---
title: "ചെറുവണ്ണൂരില്‍ യുവ കര്‍ഷകന്റെ പച്ചക്കറികൃഷി നശിപ്പിച്ചു "
english_title: "A young farmer's vegetable crop was destroyed in Cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85459/a-young-farmers-vegetable-crop-was-destroyed-in-cheruvannur"
published_at: "2022-12-15T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b46d1257b0_OBIT_CARD_JPG.JPG"
keywords: []
---

# ചെറുവണ്ണൂരില്‍ യുവ കര്‍ഷകന്റെ പച്ചക്കറികൃഷി നശിപ്പിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍:** ചെറുവണ്ണൂരില്‍ യുവ കര്‍ഷകന്റെ വീട്ടുമുറ്റത്തെ പച്ചക്കറികൃഷി സാമൂഹ്യ വിരുദ്ധര്‍ നശിപ്പിക്കുകയും കായ്ഫലങ്ങളും വളര്‍ത്ത് മത്സ്യവും മോഷ്ടിക്കുകയും ചെയ്തു.

## Article Content

**ചെറുവണ്ണൂര്‍:** ചെറുവണ്ണൂരില്‍ യുവ കര്‍ഷകന്റെ വീട്ടുമുറ്റത്തെ പച്ചക്കറികൃഷി സാമൂഹ്യ വിരുദ്ധര്‍ നശിപ്പിക്കുകയും കായ്ഫലങ്ങളും വളര്‍ത്ത് മത്സ്യവും മോഷ്ടിക്കുകയും ചെയ്തു.

വീടിനോട് ചേര്‍ന്ന് റിപ്പയറിംഗിനായി വച്ചിരുന്ന സൈക്കിളും വീട്ടു വരാന്തയിലുണ്ടായിരുന്ന കസേരയും പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി.

ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം. ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം പാറേമ്മല്‍ വീട്ടില്‍ വാടക്ക് താമസിക്കുന്ന പേരാമ്പ്ര ചേനായി സ്വദേശി കുഞ്ഞാറമ്പത്ത് മനോജന്റെ കൃഷിയാണ് നശിപ്പിക്കപ്പെട്ടത്.

വീടിനോട് ചേര്‍ന്ന് മുറ്റത്തും നടയിലുമായി 200ല്‍ അധികം ഗ്രോബാഗുകളിലെ കായ്ച്ചു തുടങ്ങിയ ജൈവ പച്ചക്കറി ചെടികളാണ് നശിപ്പിക്കപ്പെട്ടത്.

കൃഷിഭവനില്‍ നിന്നും കോഴിക്കോട് കിസാന്‍ കേന്ദ്രയില്‍ നിന്നും മറ്റുമായി ശേഖരിച്ച വഴുതന, തക്കാളി, ചീര, വെണ്ട, പച്ചമുളക്, പീച്ചി, പടവലം എന്നിവയുടെ ഹൈബ്രീഡ് തൈകളാണ് പിഴുതെടുത്തും മുറിച്ചും നശിപ്പിച്ചത്.

ഇവയിലുണ്ടായിരുന്ന നല്ല കായ്കളെല്ലാം പറിച്ചുകൊണ്ടു പോവുകയും സമീപത്ത് ബാലവുകളില്‍ വളര്‍ത്തുന്ന മീനുകളെ പടിച്ച് കൊണ്ടു പോവുകയും ചെയ്തിട്ടുണ്ട്. കൂലി പണിക്കാരനായ മനോജനും ഭാര്യയും രണ്ട് മക്കളും ചേര്‍ന്ന് രാത്രി കാലങ്ങളിലും മറ്റുമായി പരിചരിച്ച് വളര്‍ത്തിയെടുത്തതാണ് ഇവയൊക്കെ.

നിത്യ വൃത്തിക്ക് ഏറെ കഷ്ടപ്പെടുന്ന കുടുംബം മറ്റൊരു വരുമാന മാര്‍ഗ്ഗമായാണ് സൈക്കിള്‍ റിപ്പയറിംഗും പച്ചക്കറി കൃഷിയും നടത്തുന്നത്. വാടകക്ക് താമസിക്കുന്ന ഈ കുടുംബത്തിന് ഇവിടെ ശത്രുക്കളൊന്നുമില്ലെന്ന് മനോജ് പറഞ്ഞു.

മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെംമ്പര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85459/a-young-farmers-vegetable-crop-was-destroyed-in-cheruvannur)