---
title: "പേരാമ്പ്ര ഇ.എം.എസ്സില്‍ ഇനി സി.ടി സ്‌കാനിങ്ങ് സെന്റര്‍ "
english_title: "CT scanning center now in Perampra EMS"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82169/ct-scanning-center-now-in-perampra-ems"
published_at: "2022-11-26T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6382332925d74_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര ഇ.എം.എസ്സില്‍ ഇനി സി.ടി സ്‌കാനിങ്ങ് സെന്റര്‍ 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ സി.ടി സ്‌കാനിങ്ങ് സെന്ററിന്റെയും അത്യാധുനിക ലബോറട്ടറി ബ്ലോക്കിന്റെയും ഉദ്ഘാടനം നവംബര്‍ 28 തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ സി.ടി സ്‌കാനിങ്ങ് സെന്ററിന്റെയും അത്യാധുനിക ലബോറട്ടറി ബ്ലോക്കിന്റെയും ഉദ്ഘാടനം നവംബര്‍ 28 തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

സി.ടി സ്‌കാന്‍ സെന്റര്‍ സംസ്ഥാന സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. അത്യാധുനിക ലബോറട്ടറി കോംപ്ലക്‌സിന്റെ ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണനും നിര്‍വ്വഹിക്കും.

നാദാപുരം, കുറ്റ്യാടി, കൂരാച്ചുണ്ട്, പേരാമ്പ്ര പോലുള്ള മലയോര പ്രദേശങ്ങളില്‍ നിലവില്‍ സി.ടി സ്‌കാന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ദീര്‍ഘകാലമായുള്ള നാടിന്റെ ആവശ്യമാണ് പേരാമ്പ്രയില്‍ ഇത്തരമൊരു സെന്റര്‍ ആരംഭിക്കുന്നതിലൂടെ സാധ്യമാകുന്നത്.

ആശുപത്രിയുടെയും കോഴിക്കോട് ടൗണ്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെയും സംയുക്ത സംരംഭമായാണ് 2 കോടി രൂപ ചിലവില്‍ സി.ടി സ്‌കാന്‍ സെന്റര്‍ ആരംഭിക്കുന്നത്. ആശുപത്രി പ്രസിഡണ്ട് എ.കെ പത്മാനാഭന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനാവും.

ആശ പ്രവര്‍ത്തകര്‍ക്ക് ആശുപത്രി ചികിത്സ ആനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതിയുടെ ഭാഗമായി അവര്‍ക്കുള്ള പ്രിവിലേജ് കാര്‍ഡ് വിതരണം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വ്വഹിക്കും.

ചടങ്ങില്‍ പ്രദേശത്തെ പ്രമുഖ സഹകാരികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സഹകരണ ഉദ്യോഗസ്ഥരും സംബന്ധിക്കും. വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡന്റ് എ.കെ പത്മനാഭന്‍, വൈസ് പ്രസിഡന്റ് വി. രാമചന്ദ്രന്‍ , സെക്രട്ടറി ഇ. രജി, ഡയറക്ടര്‍മാരായ കെ. കുഞ്ഞമ്മദ്, ടി.കെ. ലോഹിതാക്ഷന്‍, സി.കെ. ശശി എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82169/ct-scanning-center-now-in-perampra-ems)