---
title: "കോണ്‍ഗ്രസിന്റെ സമരം ജനങ്ങളോടുള്ള വെല്ലുവിളി; സിപിഐഎം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മിറ്റി "
english_title: "Congress's struggle is a challenge to the people; CPIM Nochad South Local Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80792/congresss-struggle-is-a-challenge-to-the-people-cpim-nochad-south-local-committee"
published_at: "2022-11-17T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63765f755fb3d_OBIT_CARD_JPG.JPG"
keywords: []
---

# കോണ്‍ഗ്രസിന്റെ സമരം ജനങ്ങളോടുള്ള വെല്ലുവിളി; സിപിഐഎം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് ഏഎല്‍പി സ്‌ക്കൂള്‍ അദ്ധ്യാപകനും കോണ്‍ഗ്രസ് നേതാവുമായ സി.കെ അജീഷിനെ അന്വേഷണ വിധേയമായി പുറത്താക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയുടെ പേരില്‍ സമരം ചെയ്യുന്ന കോണ്‍ഗ്രസും അദ്ധ്യാപക സംഘടനയും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ജനങ്ങളെയും വെല്ലുവിളിക്കുകയാണെന്ന് സിപിഐഎം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മിറ്റി പ്രതകുറിപ്പില്‍ ആരോപിച്ചു.

## Article Content

**പേരാമ്പ്ര:** നൊച്ചാട് ഏഎല്‍പി സ്‌ക്കൂള്‍ അദ്ധ്യാപകനും കോണ്‍ഗ്രസ് നേതാവുമായ സി.കെ അജീഷിനെ അന്വേഷണ വിധേയമായി പുറത്താക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയുടെ പേരില്‍ സമരം ചെയ്യുന്ന കോണ്‍ഗ്രസും അദ്ധ്യാപക സംഘടനയും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ജനങ്ങളെയും വെല്ലുവിളിക്കുകയാണെന്ന് സിപിഐഎം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മിറ്റി പ്രതകുറിപ്പില്‍ ആരോപിച്ചു.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ചാത്തോത്ത് താഴ വെച്ച് പരസ്യമായാണ് കലാപാഹ്വാനം നടത്തിയത്. നൊച്ചാട് ആകെ കത്തിക്കുമെന്നും സിപിഎം നേതാക്കളുടെ വീട് കയറി അക്രമിക്കുമെന്നും ഒരു അദ്ധ്യാപകന്‍ നടത്തിയ കൊലവിളിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

ഇതിന്റെ പേരില്‍ അയാള്‍ക്കെതിരെ പേരാമ്പ്ര പോലീസ് ക്രിമനല്‍ കേസെടുത്തിട്ടുണ്ട്. സ്വന്തം വിദ്യാലയത്തിന്റെ സമീപത്ത് വെച്ച് താന്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അക്രമിക്കുമെന്ന് പരസ്യമായി വെല്ലുവിളിക്കുന്നത് ഒരു അദ്ധ്യാപകന് ചേര്‍ന്നതല്ലന്നും ഇയാള്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി രക്ഷിതാക്കളും മറ്റുള്ളവരും വിദ്യാഭ്യാസമന്ത്രിക്കും സ്ഥലം എംഎല്‍എയ്ക്കും പരാതി നല്‍കിയിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അദ്ദേഹത്തെ ഇപ്പോള്‍ സര്‍വീസില്‍ നിന്ന് പുറത്താക്കിയത്. സമൂഹത്തിന് മാതൃകയാകേണ്ട ഒരു അദ്ധ്യാപകന്‍ ഇത്തരം ഒരു കിമിനല്‍ കുറ്റം ചെയ്തിട്ട് അതിന്റെ പേരില്‍ നടപടി എടുത്തപ്പോള്‍ അതിനെനെതിരെ സമരം ചെയ്യുന്ന കോണ്‍ഗ്രസ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് സിപിഎം നേതൃത്വം പറഞ്ഞു.

സ്വന്തം മണ്ഡലത്തില്‍ നടന്ന അത്യന്തം ഹീനമായ ഈ നടപടിക്കെതിരെ ജനങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിച്ച ടി.പി രാമകൃഷ്ണന്‍ എംഎല്‍എയെ അധിക്ഷേപിക്കുന്ന കോണ്‍സ് നടപടി പ്രതിഷേധാര്‍ഹമാണ്.

പരസ്യ കലാപാഹ്വാനം നടത്തിയ അന്ന് അര്‍ദ്ധരാത്രി സിപിഐഎം വാല്യക്കോട് ബ്രാഞ്ച് ഓഫീസ് തീവെച്ച് നശിപ്പിക്കപ്പെട്ടു. നൊച്ചാട് നോര്‍ത്ത് ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോമ്പെറിഞ്ഞു.

രണ്ട് ദിവസത്തിന് ശേഷം സിപിഐഎം നൊച്ചാട് സൗത്ത് ലോക്കല്‍ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിന് ബോബെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമം നടന്നു. പിന്നീട് പാര്‍ട്ടി അംഗവും നൊച്ചാട് ഹൈസ്‌ക്കൂള്‍ ജീവനക്കാരനുമായ എം.കെ സുള്‍ഫിക്കറിന്റെ വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ട കാര്‍പെട്രോളൊഴിച്ച് തീവെച്ചു.

ഇത്തരം അക്രമങ്ങള്‍ക്കെല്ലാം ഈ കലാപാഹ്വാനവുമായി ബന്ധമുണ്ടെന്നും സിപിഎം ആരോപിച്ചു. പത്ത് വര്‍ഷം മുന്‍പ് ജനപ്രതിനിധിയായിരിക്കെ വ്യാജ രേഖ ചമച്ചതുള്‍പ്പെടെ പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തിയുടെ പേരില്‍ സിപിഐഎം ല്‍ നിന്ന് പുറത്താക്കിയ അജീഷ് ബിജെപി ഉള്‍പ്പെടെ നിരവധി പാര്‍ട്ടികളില്‍ കയറി ഇറങ്ങി.

ഇപ്പോള്‍ കോണ്‍ഗ്രസില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇയാള്‍ക്കെതിരെ സിപിഎം പ്രതികാര നടപടി സ്വീകരിക്കുകയാണന്ന കോണ്‍ഗ്രസ് ആരോപണം പരിഹാസ്യമാണെന്നും സിപിഐഎം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മിറ്റി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80792/congresss-struggle-is-a-challenge-to-the-people-cpim-nochad-south-local-committee)