---
title: "സുസ്ഥിതി-ഗാന്ധിപഥം ലഹരിവിരുദ്ധ ബോധവല്‍ക്കരണ യജ്ഞത്തിന് തുടക്കം  "
english_title: "Sushrithi-Gandhipatham anti-drug awareness campaign launched"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75343/sushrithi-gandhipatham-anti-drug-awareness-campaign-launched"
published_at: "2022-10-19T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ff9ab9e567_1suse.jpg"
keywords: []
---

# സുസ്ഥിതി-ഗാന്ധിപഥം ലഹരിവിരുദ്ധ ബോധവല്‍ക്കരണ യജ്ഞത്തിന് തുടക്കം  

> **Lead Summary:** **കുറ്റ്യാടി:** ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കുറ്റ്യാടി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സുസ്ഥിതി-ഗാന്ധിപഥം ലഹരിവിരുദ്ധ ബോധവല്‍ക്കരണ യജ്ഞത്തിന് തുടക്കം കുറിച്ചു.

## Article Content

**കുറ്റ്യാടി:** ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കുറ്റ്യാടി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സുസ്ഥിതി-ഗാന്ധിപഥം ലഹരിവിരുദ്ധ ബോധവല്‍ക്കരണ യജ്ഞത്തിന് തുടക്കം കുറിച്ചു.

വ്യക്തിയുടെ പരിവര്‍ത്തനത്തിലൂടെയാണ് സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിതെളിയുകയെന്ന ഗാന്ധിയന്‍ ആശയത്തെ പിന്‍പറ്റിക്കൊണ്ടാണ് ഈ കര്‍മ്മപദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

ലഹരി വിരുദ്ധ പ്രചരണത്തോടൊപ്പം ഗാന്ധിയന്‍ മൂല്യങ്ങള്‍ സമൂഹത്തെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യം കൂടിയുള്ള പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തില്‍ ആന്റി ഡ്രഗ് സോഷ്യല്‍ മീഡിയ ക്യാമ്പയിനിലൂടെ തുടക്കമിട്ടു.

ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി മുപ്പതിന് പരിപാടി സമാപിക്കും. സ്‌കൂളിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വീ വിന്‍ കൂട്ടായ്മയുടെയും എസ്.പി.സി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സുസ്ഥിതിയുടെ ഔപചാരിക ഉദ്ഘാടനം കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ നിര്‍വ്വഹിച്ചു. കുറ്റ്യാടി സബ് ഇന്‍സ്പെക്ടര്‍ കെ. മുനീര്‍ മുഖ്യാതിഥിയായി.

കാമ്പസിന് അകത്തും പുറത്തുമായി നിരവധി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സുസ്ഥിതിയുടെ ഭാഗമായി നടത്തും. വീട്ടുമുറ്റങ്ങളില്‍ ലഹരിവിരുദ്ധ സന്ദേശവുമായി എത്തുന്ന വീടകം നാടകയാത്ര, രണ്ടായിരം വീടുകളില്‍ ലഘുലേഖകളും മുദ്രാവാക്യ പ്രചരണവുമായി നടത്തുന്ന ലഹരിവിരുദ്ധ പദസഞ്ചയനം, തെരുവ് നാടകങ്ങള്‍, തെരുവോര പ്രഭാഷണങ്ങള്‍, സ്ട്രീറ്റ് പെയിന്റിംഗ്, ചിത്രപ്രദര്‍ശനം, ചൊല്‍ക്കാഴ്ച, ഫ്‌ലാഷ് മോബ്, തപാല്‍ സന്ദേശം, സ്‌കൂളില്‍ ലഹരിവിരുദ്ധ സര്‍ഗ്ഗാത്മക അവതരണങ്ങള്‍ എന്നിങ്ങനെ ഒട്ടനവധി പ്രവര്‍ത്തങ്ങള്‍ ഈ ചതുര്‍മാസ ബോധവല്‍ക്കരണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സീനിയര്‍ അസിസ്റ്റന്റ് പി.കെ. സുനിത അധ്യക്ഷയായ ചടങ്ങില്‍ ജാഗ്രത കണ്‍വീനര്‍ കെ.എ. രേഖ, വിദ്യാര്‍ത്ഥികളായ ചന്ദന ചന്ദ്രന്‍, ഫാത്തിമ റിയ ഫെബിന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നൃത്താവിഷ്‌കാരം, റോള്‍ പ്ലേ, ശബ്ദ നാടക പ്രക്ഷേപണം, ലഹരിവിരുദ്ധ മുദ്രാവാക്യാലേഖനം എന്നീ പരിപാടികള്‍ നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75343/sushrithi-gandhipatham-anti-drug-awareness-campaign-launched)