---
title: "നാടിനാകെ ഉത്സവം; ചക്കിട്ടപാറയില്‍ കുടുംബശ്രീ - ബാലസഭ കലോത്സവം നവംബര്‍ 16 മുതല്‍ 20 വരെ "
english_title: "Festival all over the place; Kudumbashree - Balasabha Kalotsavam at Chakkittapara from 16th to 20th November"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/78033/festival-all-over-the-place-kudumbashree-balasabha-kalotsavam-at-chakkittapara-from-16th-to-20th-november"
published_at: "2022-11-01T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636145d51397e_OBIT_CARD_JPG.JPG"
keywords: []
---

# നാടിനാകെ ഉത്സവം; ചക്കിട്ടപാറയില്‍ കുടുംബശ്രീ - ബാലസഭ കലോത്സവം നവംബര്‍ 16 മുതല്‍ 20 വരെ 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ - ബാലസഭ കലോത്സവം അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന വിവിധ ആഘോഷ - മത്സര പരിപാടികളോടെ നവംബര്‍ 16 മുതല്‍ 20 വരെ നടക്കും.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ - ബാലസഭ കലോത്സവം അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന വിവിധ ആഘോഷ - മത്സര പരിപാടികളോടെ നവംബര്‍ 16 മുതല്‍ 20 വരെ നടക്കും.

16 ന് ആയിരത്തിഅഞ്ഞൂറ് വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന ലഹരി വിരുദ്ധ ബോധവല്‍കരണ റാലിയും സെമിനാറും സംഘടിപ്പിക്കും. 17 ന് കേരളീയ നവോത്ഥാനവും സ്ത്രീകളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും.

ഓരോ വാര്‍ഡുകളില്‍ നിന്നും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 50 വനിതകള്‍ അടക്കം 800 ഓളം വനിതകള്‍ ആണ് ഈ സെമിനാറില്‍ പങ്കെടുക്കുന്നത്. വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ റോസക്കുട്ടി ടീച്ചര്‍, മുന്‍ പാര്‍ലമെന്റ് അംഗം സി.എസ് സുജാത, കെ.ഈ.എന്‍ കുഞ്ഞഹമ്മദ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ ആസ്പദമാക്കി സെമിനാറില്‍ സംസാരിക്കും.

18 - 19 തീയതികളായി കുടുംബശ്രീ അംഗങ്ങള്‍ ആയ കലാകാരികളും ബാലസഭാ കുട്ടികളും മാറ്റുരയ്ക്കുന്ന കലാമത്സരങ്ങള്‍ അരങ്ങേറും. 1500 കുടുംബശ്രീ അംഗങ്ങളായ കലാകാരികളും 653 ബാലസഭ കുട്ടികളും ഈ കലാമത്സരത്തില്‍ പങ്കാളികളാകും.

ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിന് പുറമെ ഇഎംഎസ് സ്റ്റേഡിയത്തില്‍ രണ്ടായിരത്തോളം ആളുകള്‍ക്ക് ഇരിക്കാവുന്ന രീതിയില്‍ നിര്‍മിക്കുന്ന പ്രത്യേക പന്തലിനകത്തും ആയാണ് കലാ മത്സരങ്ങള്‍ അരങ്ങേറുക. 20 ന് വൈകിട്ട് 3 മണിക്ക് ചക്കിട്ടപാറ അങ്ങാടിയില്‍ നിന്നും പ്രധാന വേദിയിലേക്ക് അയ്യായിരത്തോളം ബഹുജനങ്ങള്‍ പങ്കെടുക്കുന്ന ഘോഷയാത്രയും തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനവും നടക്കും.

സാംസ്‌കാരിക സമ്മേളനം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍, മലയാളികളുടെ പ്രിയ നടന്‍ ജയറാം തുടങ്ങി സാംസ്‌കാരിക രാഷ്ട്രീയ സാഹിത്യ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കാളികളാകും. തുടര്‍ന്ന് കലാമത്സരങ്ങളില്‍ ഏറ്റവും മികച്ച പ്രകടനങ്ങള്‍ ഒരു മണിക്കൂര്‍ അരങ്ങേറും. തുടര്‍ന്ന് കേരളത്തിലെ പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/78033/festival-all-over-the-place-kudumbashree-balasabha-kalotsavam-at-chakkittapara-from-16th-to-20th-november)