---
title: "ക്രമസമാധാനപാലനത്തില്‍ പേരാമ്പ്ര എഎസ്പി പക്ഷപാതം കാട്ടി അക്രമികളെ സംരക്ഷിക്കുന്നതായ് സിപിഐഎം പേരാമ്പ്ര ഏരിയാ കമ്മിറ്റി "
english_title: "Perampra ASP showed bias in maintaining law and order and protecting the attackers- cpim "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76054/perampra-asp-showed-bias-in-maintaining-law-and-order-and-protecting-the-attackers-cpim"
published_at: "2022-10-23T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6354d1026bdda_OBIT_CARD_JPG.JPG"
keywords: []
---

# ക്രമസമാധാനപാലനത്തില്‍ പേരാമ്പ്ര എഎസ്പി പക്ഷപാതം കാട്ടി അക്രമികളെ സംരക്ഷിക്കുന്നതായ് സിപിഐഎം പേരാമ്പ്ര ഏരിയാ കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര**: ക്രമസമാധാനപാലനത്തില്‍ നീതിയുക്തമായി നടപടിസ്വീകരിക്കുന്നതിനു പകരം പേരാമ്പ്ര എഎസ്പി പക്ഷപാതം കാട്ടുന്നതായും അക്രമികളെ സംരക്ഷിക്കുന്നതായും സിപിഐഎം പേരാമ്പ്ര ഏരിയാ കമ്മിറ്റി പരാതിപ്പെട്ടു.

## Article Content

**പേരാമ്പ്ര**: ക്രമസമാധാനപാലനത്തില്‍ നീതിയുക്തമായി നടപടിസ്വീകരിക്കുന്നതിനു പകരം പേരാമ്പ്ര എഎസ്പി പക്ഷപാതം കാട്ടുന്നതായും അക്രമികളെ സംരക്ഷിക്കുന്നതായും സിപിഐഎം പേരാമ്പ്ര ഏരിയാ കമ്മിറ്റി പരാതിപ്പെട്ടു.

അടുത്തിടെ പാലേരിയിലും കായണ്ണയിലുമുണ്ടായ അക്രമസംഭവങ്ങളില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിനു പകരം സിപിഐഎം പ്രവര്‍ത്തകരെ വേട്ടയാടാനാണ് പൊലീസ് തയ്യാറായത്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വടക്കുമ്പാട് കോങ്ങോടുമ്മല്‍ വിപിനിന്റെ വീട്ടിലേക്ക് അര്‍ധരാത്രിയില്‍ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ പെലീസ് തയ്യാറായിട്ടില്ല.

സംഭവത്തില്‍ വീട് കയറി ഭീഷണിപ്പെടുത്തിയെന്ന് കാട്ടി ആര്‍എസ്എസ്സുകാരന്‍ നല്‍കിയ പരാതിയിലും കന്നാട്ടിയില്‍ ബോംബേറുണ്ടായെന്ന പരാതിയിലും സിപിഐഎം പ്രവര്‍ത്തകരുടെ വീടുകളില്‍ അര്‍ധരാത്രിയില്‍ റെയ്ഡ് നടത്തുകയും സ്ത്രീകളെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്താനുമാണ് പൊലീസ് തയ്യാറായത്.

18 വയസില്‍ താഴെയുള്ളവരേയും മിലിറ്ററി, നേവി തുടങ്ങിയസേനകളിലും പിഎസ്‌സി മുഖേന ജോലി പ്രതീക്ഷിച്ചിരിക്കുന്നവരേയും കള്ളക്കേസില്‍ കുടുക്കി മന:പൂര്‍വം ദ്രോഹിക്കുകയാണ്.

പ്രദേശത്ത് സംഘര്‍ഷമുണ്ടാകുന്നത് തടയാന്‍ ഇടപെട്ട സിപിഐഎം ലോക്കല്‍ സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമായ പി.എസ് പ്രവീണിനെ കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ വിളിച്ചു വരുത്തി അപമാനിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയുമുണ്ടായി.

കായണ്ണ മാട്ടനോടുള്ള ആള്‍ ദൈവം ഏറെക്കാലമായി ആഭിചാരക്രിയയും ദുര്‍മന്ത്രവാദവുമായി ജനങ്ങളെ ചൂഷണം ചെയ്യുകയും നാടിന്റെ സൈ്വര്യ ജീവിതം തകര്‍ക്കുകയുമാണ്.

ഇയാളും അംഗരക്ഷകരും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്ന ദുഷ്‌ചെയ്തികള്‍ക്കെതിരെ നാട്ടുകാര്‍ നിരന്തരം പരാതിനല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

ഇലന്തൂര്‍ ആഭിചാരക്കൊലയുടെ പശ്ചാത്തലത്തില്‍ നാട്ടുകാര്‍ ഒറ്റക്കെട്ടായി കഴിഞ്ഞ ദിവസം ഇവിടേക്ക് വാഹനങ്ങളിലെത്തിയവരെ തിരിച്ചയച്ചിരുന്നു.

ഇതില്‍ നാട്ടുകാര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് തയ്യാറായത്. ആള്‍ ദൈവത്തിനെതിരെ സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി പരാതി നല്‍കുകയും ആറ് മാസത്തിലേറെയായി സമാധാനപരമായി ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടത്തുകയുണ്ടായി.

സംഭവം ക്രമസമാധാന പ്രശ്‌നമായി വളര്‍ന്നതോടെ ആള്‍ ദൈവത്തിനെതിരെ കേസെടുക്കണമെന്നും ആഭിചാരകേന്ദ്രം അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കിട്ടും നടപടിഉണ്ടായിട്ടില്ല.

കുറ്റവാളിക്കെതിരെ കേസെടുക്കുന്നതിനു പകരം ആക്ഷന്‍ കമ്മിറ്റിക്കാര്‍ക്കെതിരെ കേസെടുക്കുയാണ്.

എല്‍ഡിഎഫ് സര്‍ക്കാറിന്റെ പൊലീസ് നയത്തിനു വിരുദ്ധമായ ഇത്തരം പ്രവണതകള്‍ അവസാനിപ്പിച്ച് പൊലീസ് നീതിപൂര്‍വം പ്രവര്‍ത്തിക്കണമെന്നും ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തില്‍ എം.കെ നളിനിഅധ്യക്ഷയായി. ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞമ്മത്, എ.കെ ബാലന്‍, എസ്.കെ സജീഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76054/perampra-asp-showed-bias-in-maintaining-law-and-order-and-protecting-the-attackers-cpim)