---
title: "പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മാണത്തിലെ അഴിമതി വിജിലന്‍സിനെ സമീപിക്കുമെന്ന് യുഡിഎഫ് "
english_title: "UDF to approach vigilance for corruption in construction of Perampra fish market"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80948/udf-to-approach-vigilance-for-corruption-in-construction-of-perampra-fish-market"
published_at: "2022-11-18T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63778d147e462_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മാണത്തിലെ അഴിമതി വിജിലന്‍സിനെ സമീപിക്കുമെന്ന് യുഡിഎഫ് 

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നതായും പ്രവര്‍ത്തി വിജിലന്‍സ് അന്വേഷിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര **: പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നതായും പ്രവര്‍ത്തി വിജിലന്‍സ് അന്വേഷിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

യുഡിഎഫ് ജനപ്രതിനിധികളും നേതാക്കളും മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ഉദ്ഘാടനം കഴിഞ്ഞു 2 മാസം തികയുന്നതിന് മുന്‍പേ മത്സ്യ മാര്‍ക്കറ്റ് പൊട്ടിപ്പൊളിഞ്ഞ് തുടങ്ങിയിരിക്കുന്നു. നിലത്തും മത്സ്യ വില്പനക്കായി തയ്യാറാക്കിയ സ്ലാബിനു മുകളിലും പതിച്ച ടൈലുകള്‍ ഇളകി പോവുകയും പൊട്ടിപൊളിഞ്ഞ നിലയിലുമാണ്.

മല്‍സ്യം വാങ്ങുവാന്‍ വരുന്നവര്‍ തറയിലെ ടൈലുകളില്‍ ചവിട്ടുമ്പോള്‍ ടൈലുകള്‍ക്കിടയില്‍ നിന്ന് മലിനജലം ശരീരത്തിലേക്ക് തെറിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

ഏറെ കൊട്ടിഘോഷിച്ചു തദ്ദേശവകുപ്പ് മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ച മല്‍സ്യ മാര്‍ക്കറ്റാണ് ഈ അവസ്ഥയില്‍ എത്തി നില്‍ക്കുന്നതെന്ന് യുഡിഎഫ് പറഞ്ഞു.

മത്സ്യമാര്‍ക്കറ്റിനകത്തെ മലിന ജലം ഒഴുകി പോവുന്നതിനായി നിര്‍മ്മിച്ച ഓവുചാലിലൂടെ വെള്ളം ഒഴുകാതെ കെട്ടിക്കിടക്കുകയാണ്. ഇവിടം മാലിന്യത്തിന്റെയും കൊതുകകളുടെയും താവളമായി മാറിയിരിക്കുന്നു.

ഇരുന്നൂറോളം തൊഴിലാളികളും പൊതുജനങ്ങളും ഉപയോഗിക്കേണ്ട കക്കൂസ് ഇടക്കിടെ ബ്ലോക്കാവുന്ന അവസ്ഥയിലാണ് ഉള്ളത്.

86 ലക്ഷം രൂപ ചിലവഴിച്ചാണ് ആധുനിക സംവിധാനത്തിലുണ്ടാക്കി എന്ന് പറയുന്ന മല്‍സ്യമാര്‍ക്കറ്റ് നിര്‍മ്മിച്ചതെന്നും നിര്‍മാണത്തിലെ അപാകതയും അഴിമതിയുമാണ് ഇതിന്റെ പിന്നിലെന്നും അതുകൊണ്ടുതന്നെ ഇതേ പറ്റി അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം വിജിലന്‍സിനെ സമീപിക്കുമെന്നും മല്‍സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ച ശേഷം ഗ്രാമ പഞ്ചായത്ത് അംഗങ്ങളും നേതാക്കളും പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.കെ. രാഗേഷ്, യു.സി. അനീഫ, അര്‍ജ്ജുന്‍ കറ്റയാട്ട്, റെസ്മിന തങ്കേക്കണ്ടി, സല്‍മ നന്മനക്കണ്ടി, യുഡിഎഫ് നേതാക്കളായ രാജന്‍ മരുതേരി, എം.കെ.സി. കുട്ട്യാലി എന്നിവര്‍ സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80948/udf-to-approach-vigilance-for-corruption-in-construction-of-perampra-fish-market)