---
title: "പേരാമ്പ്രയില്‍  ബിജെപി നേതാവിനെയും മകനെയും വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി "
english_title: "BJP local leader, leader and son hit by vehicle in Perampra Complaint of attempted endangerment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86150/bjp-local-leader-leader-and-son-hit-by-vehicle-in-perampra-complaint-of-attempted-endangerment"
published_at: "2022-12-19T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a07ad19616a_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്രയില്‍  ബിജെപി നേതാവിനെയും മകനെയും വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി 

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്രയില്‍ ബിജെപി പ്രാദേശിക നേതാവിനെയും മകനെയും വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി.

## Article Content

പേരാമ്പ്ര: പേരാമ്പ്രയില്‍ ബിജെപി പ്രാദേശിക നേതാവിനെയും മകനെയും വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി.

പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് അനീഷ് കര്‍മയെയും പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി നിവേദ് എ.എസിനെയുമാണ് വാഹന മിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് അനീഷ് പേരാമ്പ്ര പോലീസില്‍ പരാതി നല്‍കിയത്.

റോഡില്‍ വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട സംസാരത്തെ തുടര്‍ന്നാണ് സംഭവം. ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ പേരാമ്പ്ര പട്ടണത്തില്‍ വെച്ച് കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഞായറാഴ്ച കാലത്ത് 6.30ഓടയാണ് സംഭവം. പേരാമ്പ്ര ബസ് സ്റ്റാന്‍ഡിന് സമീപം എമ്പസി ഹോട്ടലിനു മുന്നില്‍ ബൈക്ക് നിര്‍ത്തി ഫോണ്‍ ചെയ്യുകയായിരുന്ന തന്നെ പുറകില്‍ നിന്ന് വന്ന കാര്‍ യാത്രികനായ യുവാവ് അസഭ്യം പറയുകയും തുടര്‍ന്ന് തങ്ങളുടെ വാഹനത്തെ പിന്തുടര്‍ന്ന് ചേനോളി റോഡ് ജംഗ്ഷന് സമീപം വെച്ച് ഇടിച്ചു തെറിപ്പിച്ചതായും അനീഷ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

അപകടത്തില്‍ അനീഷിന് കൈക്കും കാലിനും സാരമായി പരിക്കേറ്റു. നിസാര പരിക്കുകലോടുകുടി മകന്‍ നിവേദ് രക്ഷപ്പെടുകയായിരുന്നു.

അനീഷിനെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ തന്നെയും മകനെയും അപായപ്പെടുത്താന്‍ ശ്രമിച്ചതായി കാണിച്ച് കോട്ടൂര്‍ സ്വദേശി കക്കാടില്ലത്ത് കെ.രാഹുലിന്റെ പേരില്‍ അനീഷ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86150/bjp-local-leader-leader-and-son-hit-by-vehicle-in-perampra-complaint-of-attempted-endangerment)