---
title: "സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിക്രം മൈതാനി പ്രധാന വേദിയാകും"
english_title: "Vikram Maidani will be the main venue for the State School Arts Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81432/vikram-maidani-will-be-the-main-venue-for-the-state-school-arts-festival"
published_at: "2022-11-21T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b9cdab8175_OBIT_CARD_JPG.JPG"
keywords: []
---

# സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിക്രം മൈതാനി പ്രധാന വേദിയാകും

> **Lead Summary:** ** പേരാമ്പ്ര: **ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് ജില്ലയില്‍ സംഘടിപ്പിക്കുന്ന അറുപത്തിയൊന്നാമത് കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു.

## Article Content

** പേരാമ്പ്ര: **ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് ജില്ലയില്‍ സംഘടിപ്പിക്കുന്ന അറുപത്തിയൊന്നാമത് കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവരാണ് മുഖ്യ രക്ഷാധികാരികള്‍.

കോര്‍പ്പറേഷന്‍ മേയര്‍, എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി തുടങ്ങിയവര്‍ സമിതിയിലെ രക്ഷാധികാരികളാണ്.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ചെയര്‍മാനും തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ വര്‍ക്കിംഗ് ചെയര്‍മാനുമാണ്. ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് വൈസ് ചെയര്‍മാനായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ ജനറല്‍ കോഡിനേറ്ററായും പ്രവര്‍ത്തിക്കും.

കലോത്സവത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 21 സബ് കമ്മിറ്റികളാണ് രൂപീകരിച്ചിരിക്കുന്നത്. ഈ സബ് കമ്മിറ്റികള്‍ക്ക് ജനപ്രതിനിധികള്‍ നേതൃത്വം നല്‍കും. സബ് കമ്മിറ്റിയിലെ കണ്‍വീനര്‍മാരായി വിവിധ അധ്യാപക അനധ്യാപക സാമൂഹ്യ സഹകരണ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കന്മാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ സമൂഹത്തിലെ നാനാതുറയില്‍പെട്ടവര്‍ പ്രവര്‍ത്തിക്കും.

വെസ്റ്റ്ഹില്‍ വിക്രം മൈതാനിയാണ് കലോത്സവത്തിന്റെ പ്രധാന വേദി. ജില്ലയിലെ വിവിധ സ്‌കൂളുകളിലായി 24 ഓളം വേദികളാണ് ഒരുക്കുക. 239 ഇനം കലാപരിപാടികള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും.

ഇതോടൊപ്പം സംസ്‌കൃതോത്സവവും അറബി കലോത്സവവും അരങ്ങേറും. കൂടാതെ ദിശ ഹയര്‍ എജുക്കേഷന്‍ എക്‌സ്‌പോയും എക്‌സിബിഷനുകളും സംസ്‌കാരിക കലാ പരിപാടികളും ദൃശ്യവിസ്മയവും സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി നടക്കും.

ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ നിന്നുമായി ഏകദേശം 14000 ത്തോളം വിദ്യാര്‍ത്ഥികള്‍ സംസ്ഥാനതലത്തില്‍ മാറ്റുരക്കുന്നുണ്ട് .

പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ വിശിഷ്ടാതിഥിയായിരുന്നു.

മേയര്‍ ഡോ. ബീന ഫിലിപ്പ്, എം.കെ രാഘവന്‍ എംപി, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ അഡിഷണല്‍ ഡയറക്ടര്‍ (ജനറല്‍) സി.എ സന്തോഷ് സംഘാടക സമിതി അവതരണം നടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു ഐഎഎസ് സ്വാഗതവും കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81432/vikram-maidani-will-be-the-main-venue-for-the-state-school-arts-festival)