---
title: "പേരാമ്പ്ര ഹയര്‍ സെക്കണ്ടറിയില്‍ സമവായത്തിലൂടെ പിടിഎ പ്രസിഡന്റിനെ തെരഞ്ഞെടുത്തു "
english_title: "Perampra Higher Secondary elected PTA president through consensus"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/84270/perampra-higher-secondary-elected-pta-president-through-consensus"
published_at: "2022-12-09T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63932a16c3e86_1nnnnnnnnn.jpg"
keywords: []
---

# പേരാമ്പ്ര ഹയര്‍ സെക്കണ്ടറിയില്‍ സമവായത്തിലൂടെ പിടിഎ പ്രസിഡന്റിനെ തെരഞ്ഞെടുത്തു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍ സെക്കണ്ടറിയില്‍ സമവായത്തിലൂടെ പിടിഎ പ്രസിഡന്റിനെ തെരഞ്ഞെടുത്തു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍ സെക്കണ്ടറിയില്‍ സമവായത്തിലൂടെ പിടിഎ പ്രസിഡന്റിനെ തെരഞ്ഞെടുത്തു.

ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ പേര് മാറിയതിനെ തുടര്‍ന്ന് യുഡിഎഫും സിപിഎമ്മും ഇരുവിഭാഗങ്ങളായി തര്‍ക്കമുണ്ടാവുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു.

വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഎം അനുകൂലികളും വോട്ട് എണ്ണണമെന്ന് യുഡിഎഫ് അനുകൂലികളും ആവശ്യമുന്നയിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്.

രാത്രി വൈകുന്നതുവരെ തര്‍ക്കം തുടര്‍ന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയും ഇരുവിഭാഗവുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ ഇന്ന് കാലത്ത് വോട്ടെണ്ണല്‍ നടത്താമെന്ന് തീരുമാനിക്കുകയുമായിരുന്നു.

ഇന്ന് കാലത്ത് 9.30 ന് വോട്ടെണ്ണല്‍ ആരംഭിക്കുമെന്ന സാഹചര്യത്തില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പേരാമ്പ്ര, അത്തോളി, മേപ്പയ്യൂര്‍, കൂരാച്ചുണ്ട്, പെരുവണ്ണാമൂഴി ഇന്‍സ്പക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.

വോട്ടെണ്ണുന്നതുമായി ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കം തുടര്‍ന്ന സാഹചര്യത്തില്‍ വടകര ഡിവൈഎസ്പിയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസും സ്‌ക്കൂള്‍ അധികൃതരും റിട്ടേണിംഗ് ഓഫീസറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും വോട്ടെണ്ണുന്നത് ഒഴിവാക്കി എല്ലാ പാനലിലുള്ളവരെയും ഉര്‍പ്പെടുത്തി 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചു.

6 അംഗങ്ങളും പിടിഎ പ്രസിഡന്റ് സ്ഥാനവും എംപിടിഎ വൈസ് പ്രസിഡന്റ് സ്ഥാനവും യുഡിഎഫ് വിഭാഗത്തിനും 5 അംഗങ്ങളും എംപിടിഎ പ്രസിഡന്റും പിടിഎ വൈസ് പ്രസിഡന്റ് സ്ഥാനവും സിപിഎം വിഭാഗത്തിനും നല്‍കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് വോട്ടെണ്ണല്‍ ഒഴിവായത്. കാലത്ത് മുതല്‍ ഇരുവിഭാഗങ്ങളിലുള്ള രക്ഷിതാക്കള്‍ ഇവിടെ നിലകൊണ്ടിരുന്നു.

നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരുമണിയോടെയാണ് അന്തിമ തീരുമാനമായത്. പിടിഎ പ്രസിഡന്റായി മുന്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്തംഗം ആര്‍.കെ. രജീഷ് കുമാറിനെയും വൈസ് പ്രസിഡന്റായി സത്യന്‍ സ്നേഹയേയും എംപിടിഎ പ്രസിഡന്റായി മുന്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്തംഗം ജിഷ കൊട്ടപ്പുറത്തിനേയും വൈസ് പ്രസിഡന്റായി സുജ ചാലിനെയും തെരഞ്ഞെടുത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, പ്രിന്‍സിപ്പാള്‍ വി.കെ. സുധീര്‍ ബാബു, പ്രധാനാധ്യാപകന്‍ പി. സുനില്‍ കുമാര്‍, റിട്ടേണിംഗ് ഓഫീസര്‍ അശോകന്‍, പൊലീസ് ഇന്‍സ്പക്ടര്‍മാരായ ബിനു തോമസ്, കെ.പി. സുനില്‍ കുമാര്‍, കെ. ഉണ്ണികൃഷ്ണന്‍, പി.കെ. ജിതേഷ്, കെ. സുഷീര്‍, ഇരുവിഭാഗത്തെയും പ്രതിനിധീകരിച്ച് പി. ബാലന്‍ അടിയോടി, രാജന്‍ മരുതേരി, പുതുക്കുടി അബ്ദുഹഹ്മാന്‍, പി.കെ. രാഗേഷ്, സി.കെ. അശോകന്‍, എന്‍.എം. അഷറഫ്, പി.കെ. കുഞ്ഞനന്ദന്‍, കെ. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/84270/perampra-higher-secondary-elected-pta-president-through-consensus)