---
title: "പണി തീര്‍ന്നിട്ടും തുറക്കാത്ത ചക്കിട്ടപാറ പെട്രോള്‍ പമ്പിന് റീത്ത് വെച്ചു ഡ്രൈവര്‍മാരുടെ പ്രതിഷേധം"
english_title: "The drivers protested by placing wreaths at the Chakkittapara petrol pump, which was not opened despite the completion of the work"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76807/the-drivers-protested-by-placing-wreaths-at-the-chakkittapara-petrol-pump-which-was-not-opened-despite-the-completion-of-the-work"
published_at: "2022-10-26T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63594fd6e7f7b_OBIT_CARD_JPG.JPG"
keywords: []
---

# പണി തീര്‍ന്നിട്ടും തുറക്കാത്ത ചക്കിട്ടപാറ പെട്രോള്‍ പമ്പിന് റീത്ത് വെച്ചു ഡ്രൈവര്‍മാരുടെ പ്രതിഷേധം

> **Lead Summary:** ** ചക്കിട്ടപാറ: **ചക്കിട്ടപാറയിലെ പെട്രോള്‍ പമ്പ് പ്രവര്‍ത്തനം തുടങ്ങാത്തതില്‍ പ്രത്യക്ഷ പ്രതിഷേധവുമായി ചക്കിട്ടപാറക്കാര്‍. ടൗണിലെ ഓട്ടോ ടാക്‌സി സംയുക്ത യൂണിയന്‍ തൊഴിലാളികള്‍ സംഘടിച്ച് പമ്പിനു മുമ്പില്‍ പെരുവണ്ണാമൂഴി - ചക്കിട്ടപാറ പാതയോരത്ത് റീത്ത് സ്ഥാപിച്ചു പ്രതിഷേധിച്ചു.

## Article Content

** ചക്കിട്ടപാറ: **ചക്കിട്ടപാറയിലെ പെട്രോള്‍ പമ്പ് പ്രവര്‍ത്തനം തുടങ്ങാത്തതില്‍ പ്രത്യക്ഷ പ്രതിഷേധവുമായി ചക്കിട്ടപാറക്കാര്‍. ടൗണിലെ ഓട്ടോ ടാക്‌സി സംയുക്ത യൂണിയന്‍ തൊഴിലാളികള്‍ സംഘടിച്ച് പമ്പിനു മുമ്പില്‍ പെരുവണ്ണാമൂഴി - ചക്കിട്ടപാറ പാതയോരത്ത് റീത്ത് സ്ഥാപിച്ചു പ്രതിഷേധിച്ചു.

പേരാമ്പ്ര, കൂരാച്ചുണ്ട് മേഖലകളില്‍ പുതിയ പമ്പുകള്‍ അനുവദിച്ചതിനോടൊപ്പം ചക്കിട്ടപാറയിലും പമ്പിനു വര്‍ഷങ്ങള്‍ക്കു മുമ്പ് അനുമതി ലഭിച്ചിരുന്നു. മറ്റുള്ളിടത്തെല്ലാം നിര്‍മ്മാണം പൂര്‍ത്തിയാക്കി പമ്പുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് വര്‍ഷം ഒന്നാകാറായി.

ഒച്ചിഴയുമ്പോലെയായിരുന്നു ചക്കിട്ടപാറ പമ്പിന്റെ പണി. ഇതിനെതിരെ പല പ്രതിഷേധവും പത്ര വാര്‍ത്തകളും ഇതിനിടയിലുയര്‍ന്നു. ബന്ധപ്പെട്ട കമ്പനിയോട് അന്വേഷിക്കുമ്പോള്‍ ഉടന്‍ ശരിയാക്കാമെന്ന മറുപടിയാണു അധികൃതരില്‍ നിന്നു ലഭിച്ചു കൊണ്ടിരുന്നത്.

ഓട്ടോ- ടാക്‌സി ഉള്‍പ്പടെ ചക്കിട്ടപാറയിലെ നൂറ് കണക്കിനു വാഹനങ്ങള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണു ഇപ്പോള്‍ ഇന്ധനം നിറക്കുന്നത്. ചക്കിട്ടപാറയിലെ ഏക പെട്രോള്‍ പമ്പ് ഉടന്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76807/the-drivers-protested-by-placing-wreaths-at-the-chakkittapara-petrol-pump-which-was-not-opened-despite-the-completion-of-the-work)