---
title: "ജീവതാളം പദ്ധതിക്ക് കൊയിലാണ്ടി നഗരസഭയില്‍ തുടക്കമായി "
english_title: "The Jeevathalam project has been started in the Koyilandi Municipal Corporation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82655/the-jeevathalam-project-has-been-started-in-the-koyilandi-municipal-corporation"
published_at: "2022-11-30T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6387063e4182f_1jeevathalam.jpg"
keywords: []
---

# ജീവതാളം പദ്ധതിക്ക് കൊയിലാണ്ടി നഗരസഭയില്‍ തുടക്കമായി 

> **Lead Summary:** ** പേരാമ്പ്ര:** ജീവതാളം പദ്ധതിക്ക് കൊയിലാണ്ടി നഗരസഭയില്‍ തുടക്കമായി. സമ്പൂര്‍ണ സാമൂഹ്യാധിഷ്ഠിത ജീവിത ശൈലീ രോഗപ്രതിരോധ നിയന്ത്രണ പരിപാടിയായ ജീവതാളം പദ്ധതിക്കാണ് കൊയിലാണ്ടി നഗരസഭയില്‍ തുടക്കമായത്.

## Article Content

** പേരാമ്പ്ര:** ജീവതാളം പദ്ധതിക്ക് കൊയിലാണ്ടി നഗരസഭയില്‍ തുടക്കമായി. സമ്പൂര്‍ണ സാമൂഹ്യാധിഷ്ഠിത ജീവിത ശൈലീ രോഗപ്രതിരോധ നിയന്ത്രണ പരിപാടിയായ ജീവതാളം പദ്ധതിക്കാണ് കൊയിലാണ്ടി നഗരസഭയില്‍ തുടക്കമായത്.

ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ആരോഗ്യകരമായ ജീവിത രീതിയിലേക്കുള്ള സാമൂഹ്യ മാറ്റവും രോഗ പ്രതിരോധവും നേരത്തെയുള്ള രോഗ നിര്‍ണ്ണയവും നിയന്ത്രണവും ലക്ഷ്യം വെച്ചുള്ള പദ്ധതിയാണ് ജീവതാളം.

ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ഭരണകൂടം, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ നഗരസഭാ തല ഉദ്ഘാടനം കാനത്തില്‍ ജമീല എംഎല്‍എ നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി. സുധ അധ്യക്ഷത വഹിച്ചു.

ജീവതാളം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. നീതു ജോണ്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് എ.ജെ. ജോസ് എന്നിവര്‍ പദ്ധതിയെ കുറിച്ച് ക്ലാസ്സുകള്‍ എടുത്തു.

നഗരസഭ കൗണ്‍സിലര്‍മാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍, സി.ഡി.എസ് അംഗങ്ങള്‍, അങ്കണവാടി ടീച്ചര്‍മാര്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

നഗരസഭ വൈസ് ചെയര്‍മാന്‍ കെ. സത്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ സി. പ്രജില, കെ.എ. ഇന്ദിര, കെ. ഷിജു, ഇ.കെ. അജിത്ത്, പി.കെ. നിജില, നഗരസഭാംഗങ്ങളായ വി.പി. ഇബ്രാഹിം കുട്ടി, സിന്ധു സുരേഷ്, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. വി. വിനോദ്, ഡോ. പി.ടി. അനി, ഡോ. സി. സ്വപ്ന, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സബിത, സിഡിഎസ് അധ്യക്ഷരായ എം.പി. ഇന്ദുലേഖ, കെ.കെ. വിപിന, നഗരസഭ സുപ്രണ്ട് കെ.കെ. ബീന, എച്ച് ഐ. മുഹമ്മദ് ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82655/the-jeevathalam-project-has-been-started-in-the-koyilandi-municipal-corporation)