---
title: "നിവേദനത്തിന് ഫലം കണ്ടു; കുട്ടികള്‍ക്ക് കളി കാണാന്‍ അവസരം ഒരുക്കി നൊച്ചാട് സ്‌കൂള്‍ അധികൃതര്‍ "
english_title: "The petition bore fruit; Nochad school authorities have provided an opportunity for children to watch the game"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81569/the-petition-bore-fruit-nochad-school-authorities-have-provided-an-opportunity-for-children-to-watch-the-game"
published_at: "2022-11-22T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637cf0536e35b_OBIT_CARD_JPG.JPG"
keywords: []
---

# നിവേദനത്തിന് ഫലം കണ്ടു; കുട്ടികള്‍ക്ക് കളി കാണാന്‍ അവസരം ഒരുക്കി നൊച്ചാട് സ്‌കൂള്‍ അധികൃതര്‍ 

> **Lead Summary:** **നൊച്ചാട്: **കാല്‍പ്പന്തിന്റെ താളം നെഞ്ചിലേറ്റി ലോകം മുഴുവന്‍ ആരവങ്ങള്‍ മുഴുക്കിയപ്പോള്‍ തങ്ങളുടെ ഇഷ്ട ടീമിന്റെ കളി ഹര്‍ഷാരവത്തോടെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നൊച്ചാട് സ്‌കൂളിലെ ആരാധകന്‍മാരും ആരാധികമാരും.

## Article Content

**നൊച്ചാട്: **കാല്‍പ്പന്തിന്റെ താളം നെഞ്ചിലേറ്റി ലോകം മുഴുവന്‍ ആരവങ്ങള്‍ മുഴുക്കിയപ്പോള്‍ തങ്ങളുടെ ഇഷ്ട ടീമിന്റെ കളി ഹര്‍ഷാരവത്തോടെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നൊച്ചാട് സ്‌കൂളിലെ ആരാധകന്‍മാരും ആരാധികമാരും.

കുട്ടികള്‍ക്ക് കളിയോടുള്ള ആവേശം ഉള്‍ക്കൊണ്ട് സ്‌കൂള്‍ അധികൃതര്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ കളി കാണാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയായിരുന്നു.

തങ്ങളുടെ ഇഷ്ട ടീമിന്റെ കളികാണാന്‍ നിവേദനവുമായി സ്‌കൂള്‍ അധികൃതരെ സമീപിച്ച നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 3. 30ന് അര്‍ജന്റീനയും സൗദി അറേബ്യയുമായി നടക്കുന്ന മത്സരം കാണാന്‍ ഞങ്ങള്‍ അര്‍ജന്റീന ഫാന്‍സിനെ അനിവാര്യമായി തോന്നുന്നു എന്നും അതിനാല്‍ സ്‌കൂള്‍ മൂന്നുമണിക്ക് വിടണമെന്നും എഴുതി തയ്യാറാക്കിയ ശേഷം 100 കുട്ടികള്‍ ഒപ്പിട്ട നിവേധനം പ്രധാന അധ്യാപകന് നല്‍കിയിരുന്നു.

എന്നാല്‍ സ്‌കൂള്‍ വിടണമെന്ന ആവശ്യം അധ്യാപകര്‍ സ്‌നേഹത്തോടെ നിരസിക്കുകയായിരുന്നു. പിന്നീട് കളി കാണാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയായിരുന്നു.

എന്നാല്‍ അര്‍ജ്ജന്റീന പരാജയപ്പെട്ടതോടെ നിരാശയിലായ കുട്ടികള്‍ അടുത്ത കളിക്ക് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുമെന്നും പറഞ്ഞു.

കുട്ടികളുടെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് മനസ്സിലാക്കിയ അധ്യാപകര്‍ 32 ലോകരാജ്യങ്ങളുടെ പതാക സ്ഥാപിക്കാനുള്ള അനുമതി കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്.

കൂടാതെ അവരവരുടെ ഇഷ്ട ടീമിന്റെ ജേഴ്സി അണിഞ്ഞ് ലോകകപ്പ് ഫുട്ബോള്‍ ക്വിസ് മത്സരം സംഘടിപ്പിക്കും. കുട്ടികള്‍ക്ക് സ്പോര്‍ട്സിനുള്ള താല്പര്യം വളരെ കൗതുകത്തോടെയാണ് സ്‌കൂള്‍ അധികൃതര്‍ കണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81569/the-petition-bore-fruit-nochad-school-authorities-have-provided-an-opportunity-for-children-to-watch-the-game)