---
title: "വോട്ടര്‍ പട്ടിക ഡിസംബര്‍ എട്ട് വരെ പുതുക്കാന്‍ അവസരം"
english_title: "Opportunity to renew voter list till December 8 perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83453/opportunity-to-renew-voter-list-till-december-8-perambra"
published_at: "2022-12-05T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638d9fb53dafc_1votter_p.jpg"
keywords: []
---

# വോട്ടര്‍ പട്ടിക ഡിസംബര്‍ എട്ട് വരെ പുതുക്കാന്‍ അവസരം

> **Lead Summary:** ** പേരാമ്പ്ര: **വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും പേര്, മേല്‍വിലാസം തുടങ്ങിയവയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഡിസംബര്‍ എട്ട് വരെ അവസരമുണ്ടാകുമെന്ന് വോട്ടര്‍ പട്ടിക നിരീക്ഷകന്‍ പി.എം. അലി അസ്ഗര്‍ പാഷ പറഞ്ഞു.

## Article Content

** പേരാമ്പ്ര: **വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും പേര്, മേല്‍വിലാസം തുടങ്ങിയവയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഡിസംബര്‍ എട്ട് വരെ അവസരമുണ്ടാകുമെന്ന് വോട്ടര്‍ പട്ടിക നിരീക്ഷകന്‍ പി.എം. അലി അസ്ഗര്‍ പാഷ പറഞ്ഞു.

വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടപടികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും അവലോകനം ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയിലെത്തിയതായിരുന്നു അദ്ദേഹം.

കരട് പട്ടികയില്‍ ആക്ഷേപമുണ്ടെങ്കില്‍ ഡിസംബര്‍ എട്ട് വരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാം.

ഒരു പോളിംഗ് സ്റ്റേഷന്‍/ നിയമസഭാ മണ്ഡലത്തില്‍ നിന്നും മറ്റൊരു പോളിംഗ് സ്റ്റേഷന്‍/ നിയമസഭാ മണ്ഡലത്തിലേക്ക് സ്ഥാനമാറ്റം നടത്തുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്താം.

ജനുവരി 5ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അലി അസ്ഗര്‍ പാഷ പറഞ്ഞു. വോട്ടര്‍പ്പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ആശങ്കകള്‍ പരിഹരിച്ച് കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഹയര്‍സെക്കന്‍ഡറി, കോളേജ് തലങ്ങളില്‍ ഇലക്ഷന്‍ ഐഡി കാര്‍ഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട് എന്റോള്‍മെന്റ് ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാന്‍ അതാത് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും അലി അസ്ഗര്‍ പാഷ പറഞ്ഞു.

വോട്ടര്‍പ്പട്ടിക പുതുക്കല്‍, ആധാര്‍ ലിങ്കിങ് തുടങ്ങിയവയ്ക്കായി ബി എല്‍ ഒ മാര്‍ ഗൃഹ സന്ദര്‍ശനം നടത്തുന്നുണ്ട്.

ആബ്‌സെന്റ്, ഷിഫ്റ്റ്, ഡെത്ത് ഇവ രേഖപെടുത്താനുള്ള ഗൂഗിള്‍ ഷീറ്റ് നല്‍കിയിട്ടുണ്ടെന്നും ബി എല്‍ ഒ മാര്‍ക്ക് ഇതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. ഹിമ അറിയിച്ചു.

വോട്ടര്‍ പട്ടിക പുതുക്കല്‍ സേവനം ലഭിക്കുന്നതിനായി ജനസേവ കേന്ദ്രങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്താം.

കൂടാതെ 'വോട്ടേര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ' ഡൗണ്‍ലോഡ് ചെയ്തും www.nvsp.in എന്ന വെബ്സൈറ്റ് വഴിയും തിരുത്താവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83453/opportunity-to-renew-voter-list-till-december-8-perambra)