---
title: "ഫാസിസ്റ്റ് ശൈലി സിപിഎമ്മിന്റെ അന്ത്യം കുറിക്കും; കെ. മുരളീധരന്‍ എംപി "
english_title: "Fascist style will mark the end of CPM; K. Muralidharan MP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83437/fascist-style-will-mark-the-end-of-cpm-k-muralidharan-mp"
published_at: "2022-12-05T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638d873ca5be4_1mmmmmmmm.jpg"
keywords: []
---

# ഫാസിസ്റ്റ് ശൈലി സിപിഎമ്മിന്റെ അന്ത്യം കുറിക്കും; കെ. മുരളീധരന്‍ എംപി 

> **Lead Summary:** ** പേരാമ്പ്ര: **എതിര്‍ക്കുന്നവരെ വേട്ടയാടി തകര്‍ക്കുന്ന ഫാസിസ്റ്റ് ശൈലി സി.പി.എമ്മിന്റെ അന്ത്യം കുറിക്കുമെന്ന് കെ. മുരളീധരന്‍ എം.പി. പറഞ്ഞു.

## Article Content

** പേരാമ്പ്ര: **എതിര്‍ക്കുന്നവരെ വേട്ടയാടി തകര്‍ക്കുന്ന ഫാസിസ്റ്റ് ശൈലി സി.പി.എമ്മിന്റെ അന്ത്യം കുറിക്കുമെന്ന് കെ. മുരളീധരന്‍ എം.പി. പറഞ്ഞു.

നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുളിയങ്ങലില്‍ സംഘടിപ്പിച്ച അതിജീവനത്തിന്റെ പ്രതിരോധ തെരുവും പ്രതിഷേധ പണപ്പയറ്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമിച്ച് ഭീഷണിപ്പെടുത്തിയും കള്ളക്കേസില്‍ കുടുക്കിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇല്ലാതാക്കാമെന്ന് സിപിഎം കരുതേണ്ടെന്നും പിന്‍വാതില്‍ നിയമനത്തിലൂടെ യുവജനങ്ങളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്നും സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നവെന്നും ആരോഗ്യ രംഗവും വിദ്യാഭ്യാസ മേഖലയും തകര്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം സെക്‌സും സ്റ്റണ്ടും നിറഞ്ഞ സിനിമ പോലെയായിയെന്നും കേരളത്തില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണുള്ളതെന്നും പൊലിസ് സ്റ്റേഷനുകള്‍ അക്രമ കേന്ദ്രങ്ങളായിയെന്നും ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് ജനങ്ങളെ പറ്റിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുകയും മത്സ്യത്തൊഴിലാളികളുടെ ചട്ടിയില്‍ കൈയ്യിട്ട് വാരിയ അദാനിക്ക് ചൂട്ട് പിടിക്കുകയാണ് സര്‍ക്കാരെന്നും കേന്ദ്ര സേനയെ കൊണ്ടുവന്ന് കുഴപ്പമുണ്ടാക്കാനാണ് ശ്രമമെന്നും ബിജെപി ഘടക കക്ഷി മന്ത്രിമാര്‍ പോലും പങ്കെടുക്കാത്ത ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തയാളാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് പി.എം. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, ബിആര്‍എം ഷഫീര്‍, എന്‍. വേണു, മുനീര്‍ എരവത്ത്, കെ. മധുകൃഷ്ണന്‍, കാവില്‍ പി. മാധവന്‍, ടി.കെ. ഇബ്രാഹിം, മഠത്തില്‍ നാണു, പി.കെ. രാഗേഷ്, ഇ. അശോകന്‍, രാജന്‍ മരുതേരി, റഷീദ് ചെക്കിലത്ത്, പി.സി. മുഹമ്മദ് സിറാജ്, വി.വി. ദിനേശന്‍, വി.പി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83437/fascist-style-will-mark-the-end-of-cpm-k-muralidharan-mp)