---
title: "കര്‍ഷക സംഘം ജില്ലാ സമ്മേളനത്തിന് പേരാമ്പ്രയില്‍ ഉജ്ജ്വല തുടക്കം "
english_title: "A bright start to the farmers' group district conference in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71392/a-bright-start-to-the-farmers-group-district-conference-in-perampra"
published_at: "2022-09-28T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63346119a28c9_OBIT_CARD_JPG.JPG"
keywords: []
---

# കര്‍ഷക സംഘം ജില്ലാ സമ്മേളനത്തിന് പേരാമ്പ്രയില്‍ ഉജ്ജ്വല തുടക്കം 

> **Lead Summary:** **പേരാമ്പ്ര: **കര്‍ഷക സംഘം ജില്ലാ സമ്മേളനത്തിന് പേരാമ്പ്രയില്‍ തുടക്കമായി. പൊതുസമ്മേളനം നടക്കുന്ന ടി ശിവദാസമേനോന്‍ നഗറില്‍ (പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരം) സ്വാഗത സംഘം ചെയര്‍മാന്‍ എം. കുഞ്ഞമ്മത് പതാക ഉയര്‍ത്തി.

## Article Content

**പേരാമ്പ്ര: **കര്‍ഷക സംഘം ജില്ലാ സമ്മേളനത്തിന് പേരാമ്പ്രയില്‍ തുടക്കമായി. പൊതുസമ്മേളനം നടക്കുന്ന ടി ശിവദാസമേനോന്‍ നഗറില്‍ (പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരം) സ്വാഗത സംഘം ചെയര്‍മാന്‍ എം. കുഞ്ഞമ്മത് പതാക ഉയര്‍ത്തി.

ഒഞ്ചിയം രക്തസാക്ഷി സ്‌ക്വയറില്‍ നിന്നും കൊണ്ടു വന്ന പതാക മുതിര്‍ന്ന കര്‍ഷക സംഘം നേതാവ് സി.എം കുമാരനില്‍ നിന്ന് ജാഥാ ലീഡറും കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ അഡ്വ.ഇ കെ നാരായണന്‍ ഏറ്റുവാങ്ങി. കല്പത്തൂരില്‍ നിന്നും കൊണ്ടു വന്ന കൊടിമരം മുതിര്‍ന്ന കര്‍ഷസംഘം നേതാവ് ടി കൃഷ്ണന്‍ നായരില്‍ നിന്ന് ജാഥാ ലീഡറും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ ഷിജു ഏറ്റുവാങ്ങി.

തുടര്‍ന്ന് പ്രയാണമാരംഭിച്ച ഇരുജാഥകളും പേരാമ്പ്ര ജംഗ്ഷനില്‍ സംഗമിച്ച് പ്രകടനമായി പൊതുസമ്മളന നഗരിയിലേക്ക് നീങ്ങി. ബാന്റ് വാദ്യമേളങ്ങളും ഇരുചക്രവാഹനങ്ങളും പ്രകടനത്തിന് അകമ്പടിയേകി. സ്വാഗത സംഘത്തിനു വേണ്ടി കണ്‍വീനര്‍ പി ബാലന്‍ അടിയോടി പതാകയും ട്രഷറര്‍ വി.കെ പ്രമോദ് കൊടിമരവും ഏറ്റുവാങ്ങി.

തുടര്‍ന്നു ചേര്‍ന്ന യോഗത്തില്‍ കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് കെ.പി കുഞ്ഞമ്മത് കുട്ടി എംഎല്‍എ, ജില്ലാ സെക്രട്ടറി പി വിശ്വന്‍, ജാഥാ ലീഡര്‍മാരായ അഡ്വ. ഇ.കെ നാരായണന്‍, കെ ഷിബു എന്നിവര്‍ സംസാരിച്ചു. എം കുഞ്ഞമ്മത് അധ്യക്ഷനായി.

എം വിശ്വനാഥന്‍ സ്വാഗതവും വി.കെ പ്രമോദ് നന്ദിയും പറഞ്ഞു. നാളെ രാവിലെ വി.കെ പീതാംബരന്‍ നഗറില്‍ (വി.വി ദക്ഷിണാമൂര്‍ത്തി ടൗണ്‍ഹാള്‍)ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. 30 ന് വൈകീട്ട് ഉജ്വല പ്രകടനവും പൊതുസമ്മേളനവും നടക്കും. എം.എം മണി എംഎല്‍എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71392/a-bright-start-to-the-farmers-group-district-conference-in-perampra)