---
title: "എസ്‌ഐ ഹമീദിന് മാതൃകാ പൊലീസിനുള്ള ആദര സമര്‍പ്പണം"
english_title: "Tribute to SI Hamid for exemplary police perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83119/tribute-to-si-hamid-for-exemplary-police-perambra"
published_at: "2022-12-03T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638adacd6a2d4_1mathrika.jpg"
keywords: []
---

# എസ്‌ഐ ഹമീദിന് മാതൃകാ പൊലീസിനുള്ള ആദര സമര്‍പ്പണം

> **Lead Summary:** ** പേരാമ്പ്ര:** എസ്‌ഐ ഹമീദിന് മാതൃകാ പൊലീസിനുള്ള ആദര സമര്‍പ്പണം നടത്തി.

## Article Content

** പേരാമ്പ്ര:** എസ്‌ഐ ഹമീദിന് മാതൃകാ പൊലീസിനുള്ള ആദര സമര്‍പ്പണം നടത്തി.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വടക്കുമ്പാട് വെച്ച് മുതിര്‍ന്ന കുട്ടികള്‍ തന്നെ ഫുട്‌ബോള്‍ കളിക്കാന്‍ കൂട്ടാത്തതില്‍ പ്രതിഷേധിച്ച് കുഴിച്ചാലില്‍ ഹരിനന്ദ് എന്ന വിദ്യാര്‍ത്ഥി വടക്കുമ്പാട് സ്‌കൂളിനടുത്ത് പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ ഹമീദിനോടും സഹ പൊലീസുകാരോടും പരാതിപ്പെടുകയായിരുന്നു.

വിദ്യാര്‍ത്ഥിയുടെ മനോനില മനസ്സിലാക്കിയ എസ്‌ഐ ഹമീദ് ഒരു ബോള്‍ വാങ്ങാനുള്ള തുക നല്കുകയും കുട്ടി ബോള്‍ വാങ്ങിയതിന്റെ ബാക്കി തുക തിരികെ നല്കാന്‍ വന്നപ്പോള്‍ ബാക്കി തുക മോന്‍ മിഠായി വാങ്ങിക്കോ എന്ന് പറഞ്ഞ് അവനെ സമാശ്വസിപ്പിച്ച് വിടുകയുമായിരുന്നു.

ഈ വിവരമറിഞ്ഞ സാമൂഹിക പ്രവര്‍ത്തകനും ഏകതാ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റുമായ പപ്പന്‍ കന്നാട്ടി മാതൃകാ പരമായ സേവനം കാഴ്ച്ച വെച്ച എസ്ഐ. ഹമീദിനെ ആദരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പേരാമ്പ്ര സ്റ്റേഷനിലെ ഹാളില്‍ പ്രൗഢ ഗംഭീരമായ ചടങ്ങില്‍ വെച്ച് എസ്‌ഐ ഹമീദിനെ സിഐ ബിനു മാത്യു ഏകതാ പരിഷത്തിന്റെ ആദര സമര്‍പ്പണം നടത്തി.

ജവാന്‍ അബ്ദുള്ള, ശ്രീധരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

പപ്പന്‍ കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ്‌ഐ രഘുനാഥ് നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥിയായ ഹരി നന്ദും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83119/tribute-to-si-hamid-for-exemplary-police-perambra)