---
title: "സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; ജിവിഎച്ച്എസ്എസ് മേപ്പയ്യൂരില്‍ വേറിട്ട അനുഭവമായി "
english_title: "School Parliament Election; GVHSS Mepayyur was a unique experience"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77217/school-parliament-election-gvhss-mepayyur-was-a-unique-experience"
published_at: "2022-10-28T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635bb4455fe4d_1meppayur.jpg"
keywords: []
---

# സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; ജിവിഎച്ച്എസ്എസ് മേപ്പയ്യൂരില്‍ വേറിട്ട അനുഭവമായി 

> **Lead Summary:** **മേപ്പയ്യൂര്‍:** സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജിവിഎച്ച്എസ്എസ് മേപ്പയ്യൂരില്‍ വേറിട്ട അനുഭവമായി. കോവിഡിന്റെ ദീര്‍ഘകാലത്തെ അടച്ചിടലിനു ശേഷം ആദ്യമായി നടന്ന സ്‌കൂള്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.

## Article Content

**മേപ്പയ്യൂര്‍:** സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജിവിഎച്ച്എസ്എസ് മേപ്പയ്യൂരില്‍ വേറിട്ട അനുഭവമായി. കോവിഡിന്റെ ദീര്‍ഘകാലത്തെ അടച്ചിടലിനു ശേഷം ആദ്യമായി നടന്ന സ്‌കൂള്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.

നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ സാധാരണ രീതിയില്‍ നടക്കുന്നതു പോലെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നങ്ങളും അനുവദിച്ചു. രാവിലെ ഓരോ ക്ലാസിലേയും ക്ലാസ് അധ്യാപകര്‍ ബാലറ്റ് പേപ്പര്‍, മഷി, മഷി പതിപ്പിക്കാന്‍ ബ്രഷ്, മറ്റ് ഫയലുകള്‍ ഇവ ഏറ്റു വാങ്ങി.

പോളിങ്ങ് ഓഫീസര്‍മാര്‍ ക്ലാസിലെ കുട്ടികള്‍ തന്നെ ആയിരുന്നു. കൃത്യം പത്തു മണിക്ക് വോട്ടു ചെയ്യല്‍ ആരംഭിച്ചു. അതീവ സുരക്ഷയോടെ സ്‌കൂളിലെ വിവിധാ സേനാ അംഗങ്ങള്‍ കുട്ടി വോട്ടര്‍മാരെ പോളിങ്ങ് ബൂത്തിലേക്ക് പ്രവേശിപ്പിച്ചു. പ്രത്യേകമായി കാര്‍ ബോഡ് മറയുണ്ടാക്കി അതിനുള്ള സ്ഥലവും ക്രമീകരിച്ചിരുന്നു.

വോട്ടു ചെയ്യുന്നതിനായി രജിസ്റ്ററില്‍ നിര്‍ബന്ധമായും ഒപ്പുവെക്കുകയും വോട്ടര്‍മാരായ വിദ്യാര്‍ത്ഥികളുടെ വിരലുകളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ നിയോഗിച്ച വിദ്യാര്‍ത്ഥി ഉദ്യോഗസ്ഥര്‍ മഷി പുരട്ടി. പതിനൊന്നു മണിക്ക് സ്ഥാനാര്‍ത്ഥിയുടെ സാന്നിദ്ധ്യത്തില്‍ വോട്ടെണ്ണല്‍ നടത്തി വിജയിയെ പ്രഖ്യാപിക്കുകയും ചെയ്തു.

സ്‌കൂള്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 31 ന് നടക്കും. ഹൈസ്‌കൂള്‍ വിഭാഗം പ്രധാനധ്യാപകന്‍ കെ. നിഷിദ്, അഡീഷണല്‍ പ്രധാനധ്യാപകന്‍ സന്തോഷ് സാദരം, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കെ.കെ. സുജാത എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്‌കൂളിലെ മുഴുവന്‍ സേനാ അംഗങ്ങളും അച്ചടക്ക നിരീക്ഷകരായി. പ്രത്യേക നിരീക്ഷകരായി അധ്യാപകരും പ്രവര്‍ത്തിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77217/school-parliament-election-gvhss-mepayyur-was-a-unique-experience)