഞ്ചായത്തിലെ നെല്ല്യാടന്‍ക്കണ്ടി അബുവിന്റെ പശുവാണ് 22 ദിവസമായി ഭക്ഷണം കഴിക്കാതെ അവശനിലയിലായത്. ക്ലിനിക്കില്‍ എത്തിച്ച പശുവിന് കഴുത്തിനു താഴെയും നെഞ്ചിലും നീരുകെട്ടിയിരുന്നു.

ഡോ. ജിഷ്ണു പ്രഥമദൃഷ്ട്യാല്‍ പശുവിന് ട്രോമാറ്റിക്ക് റെട്ടികുലോ പെരിട്ടൊനൈറ്റിസ് എന്ന രോഗമാണെന്ന് മനസ്സിലാക്കുകയും വയര്‍ കീറി ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. ഇടത്തെ വയര്‍ തുറന്നപ്പോള്‍ ഏതാണ്ട് 30 ലിറ്ററോളം വയറില്‍ കെട്ടി കിടന്ന ദ്രാവകം നീക്കം ചെയ്തു.

തുടര്‍ന്ന് ആമാശയം തുറന്ന് അതില്‍ അടിഞ്ഞു കൂടിയ ഭക്ഷ്യ വസ്തുക്കള്‍ നീക്കം ചെയ്യുന്നതിനിടയില്‍ 5 ഓളം നീളമുള്ള ഇരുമ്പാണിയും ചെറു പാറ കഷണങ്ങളും കണ്ടെടുത്തു.

ഇരുമ്പാണി ആമാശയം തുളച്ച് ഡയഫ്രം വഴി ഹൃദയത്തിന്റെ ബാഹ്യസ്തരത്തിന് ക്ഷതമേല്‍പ്പിച്ചിരുന്നു. ഏതാണ്ട് 5 മണി ക്കൂര്‍ നീണ്ടനിന്നു ശസ്ത്രക്രിയ.

പേരാമ്പ്ര വെറ്ററിനറി സര്‍ജന്‍ ഡോ. ജിഷ്ണുവിന്റെ നേതൃത്വത്തില്‍ ഹൗസ് സര്‍ജന്‍മാരായ ഡോ.മുഹമ്മദ് കാമില്‍ , ഡോ. അന്‍സല്‍ന, ഡോ ബിന്‍ഷാദ് എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.

വളരെ അപൂര്‍വ്വമായാണ് ഇത്തരത്തില്‍ ആണികളും കല്ലുകളും പോലുള്ള അന്യവസ്തുക്കള്‍ പുല്ലിലൂടെ പശുക്കള്‍ അറിയാതെ കഴിക്കുകയും വയറ്റിനുള്ളില്‍ അകപ്പെടുകയും ചെയ്യുന്നത്. ഇത്തരം സാഹചര്യത്തില്‍ ശസ്ത്രക്രിയക്ക് ശേഷവും പശു പൂര്‍വ്വ സ്ഥിതിയിലേക്ക് വരാനുള്ള സാധ്യത വളരെ വിരളമാണെന്നാണ് നിഗമനം.

പശുവിന്റെ ആരോഗ്യം നിലനിര്‍ത്താനായുള്ള ഡ്രിപ്പും മറ്റ് മരുന്നുകളും നല്‍കിയിട്ടുണ്ട്. ഇനിയും പശു അപകട നില തരണം ചെയ്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70972/perampra-govt-made-an-effort-to-bring-the-mute-animal-back-to-life-doctors-at-veterinary-poly-clinic)