---
title: "കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ രാധയുടെ വീട് കത്തി നശിച്ചു "
english_title: "Mithal Radha's house burnt down in Katiangad East"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/87061/mithal-radhas-house-burnt-down-in-katiangad-east"
published_at: "2022-12-24T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a72ce57b408_OBIT_CARD_JPG.JPG"
keywords: []
---

# കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ രാധയുടെ വീട് കത്തി നശിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലെ കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ രാധയുടെ വീടിന് തീപ്പിടിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോട് കൂടിയാണ് തീപിടുത്തം ഉണ്ടായത്.

## Article Content

**പേരാമ്പ്ര:** ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലെ കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ രാധയുടെ വീടിന് തീപ്പിടിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോട് കൂടിയാണ് തീപിടുത്തം ഉണ്ടായത്.

വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ച് വാസയോഗ്യമല്ലാതായി. മേല്‍ക്കൂരയും, ഫര്‍ണിച്ചറുകളും, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും, മറ്റ് വീട്ടുപകരണങ്ങളും വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും കത്തി നശിച്ചു.

ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. അയല്‍വാസികളായ കുട്ടികളാണ് തീ ആളിക്കത്തുന്നത് ആദ്യം കണ്ടത്. ഇവര്‍ തീ അണയ്ക്കുന്നതിനിടയില്‍ മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. പേരാമ്പ്ര ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.

ഷീറ്റ് കൊണ്ട് മേഞ്ഞ ജീര്‍ണ്ണിച്ച വീട്ടിലായിരുന്നു വിധവയും നിര്‍ദ്ധനയുമായ രാധയുടെ കുടുംബം താമസിച്ചു വന്നിരുന്നത്. ലൈഫ് ഭവന പദ്ധതിയുടെ അര്‍ഹത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ധനസഹായത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് ഏക ആശ്രയമായ ഈ വീടും വാസയോഗ്യമല്ലാതായത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/87061/mithal-radhas-house-burnt-down-in-katiangad-east)