---
title: "മലബാര്‍ ക്രാഫ്റ്റ് മേളയെ കേരള ക്രാഫ്റ്റ് മേളയായി വിപുലപ്പെടുത്തും; പി. രാജീവ് "
english_title: "Malabar Craft Mela to be expanded as Kerala Craft Mela; P. Rajiv"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74936/malabar-craft-mela-to-be-expanded-as-kerala-craft-mela-p-rajiv"
published_at: "2022-10-17T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d2c04d3a4d_1craft.jpg"
keywords: []
---

# മലബാര്‍ ക്രാഫ്റ്റ് മേളയെ കേരള ക്രാഫ്റ്റ് മേളയായി വിപുലപ്പെടുത്തും; പി. രാജീവ് 

> **Lead Summary:** **കോഴിക്കോട് :** മലബാര്‍ ക്രാഫ്റ്റ് മേളയെ കേരള ക്രാഫ്റ്റ് മേള എന്ന നിലയില്‍ വിപുലപ്പെടുത്തുമെന്ന് നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.

## Article Content

**കോഴിക്കോട് :** മലബാര്‍ ക്രാഫ്റ്റ് മേളയെ കേരള ക്രാഫ്റ്റ് മേള എന്ന നിലയില്‍ വിപുലപ്പെടുത്തുമെന്ന് നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.

ഒക്ടോബര്‍ 2 മുതല്‍ കോഴിക്കോട് സ്വപ്നനഗരിയില്‍ ആരംഭിച്ച മലബാര്‍ ക്രാഫ്റ്റ് മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. വ്യവസായ സംരംഭങ്ങള്‍ക്ക് വലിയ സാധ്യത കേരളത്തില്‍ ഉണ്ടെന്നും ഇത്തരം സംരംഭങ്ങള്‍ വിജയപ്രദമാക്കാന്‍ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ശക്തി മാനവവിഭവശേഷിയാണെന്നും ആ സാധ്യത ഉപയോഗപ്പെടുത്തി മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു.

2022 സംരംഭക വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭകരെ സൃഷ്ടിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ ആറുമാസത്തിനുള്ളില്‍ തന്നെ 69,418 പുതിയ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 4370.51 കോടിയുടെ നിക്ഷേപം ആറുമാസംകൊണ്ട് സൃഷ്ടിക്കപ്പെട്ടു. 1,52,636 പേര്‍ക്ക് നേരിട്ട് തൊഴില്‍ അവസരങ്ങള്‍ നല്‍കാന്‍ സാധിച്ചു.

പൊതുജനങ്ങള്‍ക്ക് ആകര്‍ഷകമായ രീതിയില്‍ പുതിയ വ്യവസായ കരട് നയം ഉടന്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു. ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം വിപണി ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും വ്യവസായ സംരംഭങ്ങള്‍ വിജയകരമാക്കുന്നതിന് ഓരോരുത്തരും അംബാസിഡര്‍മാരായി മാറണമെന്നും മന്ത്രി പി. രാജീവ് കൂട്ടിച്ചേര്‍ത്തു.

ചടങ്ങിനു മുന്നോടിയായി മന്ത്രി മേളയിലെ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു. മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കരകൗശല കലാകാരന്മാര്‍ക്കുള്ള പുരസ്‌കാരം ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, വാര്‍ഡ് കൗണ്‍സിലര്‍ എം. എന്‍. പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു. വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി.എസ്. സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു പി എബ്രഹാം നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് മലമുഴക്കി ബ്രാന്‍ഡിന്റെ മുള വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുളള സംഗീത വിരുന്നും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74936/malabar-craft-mela-to-be-expanded-as-kerala-craft-mela-p-rajiv)