---
title: "പേരാമ്പ്രക്ക് പുത്തന്‍ അനുഭൂതി പകര്‍ന്ന് മില്‍ക്കിവേയുടെ മൂന്നാം വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു "
english_title: "Peramprak organized the 3rd anniversary celebration of Milky Way with a variety of events"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81552/peramprak-organized-the-3rd-anniversary-celebration-of-milky-way-with-a-variety-of-events"
published_at: "2022-11-22T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637cdbd47ce79_143milky.JPG"
keywords: []
---

# പേരാമ്പ്രക്ക് പുത്തന്‍ അനുഭൂതി പകര്‍ന്ന് മില്‍ക്കിവേയുടെ മൂന്നാം വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര :** ശബ്ദ സാങ്കേതിക രംഗത്തും ഓഡിയോ എഞ്ചിനീയറിംഗ് പഠന മേഖലയിലും മികവുറ്റ പ്രവര്‍ത്തനം കാഴ്ച വെച്ച പേരാമ്പ്രയിലെ ഏക സ്ഥാപനമായ മില്‍ക്കിവേയുടെ മൂന്നാം വാര്‍ഷികാഘോഷം സമുചിതമായി ആഘോഷിച്ചു.

## Article Content

**പേരാമ്പ്ര :** ശബ്ദ സാങ്കേതിക രംഗത്തും ഓഡിയോ എഞ്ചിനീയറിംഗ് പഠന മേഖലയിലും മികവുറ്റ പ്രവര്‍ത്തനം കാഴ്ച വെച്ച പേരാമ്പ്രയിലെ ഏക സ്ഥാപനമായ മില്‍ക്കിവേയുടെ മൂന്നാം വാര്‍ഷികാഘോഷം സമുചിതമായി ആഘോഷിച്ചു.

സ്ഥാപനത്തിന് സമീപത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ രണ്ട് ദിവസമായി സോയിരീ 2022 എന്ന പേരില്‍ നടന്ന മില്‍ക്കിവേ വാര്‍ഷികാഘോഷം പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു.

ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ മില്‍ക്കിവേ ഡയറക്ടര്‍ പ്രശാന്ത് ശങ്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗാനരചയിതാവ് രമേശ് കാവില്‍ മുഖ്യപ്രഭാഷണവും നടത്തി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ആദരവ് സമര്‍പ്പണം നടത്തി.

കലാ സാംസ്‌കാരിക രാഷ്ട്രിയ രംഗത്തെ പ്രഗത്ഭരും ജനപ്രതിനിധികളും ഒരുമിച്ച സാംസ്‌കാരിക സദസ്സില്‍ വെച്ച് വിവിധ മേഖലകളില്‍ മികവു തെളിയിച്ച പതിനാലോളം പ്രതിഭകളെ ആദരിച്ചു.

ഗായകര്‍ ചെങ്ങന്നൂര്‍ ശ്രീകുമാര്‍, ഇ.കെ. രൂപേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശശികുമാര്‍ പേരാമ്പ്ര, കെ.കെ. ലിസി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എന്‍. ശാരദ, വിനോദ് തിരുവോത്ത്, വിവിധ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരായ കെ. കുഞ്ഞിക്കണ്ണന്‍, രാജന്‍ മരുതേരി, ഗോപാലകൃഷ്ണന്‍ തണ്ടോരപ്പാറ, പുതുക്കുടി അബ്ദുല്‍ റഹ്മാന്‍, കെ.കെ. രജീഷ്, ശ്രീധരന്‍ മുതുവണ്ണച്ച, കെ.വി. ബാലന്‍, കെ.ടി. രാമചന്ദ്രന്‍, പ്രകാശന്‍ കിഴക്കയില്‍, വ്യാപാരി വ്യവസായി പ്രതിനിധികളായ സുരേഷ് ബാബു കൈലാസ്, ബി.എം. മുഹമ്മദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ മില്‍ക്കി സ്റ്റാര്‍ വോയ്‌സ് സിങ്ങിങ്ങ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും വേദിയില്‍ നടന്നു. സ്വാഗത സംഘം ചെയര്‍മാനും ഗ്രാമപഞ്ചായത്തംഗവുമായ അര്‍ജുന്‍ കട്ടയാട്ട് സ്വാഗതം പറഞ്ഞ ചടങ്ങിന് ആര്‍. രഞ്ജിത്ത് നന്ദിയും പറഞ്ഞു.

സാസ്‌കാരിക സമ്മേളനത്തിനു ശേഷം ശ്രീജിത്ത് കൃഷ്ണ, ദീപക് ജെ.ആര്‍, ആവണി മല്‍ഹാര്‍, അര്‍ച്ചന രാജന്‍, കൃഷ്ണ ദിയ, തീര്‍ത്ഥ സുഭാഷ്, തുടങ്ങിയ ഗായകര്‍ നയിക്കുന്ന ധ്യാന്‍ ബാന്റിന്റെ സംഗീത വിരുന്നും നടന്നു. രണ്ടാം ദിവസമായ 21 ന് വൈകിട്ട് 5 മണിമുതല്‍ പേരാമ്പ്രക്ക് പുതിയ ശ്രാവ്യ വിസ്മയം തീര്‍ത്ത് മിഴാവില്‍ പഞ്ചാരിമേളം അരങ്ങേരി.

ചെണ്ട പ്രധാന വാദ്യമായി നടത്തിവരാറുള്ള പഞ്ചാരിമേളം ക്ഷേത്രത്തിനകത്ത് കൂത്തിനും നങ്യാര്‍ കൂത്തിനും ഉപയോഗിച്ചു വന്നിരുന്ന പ്രാചീന വാദ്യ ഉപകരണമായ മിഴാവിനെ പഞ്ചാരിയിലെ ചെണ്ടയുടെ നായക സ്ഥാനത്തിന് പകരം ഉപയോഗിച്ച് നടത്തിയ മിഴാവില്‍ പഞ്ചാരിമേളം പേരാമ്പ്രക്കാര്‍ക്ക് ആസ്വദിച്ച് അനുഭവിക്കാന്‍ മില്‍ക്കിവേയുടെ വാര്‍ഷികാഘോഷത്തിലൂടെ ഒരു സുവര്‍ണ്ണാവസരം ലഭിക്കുകയായിരുന്നു.

വാദ്യലോകത്തെ പരീക്ഷണങ്ങളിലെ ഏറ്റവും പുതിയ പരീക്ഷണമായ മിഴാവില്‍ പഞ്ചാരി പേരാമ്പ്രയിലെ ആസ്വാദക ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത് കലാമണ്ഡലം വിജയും സംഘവുമാണ്. തുടര്‍ന്ന് ശബ്ദ സൗകുമാര്യവും അതുല്യമായ ആലാപാന ശൈലി കൊണ്ടും മലയാളിയുടെ മനസില്‍ പാടിന്റെ പാലാഴി തീര്‍ക്കുന്ന പ്രശസ്ത ഇന്ത്യന്‍ പിന്നണി ഗായകനും സംഗീത സംവിധായകനും മികച്ച ഗസല്‍ ഗായകനുമായ ഷഹബാസ് അമന്‍ പേരാമ്പ്രയുടെ രാവിനെ കുളിരണിയിച്ച സംഗീത വിരുന്നും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81552/peramprak-organized-the-3rd-anniversary-celebration-of-milky-way-with-a-variety-of-events)