---
title: "ചരിത്രം കുറിച്ചു പേരാമ്പ്ര; നാടന്‍ പാട്ട് മത്സരത്തില്‍ സംസ്ഥാന കലോത്സവത്തിലേക്ക് "
english_title: "Perampra noted history; To the state art festival in folk song competition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82921/perampra-noted-history-to-the-state-art-festival-in-folk-song-competition"
published_at: "2022-12-01T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6388c989dd68f_OBIT_CARD_JPG.JPG"
keywords: []
---

# ചരിത്രം കുറിച്ചു പേരാമ്പ്ര; നാടന്‍ പാട്ട് മത്സരത്തില്‍ സംസ്ഥാന കലോത്സവത്തിലേക്ക് 

> **Lead Summary:** **വടകര:** ഹൈസ്‌കൂള്‍ വിഭാഗം നാടന്‍പാട്ട് മത്സരത്തില്‍ പേരാമ്പ്ര സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടി. റവന്യൂ ജില്ല ഹൈസ്‌കൂള്‍ വിഭാഗം നാടന്‍പാട്ട് മത്സരത്തിലാണ് പേരാമ്പ്ര ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

## Article Content

**വടകര:** ഹൈസ്‌കൂള്‍ വിഭാഗം നാടന്‍പാട്ട് മത്സരത്തില്‍ പേരാമ്പ്ര സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടി. റവന്യൂ ജില്ല ഹൈസ്‌കൂള്‍ വിഭാഗം നാടന്‍പാട്ട് മത്സരത്തിലാണ് പേരാമ്പ്ര ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

ആദിപ്രിയ ശൈലേഷ് (ടീം ലീഡര്‍), ആര്യ നന്ദ, തേജലക്ഷ്മി, അഹല്യ, അമൃത, അഭിരാമി,നിനയ എന്നിവര്‍ മത്സരത്തില്‍ പങ്കെടുത്തു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് സംസ്ഥാന കലോത്സവത്തിലേക്ക് നാടന്‍പാട്ട് മത്സരത്തില്‍ പേരാമ്പ്ര യോഗ്യത നേടുന്നത്.

ഈ വര്‍ഷത്തെ റവന്യൂ ജില്ലാ കലോത്സവത്തില്‍ വേട്ടപ്പാട്ട് രൂപമാണ് നാടന്‍പാട്ടില്‍ ഗുരു അവതരിപ്പിച്ചത്. കേരള കര്‍ണാടക അതിര്‍ത്തിയിലെ ജനങ്ങളുമായി ബന്ധപ്പെട്ടുള്ള ട്രൈബല്‍ മ്യൂസിക് ആണ് നാടന്‍ പാട്ടിന്റെ ആധാരം.

ഭാര്യ ഭര്‍ത്താവിനോട് കാട്ടില്‍ പോയി ചില കാര്യങ്ങള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നു. ഭര്‍ത്താവും സുഹൃത്തുക്കളും വേട്ടക്കൊരുങ്ങുന്നു, ഇതാണ് കഥ. ഈ പാട്ട് കൊണ്ടുവരുവാന്‍ അക്ഷീണ പ്രയത്‌നം നടത്തിയതായി ഗുരു മജീഷ് കാരയാട് പറഞ്ഞു.

നേരത്തെ പേരാമ്പ്ര ഉപജില്ലയില്‍ നിന്നും അപ്പീലിലൂടെയാണ് ഒന്നാം സ്ഥാനം നേടി ജില്ലയിലേക്ക് യോഗ്യത നേടിയത്. നാടന്‍ പാട്ട് മത്സരത്തില്‍ എന്നും വ്യത്യസ്തത കൊണ്ടുവരുവാന്‍ താന്‍ ശ്രമം നടത്തുന്നതായി മജീഷ് കാരയാട് പറഞ്ഞു. പേരാമ്പ്രയുടെ നാടന്‍പാട്ട് വിജയത്തില്‍ അഭിമാനിക്കുകയാണ് രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82921/perampra-noted-history-to-the-state-art-festival-in-folk-song-competition)