---
title: "തൊഴിലുറപ്പ് സമയക്രമം സംബന്ധിച്ച് ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് "
english_title: "The allegation against the Cheruvannur Panchayat Administrative Committee regarding the employment guarantee schedule is baseless"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79259/the-allegation-against-the-cheruvannur-panchayat-administrative-committee-regarding-the-employment-guarantee-schedule-is-baseless"
published_at: "2022-11-08T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a7d62d4c27_OBIT_CARD_JPG.JPG"
keywords: []
---

# തൊഴിലുറപ്പ് സമയക്രമം സംബന്ധിച്ച് ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് 

> **Lead Summary:** **ചെറുവണ്ണൂര്‍: **തൊഴിലുറപ്പ് സമയക്രമം സംബന്ധിച്ച് ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**ചെറുവണ്ണൂര്‍: **തൊഴിലുറപ്പ് സമയക്രമം സംബന്ധിച്ച് ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പുതിയ ഭരണസമിതി നിലവില്‍ വരുന്നതിന് മുന്‍പ് തന്നെ തൊഴിലുറപ്പു പദ്ധതിയിലെ സമയക്രമം കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണിവരെ ആണ്.

പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ തൊഴിലുറപ്പില്‍ ഈയിടെ തൊഴിലാളിയായ സിപിഎം വനിതാ നേതാവ് ഒപ്പിട്ട ശേഷം ഉച്ചക്ക് മുമ്പ് അനധികൃതമായി തൊഴിലിടത്തില്‍ നിന്നും പോയി എന്ന പരാതി അധികൃതര്‍ക്ക് സമര്‍പ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതികാര നടപടിയെന്നോണം പിറ്റേന്ന് 5 മിനിറ്റു വൈകി എത്തിയ ഒരു തൊഴിലാളിക്ക് വാര്‍ഡിലെ ഒരു മാറ്റ് ഒരു ദിവസത്തെ തൊഴില്‍ നിഷേധിച്ചു.

ഇതേതുടര്‍ന്ന് തൊഴില്‍ നിഷേധിക്കപ്പെട്ട സ്ത്രീയുടെ ബന്ധു ഓംബുഡ്‌സ്മാന് പരാതിപ്പെടുകയും തുടര്‍ന്ന് ഓംബുഡ്‌സ്മാന്‍ ചെറുവണ്ണൂരിലെ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് അന്വേഷണം നടത്തുകയും പദ്ധതിയുടെ നടത്തിപ്പില്‍ അപാകത ഉണ്ട് എന്ന നിഗമനത്തില്‍ എത്തി പഞ്ചായത്തിന് കര്‍ശന നിദ്ദേശം നല്‍കുകയും ചെയ്തതിരുന്നു എന്നും ഇവര്‍ എറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് സെക്രട്ടറി തൊഴിലുറപ്പു മാറ്റ്മാര്‍ക്ക് സമയക്രമം കൃത്യമായി പാലിക്കണമെന്ന് ഉത്തരവ് നല്‍കുകയും ചെയ്തു. പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നത് ഒക്ടോബര്‍ 29 നും ആദ്യ പഞ്ചായത്ത് ബോര്‍ഡ് യോഗം നടക്കുന്നത് നവംബര്‍ 3 നുമാണ് എന്നിരിക്കെയാണ് ഭരണസമിതി നിലവില്‍ വരുന്നതിന് മുന്‍പെ ഇറക്കിയ ഓഡറിന്റെ ഉത്തരവാദിത്വം പുതിയ ഭരണസമിതിയുടെ തലയില്‍ കെട്ടിവക്കാനുള്ള ശ്രമം വെറും രാഷ്ട്രീയ പ്രേരിതം മാത്രമാണ്.

തൊഴിലുറപ്പ് സമയക്രമം നിശ്ചയിക്കാനുള്ള അധികാരം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് എന്നതാണ് വസ്തുത എന്നിരിക്കെയാണ് വ്യാജ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

പുതിയ ഭരണസമിതിയെ അപകീര്‍ത്തിപ്പെടുത്താനും വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അധാര്‍മ്മികമായ് ജയിക്കുവാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളുടെ ഭാഗം മാത്രവുമാണ് ചെറുവണ്ണൂര്‍ അങ്ങാടിയില്‍ സിഐടിയു യൂണിയന്‍ നടത്തിയ പ്രകടനത്തെ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചായ് ചിത്രീകരിച്ച നടപടിയിലൂടെ സിപിഎം ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരായ് മാറിയിരിക്കുകയാണ് എന്നും ഇവര്‍ പറഞ്ഞു.

പ്രകടനം ഉദ്ഘാടനം ചെയ്ത സി.പി.എം ഏരിയ സെക്രട്ടറി അദ്ദേഹത്തിന്റെ ഏരിയയിലെ സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് സമയം എത്രയാണെന്ന് വ്യക്തമാക്കണം.

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പില്‍ ഗ്രാമ പഞ്ചായത്തുകളെക്കാള്‍ ചുമതല വഹിക്കുന്ന സംവിധാനം ബ്ലോക്ക് പഞ്ചായത്ത് ആണെന്നിരിക്കെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ പ്രതികരണം അറിയാന്‍ പൊതുജനത്തിന് താല്‍പ്പര്യം ഉണ്ട്.

മന്‍മോഹന്‍ സിംങ്ങ് ഗവണ്‍മെന്റ് കൊണ്ടു വന്ന ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയായ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ താല്‍ക്കാലിക നേട്ടത്തിന് വേണ്ടി നടത്തുന്ന ഇത്തരം പ്രചരണങ്ങള്‍ അതിന് ആക്കം കൂട്ടുകയേ ഉള്ളൂ എന്ന് യുഡിഎഫ് പഞ്ചായത്ത് നേതൃത്വം വാര്‍ത്ത സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. എം.കെ.സുരേന്ദ്രന്‍, അബ്ദുള്‍ കരീം കോച്ചേരി എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79259/the-allegation-against-the-cheruvannur-panchayat-administrative-committee-regarding-the-employment-guarantee-schedule-is-baseless)