---
title: "തണല്‍ പന്തിരി പ്രൊജക്ട്: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നല്‍കി സ്ഥല ഉടമകള്‍"
english_title: "Tanal Panthiri Project: The land owners submitted a petition to the Gram Panchayat President"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80442/tanal-panthiri-project-the-land-owners-submitted-a-petition-to-the-gram-panchayat-president"
published_at: "2022-11-15T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6373beffa5fd8_OBIT_CARD_JPG.JPG"
keywords: []
---

# തണല്‍ പന്തിരി പ്രൊജക്ട്: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നല്‍കി സ്ഥല ഉടമകള്‍

> **Lead Summary:** ** പേരാമ്പ്ര:** പന്തിരിക്കരയില്‍ തണല്‍ കൊണ്ടുവരുന്ന രിഹാബ് യൂണിവേഴ്‌സിറ്റി നാടിനും നാട്ടാര്‍ക്കും നന്മ ചൊരിയുന്ന സംരംഭമാണെന്ന ഉറച്ച ബോധ്യത്തിലാണ് സ്ഥലവില്‍പനക്ക് തയ്യാറായതെന്നും ഈ പദ്ധതി വഴി യാതൊരുവിധ മലിനീകരണ പ്രശ്‌നവും സമീപവാസികള്‍ക്ക് ഉണ്ടാവുകയില്ലെന്ന ഉറപ്പ് തങ്ങള്‍ക്കുണ്ടെന്നും സ്ഥല ഉടമകള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരിക്ക് നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കി .

## Article Content

** പേരാമ്പ്ര:** പന്തിരിക്കരയില്‍ തണല്‍ കൊണ്ടുവരുന്ന രിഹാബ് യൂണിവേഴ്‌സിറ്റി നാടിനും നാട്ടാര്‍ക്കും നന്മ ചൊരിയുന്ന സംരംഭമാണെന്ന ഉറച്ച ബോധ്യത്തിലാണ് സ്ഥലവില്‍പനക്ക് തയ്യാറായതെന്നും ഈ പദ്ധതി വഴി യാതൊരുവിധ മലിനീകരണ പ്രശ്‌നവും സമീപവാസികള്‍ക്ക് ഉണ്ടാവുകയില്ലെന്ന ഉറപ്പ് തങ്ങള്‍ക്കുണ്ടെന്നും സ്ഥല ഉടമകള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരിക്ക് നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കി .

തങ്ങളാരും വലിയ സാമ്പത്തിക ശേഷിയുള്ളവരല്ലെന്നും സ്വന്തം ഭൂമി നല്ലൊരു ആവശ്യത്തിന് വേണ്ടി കൈമാറുമ്പോള്‍ പ്രസ്തുത കച്ചവടം തടയാന്‍ ചിലര്‍ ശ്രമിക്കുന്നത് പൗരാവകാശ ലംഘനമാണെന്നും ഈ വിഷയത്തില്‍ പ്രസിഡണ്ട് ഇടപെട്ട് നീതി നടപ്പിലാക്കണമെന്നും സ്ഥല ഉടമകള്‍ കൂട്ടായി ഒപ്പിട്ട് പ്രസിഡണ്ടിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ജലമലിനീകരണം, ഉരുള്‍പൊട്ടല്‍ തുടങ്ങി നട്ടാല്‍ പൊടിക്കാത്ത പെരും നുണകള്‍ പ്രചരിപ്പിച്ച് പരിസരവാസികളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നത് അവരുടെ സ്വാര്‍ത്ഥതകൊണ്ടാണെന്നും ഉടമകള്‍ കൂട്ടിചേര്‍ത്തു.

ഞങ്ങള്‍ ഭൂമി ന്യായമായ വിലക്ക് നല്‍കുന്നത് ആളുകളെ ചൂഷണം ചെയ്ത് പണം പിഴിയുന്ന കോര്‍പ്പറേറ്റ് കമ്പനിക്കല്ലെന്നും മതേതര സ്വഭാവത്തില്‍ നാട്ടുകാര്‍ തന്നെ മുന്‍കൈയെടുത്ത് നടത്തുന്ന തണല്‍ എന്ന ജനകീയ കാരുണ്യ സംവിധാനത്തിനാണെന്നും പറയുന്നു.

യാതൊരുവിധ പാരിസ്ഥിതിക പ്രശ്‌നവും സൃഷ്ടിക്കാത്ത തണല്‍ പ്രൊജക്ട് പന്തിരിക്കരക്ക് നഷ്ടപ്പെടാതിരിക്കാന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി മുന്‍കൈയെടുക്കണമെന്നും അവര്‍ കൂട്ടമായി ആവശ്യപ്പെട്ടു.

സ്ഥല ഉടമകളെ പ്രതിനിധികരിച്ച് മോഹനന്‍വാര്യര്‍, ശ്രീനിവാസന്‍, കൃഷ്ണന്‍, ടി.പി ഇബ്രാഹിം, പി.കെ. കുഞ്ഞമ്മദ് എന്നിവര്‍ ചേര്‍ന്നാണ് പ്രസിസണ്ടിനെ സന്ദര്‍ശിച്ച് നിവേദനം കൈമാറിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80442/tanal-panthiri-project-the-land-owners-submitted-a-petition-to-the-gram-panchayat-president)