---
title: "സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം 2022; സംസ്ഥാനതല സമാപനം ഒക്ടോബര്‍ 16 ന് "
english_title: "Social Solidarity Party 2022; State level final on October 16 kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74645/social-solidarity-party-2022-state-level-final-on-october-16-kozhikkod"
published_at: "2022-10-15T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a8b7b5e0fe_1kkd.jpg"
keywords: []
---

# സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം 2022; സംസ്ഥാനതല സമാപനം ഒക്ടോബര്‍ 16 ന് 

> **Lead Summary:** **കോഴിക്കോട്:** പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 2 മുതല്‍ നടത്തിവരുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം 2022 ന്റെ സംസ്ഥാനതല സമാപനം ഒക്ടോബര്‍ 16 ന് നടക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. തേജ് ലോഹിത് റെഡ്ഢി അറിയിച്ചു.

## Article Content

**കോഴിക്കോട്:** പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 2 മുതല്‍ നടത്തിവരുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം 2022 ന്റെ സംസ്ഥാനതല സമാപനം ഒക്ടോബര്‍ 16 ന് നടക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. തേജ് ലോഹിത് റെഡ്ഢി അറിയിച്ചു.

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ ഒക്ടോബര്‍ 16 വൈകിട്ട് 4 മണിക്ക് ദേവസ്വം പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമം പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നതാണ്. മ്യൂസിയം തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പട്ടികജാതി വികസന വകുപ്പിന്റെ ഭവന പൂര്‍ത്തീകരണ പദ്ധതിയായ സേഫ് പദ്ധതിയുടെയും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെയും ഉദ്ഘാടനവും നിര്‍വഹിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ''എല്ലാവരും ഉന്നതിയിലേക്ക്' എന്ന സന്ദേശത്തില്‍ അധിഷ്ഠിതമായി സംസ്ഥാനത്തിന്റെ എല്ലാഭാഗങ്ങളിലും നൂറോളം സെമിനാറുകളും, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. സെമിനാറുകളും ശുചീകരണ പ്രവര്‍ത്തനങ്ങളും, ആരോഗ്യ ക്യാമ്പുകളും, പദ്ധതി ഉദ്ഘാടനങ്ങളും, നിര്‍മ്മാണോദ്ഘാടനങ്ങളും ഉള്‍പ്പെടെ 2022 പ്രോഗ്രാമുകളാണ് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചത്.

നേട്ടങ്ങള്‍ പൊതുസമൂഹത്തിലേയ്ക്ക് എത്തിക്കുന്നതിനോടൊപ്പം പിന്നോക്ക വസ്ഥയിലുള്ള മുഴുവന്‍ ജനവിഭാഗങ്ങളെയും ഉന്നതിയിലേയ്ക്ക് എത്തിക്കുന്നതിന് പൊതു സമൂഹത്തിന്റെ പിന്തുണയും കൂടിയാണ് ഈ വര്‍ഷത്തെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് , ഗോള്‍ഡ് കോയിന്‍ വിതരണം, പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ലോണ്‍ വിതരണം എന്നിവയും ഒക്ടോബര്‍ 16 ന് നടക്കും.

കോഴിക്കോട് മേപ്പയ്യൂര്‍ പഞ്ചായത്തിലെ പുലപ്രകുന്ന് കോളനി ഏറ്റെടുത്ത ക്ലിജോ(ഗവ. ലോ കോളേജ്, കോഴിക്കോട്) സംഘടനയ്ക്കും ഓള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് വിജയി ശിശിര ബാബുവിനും ഇന്റര്‍ നാഷണല്‍ ബുക്ക്‌സ് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടിയ പി. അക്ഷിനും ചടങ്ങില്‍ ആദരവ് നല്‍കമെന്നും സമാപന ചടങ്ങിനോടനുബന്ധിച്ച് ടാഗോര്‍ സെന്റിനറി ഹാള്‍ പരിസരത്ത് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ചിത്ര പ്രദര്‍ശനം ഉണ്ടായിരിക്കുമെന്നും അവര്‍ അറിയിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പട്ടികജാതി വികസന വകുപ്പ് ഉത്തര മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ അരവിന്ദാക്ഷന്‍ ചെട്ട്യാര്‍, പിന്നോക്ക വിഭാഗ വികസന വകുപ്പ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ശബ്‌ന, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ എം.കെ. മെഹറൂഫ്, ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ കെ.പി. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74645/social-solidarity-party-2022-state-level-final-on-october-16-kozhikkod)