---
title: "കല്പത്തൂരില്‍ ഭ്രാന്തന്‍ കുറുക്കന്റെ പരാക്രമം; ജനങ്ങള്‍ ഭീതിയില്‍"
english_title: "Mad fox's prowess at Kalpattur; People are in fear "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83694/mad-foxs-prowess-at-kalpattur-people-are-in-fear"
published_at: "2022-12-06T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638f1cc41b5e2_1_kurukkan.jpg"
keywords: []
---

# കല്പത്തൂരില്‍ ഭ്രാന്തന്‍ കുറുക്കന്റെ പരാക്രമം; ജനങ്ങള്‍ ഭീതിയില്‍

> **Lead Summary:** ** പേരാമ്പ്ര : **കല്പത്തൂരില്‍ ഭ്രാന്തന്‍ കുറുക്കന്‍ ആളുകളെയും വളര്‍ത്ത് മൃഗങ്ങളെയും ആക്രമിച്ചു. കുറുക്കന്റെ അക്രമത്തില്‍ ഇന്നലെ മദ്ധ്യവയസ്‌ക്കനും വളര്‍ത്ത് മൃഗത്തിനും പരുക്കേറ്റിരുന്നു.

## Article Content

** പേരാമ്പ്ര : **കല്പത്തൂരില്‍ ഭ്രാന്തന്‍ കുറുക്കന്‍ ആളുകളെയും വളര്‍ത്ത് മൃഗങ്ങളെയും ആക്രമിച്ചു. കുറുക്കന്റെ അക്രമത്തില്‍ ഇന്നലെ മദ്ധ്യവയസ്‌ക്കനും വളര്‍ത്ത് മൃഗത്തിനും പരുക്കേറ്റിരുന്നു.

ഇവിടെ പേയിളകിയ ആടിനെ കുത്തിവെച്ച് കൊല്ലുകയും ചെയ്തു. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് കല്പത്തൂര്‍ ജുമാ മസ്ജിദ് കരിങ്ങാറ്റി അമ്പലം റോഡില്‍ വെച്ച് ഏരത്ത് കണ്ടി ജയന് നേരെ ഭ്രാന്തന്‍ കുറുക്കന്റെ അക്രമം ഉണ്ടായത്.

ഈ സമയം സ്‌ക്കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ ഇതുവഴി വരുന്നുണ്ടായിരുന്നു. ജയന്റെ ഇടപെടല്‍ മൂലമാണ് വിദ്യാര്‍ത്ഥികള്‍ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കാലിന്റെ പിന്‍ഭാഗത്ത് പാദത്തിന് മുകളിലായിട്ടാണ് ഇയാള്‍ക്ക് കടിയേറ്റത്.

സാരമായി പരുക്കേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടി. താഴെ കരുവോത്ത് ലീല അമ്മയുടെ 4 മാസം പ്രായമായ പശുക്കിടാവിന് കുറുക്കന്റെ കടിയേറ്റു. പശുക്കുട്ടിക്ക് കുത്തിവെപ്പ് നല്‍കി.

കുറുക്കനെ തിരഞ്ഞ് നാട്ടുകാര്‍ പരിശോധന നടത്തിയെങ്കിലും ഇതിനെ കണ്ടെത്താനായില്ല. പ്രദേശത്ത് ആടിന് പേയിളകിയിരുന്നു. പുതിയോട്ടും കണ്ടി കുഞ്ഞാമിനയുടെ ആടിനാണ് പേയിളകിയത്.

ആടിനെ വെറ്റിനറി സര്‍ജനെത്തി കുത്തിവെച്ച് കൊല്ലുകയായിരുന്നു. പകല്‍ സമയത്ത് പോലും ഇവിടെ കുറുക്കന്മാര്‍ സൈ്വര്യവിഹാരം നടത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു.

ഇന്ന് പകല്‍ മറ്റൊരു കുറുക്കനെ പ്രദേശത്ത് കണ്ടതായും ഇതും പേയുടെ ലക്ഷണങ്ങള്‍ കാണിച്ചതായും നാട്ടുകാര്‍ പറഞ്ഞു. ഇവിടെ ജനങ്ങളാകെ പരിഭ്രാന്തിയിലാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പുറത്തിറങ്ങുന്നത് ഏറെ ഭയത്തോടെയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83694/mad-foxs-prowess-at-kalpattur-people-are-in-fear)