---
title: "മനോജിനും കുടുംബത്തിനും സുമനസ്സുകളുടെ സഹായം വേണം "
english_title: "Manoj and his family need the help of well-wishers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73527/manoj-and-his-family-need-the-help-of-well-wishers"
published_at: "2022-10-09T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342d2413a4d4_OBIT_CARD_JPG.JPG"
keywords: []
---

# മനോജിനും കുടുംബത്തിനും സുമനസ്സുകളുടെ സഹായം വേണം 

> **Lead Summary:** **പേരാമ്പ്ര :** നൊച്ചാട് ഗ്രാമപഞ്ചായത്തിലെ 17 ാം വാര്‍ഡില്‍ അഞ്ചാം പീടിക തറമ്മല്‍ അംഗനവാടിക്ക് സമീപം താമസിക്കുന്ന ഉരുച്ചാലില്‍ മീത്തല്‍ മനോജന്‍ കഴിഞ്ഞ 12 വര്‍ഷമായി മാരക രോഗങ്ങളുടെ പിടിയിലാണ്. പ്രമേഹവും വൃക്ക സംബന്ധമായ രോഗങ്ങളും ഈ 47കാരനെ കിടപ്പു രോഗിയാക്കി മാറ്റിയിരിക്കുകയാണ്.

## Article Content

**പേരാമ്പ്ര :** നൊച്ചാട് ഗ്രാമപഞ്ചായത്തിലെ 17 ാം വാര്‍ഡില്‍ അഞ്ചാം പീടിക തറമ്മല്‍ അംഗനവാടിക്ക് സമീപം താമസിക്കുന്ന ഉരുച്ചാലില്‍ മീത്തല്‍ മനോജന്‍ കഴിഞ്ഞ 12 വര്‍ഷമായി മാരക രോഗങ്ങളുടെ പിടിയിലാണ്. പ്രമേഹവും വൃക്ക സംബന്ധമായ രോഗങ്ങളും ഈ 47കാരനെ കിടപ്പു രോഗിയാക്കി മാറ്റിയിരിക്കുകയാണ്.

നല്ലൊരു ടൈല്‍ മോള്‍ഡിംഗ് തൊഴിലാളിയായിരുന്നു മനോജന്‍. രോഗങ്ങള്‍ ഓരോന്നായി തന്നെ പ്രാപിക്കാന്‍ തുടങ്ങിയതോടെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആ തൊഴില്‍ നിര്‍ത്തേണ്ടി വന്നു ഈ യുവാവിന്.

ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക അത്താണിയായ മനോജന്‍ നിത്യവൃത്തിക്കായി ഒരു ഓട്ടോറിക്ഷ വാങ്ങി കുടുംബം പുലര്‍ത്തുന്നതിനിടയിലാണ് കോവിഡ് എന്ന മഹാമാരി ലോകത്താകെ എന്ന പോലെ മനോജിന്റെ ജീവിതത്തിലും വില്ലനായി കടന്ന് വന്നത്.

ഇതോടെ തൊഴില്‍ ഇല്ലാതാവുകയും വാഹനത്തിന്റെ ലോണ്‍ അടക്കാന്‍ കഴിയാത്തതിനാല്‍ വാഹനവും ഇല്ലാതായി. ഇതിനിടയില്‍ രോഗങ്ങളും മൂര്‍ച്ഛിച്ചു. മനോജന്‍ ശയ്യാവലംബനായി മാറി. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ ചികിത്സയിലാണ് ഇപ്പോള്‍. ചികിത്സക്ക് ഭാരിച്ച ചെലവാണ്.

ആശുപത്രിയിലേക്ക് പോവുന്നതും മരുന്നുകള്‍ വാങ്ങുന്നതും നാട്ടുകാരുടെ സഹായങ്ങള്‍ കൊണ്ടാണ്. 5 സെന്റ് ഭൂമി മാത്രമുള്ള പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയും ഉള്ള ഈ കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീടുപോലുമില്ല.

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭിച്ച ധനസഹായത്താല്‍ ഭാഗീകമായി നിര്‍മ്മിച്ച ഒറ്റമുറി വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസവും ഉദാരമതികളുടെ സഹായത്താലാണ് നടന്ന് പോവുന്നത്.

മനോജന്‍ വീട്ടില്‍ കിടപ്പിലായതിനാല്‍ ഭാര്യ ലതക്ക് തൊഴിലെടുക്കാന്‍ പോവാന്‍ പോലും പറ്റാത്ത സ്ഥിതിയാണുള്ളത്. ഡയാലിസിസ് പോലും ചെയ്യാന്‍ കഴിയാത്ത നിലയിലാണ് മനോജിന്റെ ആരോഗ്യം. നാട്ടുകാര്‍ ചേര്‍ന്ന് ഈ കുടുംബത്തെ സഹായിക്കാനായി കൂട്ടായ്മ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.

സഹായ കമ്മിറ്റിയും മറ്റും നിലവില്‍ വരുന്നതു വരെ കുടുംബത്തിന്റെ ചെലവും ചികിത്സയും എങ്ങനെ നടത്തും എന്ന ആശങ്കയിലാണ് മനോജനും കുടുംബവും. ഈ ഒരവസ്ഥയില്‍ ഉദാര മതികളായ സുമനസ്സുകളുടെ സഹായം ഈ കുടുംബത്തിന് അത്യാവശ്യമാണ്.

മേപ്പയ്യൂര്‍ കേരള ഗ്രാമീണ ബാങ്ക് ശാഖയിലെ 40679101043853 (IFSC Code; KLGB 0040679) എന്ന അക്കൗണ്ട് നമ്പറിലേക്കോ, മനോജന്റെ 9447201521 എന്ന നമ്പറിലേക്ക് ഗൂഗിള്‍ പേ ആയോ സഹായങ്ങള്‍ കൈമാറാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73527/manoj-and-his-family-need-the-help-of-well-wishers)