---
title: " നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ സ്വാതി ചോലയ്ക്ക് ജനകീയ അനുമോദനം "
english_title: "Popular acclaim for Swati Chola who scored top marks in NEET exam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74082/popular-acclaim-for-swati-chola-who-scored-top-marks-in-neet-exam"
published_at: "2022-10-12T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6346b6dd58ed9_1chola.jpg"
keywords: []
---

#  നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ സ്വാതി ചോലയ്ക്ക് ജനകീയ അനുമോദനം 

> **Lead Summary:** **പേരാമ്പ്ര:** നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ സ്വാതി ചോലയ്ക്ക് ജനകീയ അനുമോദനം നല്‍കി. 20 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എഴുതിയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 320 -ാം റാങ്ക് നേടിയാണ് സ്വാതി നാടിന്റെ അഭിമാനമായത്.

## Article Content

**പേരാമ്പ്ര:** നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ സ്വാതി ചോലയ്ക്ക് ജനകീയ അനുമോദനം നല്‍കി. 20 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എഴുതിയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 320 -ാം റാങ്ക് നേടിയാണ് സ്വാതി നാടിന്റെ അഭിമാനമായത്.

പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലായിരുന്ന സ്വാതി ഉപന്യാസം, പ്രസംഗം, ചിത്രകല എന്നിവയില്‍ ജില്ല സ്‌ക്കൂള്‍ കലോത്സവത്തില്‍ ഒന്നാമതായിരുന്നു. ചുട്ടി എന്ന സിനിമയില്‍ അഭിനയിക്കാനും സ്വാതിക്ക് സാധിച്ചിട്ടുണ്ട്. വീടിന് സമീപം വെച്ച് ഘോഷയാത്രയായി സ്വീകരണം നല്‍കിയാണ് സ്വാതിയെ വേദിയിലേക്ക് ആനയിച്ചത്.

ആവള മഠത്തില്‍ മുക്ക് സുദിനം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. പ്രവിത അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ. മുരളീധരന്‍ എംപി മുഖ്യാതിഥിയായി.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നാടിന്റെ ആദരവ് സ്വാതിയ്ക്ക് കൈമാറി. ചടങ്ങില്‍ വിവിധ സംഘടനകളും സ്വാതിയുടെ പൂര്‍വ്വ വിദ്യാലയങ്ങളും ഉപഹാരം നല്‍കി. സ്വാതി ചോലയ്ക്ക് ജന്മനാട് കക്ഷി രാഷ്ട്രീയ മറ്റ് സംഘടനകള്‍ എന്നിവക്ക് അതീതമായി ജനകീയ അനുമോദനമാണ് നല്‍കിയത്.

സ്വാതിയെക്കുറി ച്ചെഴുതിയ സ്വാഗത ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അജിത, സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ കെ.എം. ബിജിഷ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആദില നിബ്രാസ്, എം.എം. രഘുനാഥ്, പി. മോനിഷ, ആവള കുട്ടോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഉണ്ണികൃഷ്ണന്‍, പ്രധാനധ്യാപകന്‍ ബാബു പയ്യത്ത്, ആവള ഗവ. എല്‍പി സ്‌ക്കൂള്‍ പ്രധാനധ്യാപിക എന്‍. ബിജുന, വി.കെ. നാരായണന്‍, അജയ് ആവള, ഇ. രാജന്‍ നായര്‍, കെ. അപ്പുക്കുട്ടി, ബി.എം. മൂസ, ടി.കെ. രജീഷ്. കെ. മോഹനന്‍, വി.എം. നാരായണന്‍, ടി. രജീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

സ്വാതി ചോല മറുപടി പ്രസംഗം നടത്തി. സ്വാഗതസംഘം കണ്‍വീനര്‍ ഇബ്രാഹിം കൊയിലോത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി കെ ശ്രീധരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74082/popular-acclaim-for-swati-chola-who-scored-top-marks-in-neet-exam)