---
title: "ബിജെപി സംസ്ഥാനത്ത് ബദല്‍ നവോത്ഥാന സമിതികള്‍ രൂപീകരിക്കും; കെ. സുരേന്ദ്രന്‍"
english_title: "BJP to form Alternative Revival Committees in state; K. Surendran"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75322/bjp-to-form-alternative-revival-committees-in-state-k-surendran"
published_at: "2022-10-19T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634fd87080a0e_1ksura.jpg"
keywords: []
---

# ബിജെപി സംസ്ഥാനത്ത് ബദല്‍ നവോത്ഥാന സമിതികള്‍ രൂപീകരിക്കും; കെ. സുരേന്ദ്രന്‍

> **Lead Summary:** ** പേരാമ്പ്ര **: സംസ്ഥാനത്ത് ബദല്‍ നവോത്ഥാന സമിതികള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.

## Article Content

** പേരാമ്പ്ര **: സംസ്ഥാനത്ത് ബദല്‍ നവോത്ഥാന സമിതികള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.

നിലവില്‍ സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സമിതിയില്‍ മാര്‍ക്കിസ്റ്റ്കാര്‍ മാത്രമാണുള്ളതെന്നും മാര്‍ക്കിസ്റ്റ്കാരില്ലാത്ത സമാന ചിന്താഗതിയുള്ള എല്ലാവരെയും യോജിപ്പിച്ച് പ്രാദേശിക തലത്തില്‍ നവോത്ഥാന സമിതികള്‍ രൂപീകരിച്ച് കേരളത്തെ വീണ്ടെടുക്കുമെന്നും അദേഹം പറഞ്ഞു.

ബിജെപി കോഴിക്കോട് ജില്ല നേതൃയോഗം പേരാമ്പ്രയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവോത്ഥാന സര്‍ക്കാര്‍ കേരളത്തെ ഒരു നൂറ്റാണ്ട് പിന്നോട്ട് കൊണ്ടു പോയെന്നും നവോത്ഥാന നായകന്മാര്‍ നരബലിയുടെയും നരഭോജികളുടെയും നേതൃസ്ഥാനത്തേക്ക് വരുന്നതായും സുരേന്ദ്രന്‍ കൂട്ടിചേര്‍ത്തു.

സിപിഎം നേതാവാണ് സംസ്ഥാനത്ത് നരബലിക്ക് നേതൃത്വം കൊടുത്തതെന്നും നരഭോജികളുടെ നാടായി കേരളത്തെ ലോകത്തിന് മുന്നില്‍ ഇവര്‍ അപകീര്‍ത്തിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

ജില്ല പ്രസിഡന്റ് വി.കെ. സജിവന്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് മുഖ്യപ്രഭാഷണം നടത്തി. പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സംസ്ഥാന വൈസ്സ് പ്രസിഡന്റ് വി.വി. രാജന്‍, മേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, കെ. നാരായണന്‍, ജി. കാശിനാഥ്, എം. മോഹനന്‍, ഇ. പ്രശാന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75322/bjp-to-form-alternative-revival-committees-in-state-k-surendran)