---
title: "പേരാമ്പ്ര അമ്പല നടയിലെ വാഹന പാര്‍ക്കിംഗ് കാരണം ദുരിതത്തിലായി ജനങ്ങള്‍ "
english_title: "People are suffering due to parking of vehicles in Perampra Ambala Nata"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82585/people-are-suffering-due-to-parking-of-vehicles-in-perampra-ambala-nata"
published_at: "2022-11-29T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6386289b7a7a5_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര അമ്പല നടയിലെ വാഹന പാര്‍ക്കിംഗ് കാരണം ദുരിതത്തിലായി ജനങ്ങള്‍ 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബസ് സ്റ്റാന്റിന് മുന്നില്‍ നിന്ന് എളമാരന്‍ കുളങ്ങര അമ്പലനടയിലൂടെയുള്ള വഴിയില്‍ അനധികൃതമായ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ദുരിതത്തിലാക്കുന്നു. വഴിയാത്രക്കാരെയും സമീപത്തുള്ള സ്ഥാപനങ്ങളിലേക്ക് പോകുന്നവരുമാണ് ദുരിതത്തിലായത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബസ് സ്റ്റാന്റിന് മുന്നില്‍ നിന്ന് എളമാരന്‍ കുളങ്ങര അമ്പലനടയിലൂടെയുള്ള വഴിയില്‍ അനധികൃതമായ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ദുരിതത്തിലാക്കുന്നു. വഴിയാത്രക്കാരെയും സമീപത്തുള്ള സ്ഥാപനങ്ങളിലേക്ക് പോകുന്നവരുമാണ് ദുരിതത്തിലായത്.

ഉത്തരവാദിത്തമില്ലാത്ത രീതിയില്‍ വാഹന പാര്‍ക്കിംഗ് കാരണം യാത്രക്കാര്‍ക്ക് വഴിനടക്കാന്‍ കഴിയാതെ തടസ്സമുണ്ടാക്കുന്നു. ശബരിമല സീസണായതിനാല്‍ പതിവില്‍ക്കൂടുതലായി ക്ഷേത്രത്തിലേക്ക് വന്നു പോകുന്ന ഭക്തര്‍ക്ക് മാത്രമല്ല, അമ്പല നടയിലെ ബേങ്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പത്രമാപ്പീസ് തുടങ്ങി നിരവധിയായ മറ്റ് കച്ചവട സ്ഥാപനങ്ങളിലേക്ക് വരുന്നവര്‍ക്കും വഴി തടസ്സപ്പെടുത്തിക്കൊണ്ടാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്.

അനധികൃത പാര്‍ക്കിംഗ് പാടില്ലെന്നറിയിച്ചു കൊണ്ട് ക്ഷേത്രനടയിലെ വ്യാപാരികള്‍ സ്ഥാപിച്ച ബോര്‍ഡിന് തൊട്ടു താഴെയാണ് ഇത്രയും വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഇട്ടിരിക്കുന്നത്.

ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ടവര്‍ ഇരുചക്ര വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്ത് പോകുന്നത് പതിവാണ്. അത് കാരണം കടകളിലേക്ക് വരുന്ന ഉപഭോക്താക്കള്‍ക്ക് വാഹനം നിര്‍ത്തി സാധനങ്ങള്‍ വാങ്ങിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വാഹനങ്ങള്‍ക്കിടയിലൂടെ ശ്രമകരമായി വഴി നടക്കേണ്ടിവരുമ്പോള്‍ ഉടുവസ്ത്രം കീറിപ്പോകുന്നതും പതിവ് സംഭവമാണ്. ആരോടാണ് പരാതി പറയേണ്ടതെന്നറിയാതെ പ്രയാസത്തിലാണ് യാത്രക്കാര്‍.

ക്ഷേത്ര കമ്മിറ്റിയോ അമ്പല നടയിലെ കച്ചവടക്കാരോ പോലീസോ അടിയന്തിരമായി ഈ പ്രശ്‌നത്തില്‍ ഇടപെട്ട് ഗതാഗത തടസ്സത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82585/people-are-suffering-due-to-parking-of-vehicles-in-perampra-ambala-nata)