---
title: "മിതമായ നിരക്കില്‍ ഗുണമേന്മയുള്ള ഭക്ഷ്യ വസ്തുക്കള്‍ ലഭ്യം: ചക്കിട്ടപാറയില്‍ കറി പൗഡര്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു "
english_title: "Affordable quality food items available: Curry powder manufacturing unit started at Chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74103/affordable-quality-food-items-available-curry-powder-manufacturing-unit-started-at-chakkittapara"
published_at: "2022-10-12T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6346d67b2e292_OBIT_CARD_JPG.JPG"
keywords: []
---

# മിതമായ നിരക്കില്‍ ഗുണമേന്മയുള്ള ഭക്ഷ്യ വസ്തുക്കള്‍ ലഭ്യം: ചക്കിട്ടപാറയില്‍ കറി പൗഡര്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു 

> **Lead Summary:** ** ചക്കിട്ടപാറ:** തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്ന ഇടപെടലാണ് ചക്കിട്ടപാറയില്‍ നടപ്പാക്കിയതെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചക്കിട്ടപാറയില്‍ ആരംഭിച്ച കറി പൗഡര്‍ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

** ചക്കിട്ടപാറ:** തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്ന ഇടപെടലാണ് ചക്കിട്ടപാറയില്‍ നടപ്പാക്കിയതെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചക്കിട്ടപാറയില്‍ ആരംഭിച്ച കറി പൗഡര്‍ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനകീയ കൂട്ടായ്മകളിലൂടെ ആരംഭിക്കുന്ന ഇത്തരം സംരംഭങ്ങളിലൂടെ ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഗുണമേന്മയുള്ള ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കാന്‍ കഴിയും. യൂണിറ്റിന്റെ പ്രവര്‍ത്തനത്തിലൂടെ പ്രദേശത്ത് തൊഴില്‍ സാധ്യത വര്‍ദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ 40 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിന്റെ 25 ലക്ഷം രൂപയും ചെലവഴിച്ചാണ് കറി പൗഡര്‍ യൂണിറ്റിന്റെ നിര്‍മ്മാണം. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതിയില്‍ 70 സ്ത്രീകള്‍ക്ക് ജോലി ലഭ്യമാകും.

സമം എന്ന് പേരിട്ടിരിക്കുന്ന കറിപൗഡര്‍ യൂണിറ്റിലൂടെ ചിക്കന്‍ മസാല, ബീഫ് മസാല, വെജിറ്റബിള്‍ മസാല തുടങ്ങി 19 ഇനം രസ കൂട്ടുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യും. സ്‌ക്വാഷ്, ജാം, അരിപ്പൊടി പുട്ടുപൊടി, മത്സ്യം തുടങ്ങി വീട്ടിലേക്കുള്ള 76 ഇനം അവശ്യ വസ്തുക്കളും യൂണിറ്റിലൂടെ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണ്.

വിവിധങ്ങളായ യന്ത്രങ്ങളുടെ സഹായത്തോടെയാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം. മസാല കൂട്ടുകള്‍ നിര്‍മ്മിക്കാനുളളവ കഴുകി, വറുത്ത് പൊടിക്കുന്നതിനാവശ്യമായ യന്ത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. യൂണിറ്റിലൂടെ നേരിട്ടും ഓണ്‍ലൈന്‍ വഴിയുമാണ് മസാലകളുള്‍പ്പെടെയുള്ളവ വിതരണം ചെയ്യുക.

ഗ്രോഹുഡ് കമ്മ്യൂണിറ്റി ബയ്യിങ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആളുകള്‍ക്ക് ഓണ്‍ലൈനായി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. സാധനങ്ങളുടെ വിതരണത്തിനായി ഓരോ വാര്‍ഡുകളില്‍ നിന്നും രണ്ടു സ്ത്രീകളെ തിരഞ്ഞെടുത്ത് പരിശീലനവും നല്‍കിയിട്ടുണ്ട്.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74103/affordable-quality-food-items-available-curry-powder-manufacturing-unit-started-at-chakkittapara)