---
title: "മധുരമായ ഓര്‍മ്മകള്‍ക്ക് നിറം പകരുവാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം തിരുമുറ്റത്ത് ഇത്തിരി നേരം "
english_title: "Some time in Thirumuttam after years to add color to the sweet memories perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85031/some-time-in-thirumuttam-after-years-to-add-color-to-the-sweet-memories-perambra"
published_at: "2022-12-13T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6398808acd181_1mash.jpg"
keywords: []
---

# മധുരമായ ഓര്‍മ്മകള്‍ക്ക് നിറം പകരുവാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം തിരുമുറ്റത്ത് ഇത്തിരി നേരം 

> **Lead Summary:** **കൂത്താളി **: തിരുമുറ്റത്ത് ഇത്തിരി നേരം. വിദ്യാലയ ജീവിതം ബാക്കിവെച്ച് പോയ മധുരമായ ഓര്‍മ്മകള്‍ക്ക് നിറം പകരുവാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഒത്തുക്കൂടി.

## Article Content

**കൂത്താളി **: തിരുമുറ്റത്ത് ഇത്തിരി നേരം. വിദ്യാലയ ജീവിതം ബാക്കിവെച്ച് പോയ മധുരമായ ഓര്‍മ്മകള്‍ക്ക് നിറം പകരുവാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഒത്തുക്കൂടി.

അറിവിന്റെ വെട്ടം പകര്‍ന്നു കൊടുത്ത ഗുരുനാഥരെ ആദരിച്ചു കൊണ്ട് കൗമാരത്തിന്റെ രസമുകുളങ്ങള്‍ നുണയാന്‍ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് ചിരിയും കളികളുമായി പഴയ പതിനഞ്ചു വയസ്സുകാരായി ഒരു യാത്ര.

കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ 1988- 1989 എസ്എസ്എല്‍സി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.

33 വര്‍ഷത്തിനു ശേഷം പഴയ വിദ്യാര്‍ത്ഥികളായി അവര്‍ ഒത്തുകൂടി. അന്നത്തെ പ്രധാനധ്യാപകന്‍ എ.കെ. കരുണാകരന്‍ നായര്‍ സംഗമം ഉദ്ഘാടനം ചെയ്തു. സി.കെ. അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു.

വി.എം. ശശി അനുശോചന പ്രമേയം അവതരിപ്പിച്ചു. അന്നത്തെ പ്രധാനധ്യാപകനായിരുന്ന എ.കെ. കരുണാകരന്‍ നായരെയും, ക്ലാസ് ടീച്ചറായിരുന്ന സെബാസ്റ്റിന്‍ ജോസഫിനേയും, പൂര്‍വ്വ വിദ്യാര്‍ത്ഥിയും എംഇഎസ് കൊളെജ് ഫിസിക്സ് എച്ച്ഒഡിയുമായ ഡോ. കെ. ജയകൃഷ്ണനെയും, വിശിഷ്ഠ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ച സി.കെ. അജിത്ത് കുമാറിനെയും ചടങ്ങില്‍ ആദരിച്ചു.

അഡ്വ. വി. സന്ധ്യ, രമണി, ഷിജിത്ത് നരക്കോട്, സുജാത രാജു തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ എ.സി. ദിവാകരന്‍ സ്വാഗതവും സി.സി. അജീഷ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന വിവിധ കലാപരിപാടികള്‍ സംഗമത്തെ കൂടുതല്‍ മാധുര്യമുള്ളതാക്കി മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85031/some-time-in-thirumuttam-after-years-to-add-color-to-the-sweet-memories-perambra)