---
title: "മിഠായിത്തെരുവിനെ നാടകമാക്കി വിമണ്‍ ടീച്ചേഴ്‌സ് തിയേറ്റര്‍ "
english_title: "Mithayatheru dramatized by Women Teachers Theatre"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/87731/mithayatheru-dramatized-by-women-teachers-theatre"
published_at: "2022-12-28T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac535e1e6e1_OBIT_CARD_JPG.JPG"
keywords: []
---

# മിഠായിത്തെരുവിനെ നാടകമാക്കി വിമണ്‍ ടീച്ചേഴ്‌സ് തിയേറ്റര്‍ 

> **Lead Summary:** **കോഴിക്കോട്: **കലാകാരന്മാരുടെ പറുദീസയായ മിഠായിതെരുവ് തന്നെ ഒരു നാടകമായി മാറുന്ന കാഴ്ച ഒരുക്കിയിരിക്കുകയാണ് വാ...നമുക്കൊരു നാടകം കളിച്ചാലോ....എന്ന തെരുവ് നാടകം. ശ്രാവണിക - അമാല്‍ഗമേഷന്‍ ഓഫ് ആര്‍ട്‌സിന്റെ ഭാഗമായ വിമണ്‍ ടീച്ചേഴ്‌സ് തിയേറ്റര്‍ ആണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സ്വാഗതമോതി നാടകം അവതരിപ്പിച്ചത്.

## Article Content

**കോഴിക്കോട്: **കലാകാരന്മാരുടെ പറുദീസയായ മിഠായിതെരുവ് തന്നെ ഒരു നാടകമായി മാറുന്ന കാഴ്ച ഒരുക്കിയിരിക്കുകയാണ് വാ...നമുക്കൊരു നാടകം കളിച്ചാലോ....എന്ന തെരുവ് നാടകം. ശ്രാവണിക - അമാല്‍ഗമേഷന്‍ ഓഫ് ആര്‍ട്‌സിന്റെ ഭാഗമായ വിമണ്‍ ടീച്ചേഴ്‌സ് തിയേറ്റര്‍ ആണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സ്വാഗതമോതി നാടകം അവതരിപ്പിച്ചത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട്, എംടിയുടെ ഓപ്പോള്‍, എസ്.കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ, ഉറൂബിന്റെ രാച്ചിയമ്മ, ആര്‍ രാജശ്രീയുടെ കല്യാണി എന്നും ദാക്ഷായണി എന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്നീ പുസ്തകങ്ങളുടെയൊക്കെ പ്രേരണയായാണ് മിഠായി തെരുവില്‍ തെരുവ് നാടകം അരങ്ങേറിയത്.

ബഷീറിന്റെയും എംടിയുടെയും ഉറൂബിന്റെയും എസ്‌കെ പൊറ്റക്കാടിന്റെയും രാജ്യശ്രീയുടെയും സ്ത്രീകഥാപത്രങ്ങള്‍ ഓരോന്നായി മിഠായി തെരുവില്‍ ഇറങ്ങി വന്നു.

ഓരോ കഥാപാത്രങ്ങളും അവരവരുടെ അസ്തിത്വം വിളിച്ചുപറഞ്ഞു. മേരി അര്‍മിനാര്‍ റോഡിഗ്രസ് ക്യാന്‍വാസില്‍ ബേപ്പൂര്‍ സുല്‍ത്താനെ വരക്കുന്നതോടെ നാടകം പൂര്‍ത്തിയായി. ഓരോ കാഴ്ചക്കാരനും നാടകത്തില്‍ പങ്കാളികളായി.

വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരായ സാജിത കമാല്‍, സ്മിതാ ശിവരാമന്‍, പി.കെ ജ്യോത്സ്‌ന എന്നിവരുടെ രചനയില്‍ പിറന്ന നാടകത്തിന്റെ സംവിധായിക പി. സുകന്യയാണ്. ജിഷ സി. ചാലില്‍ കലാ സംവിധാനവും പി.കെ രാധി സംഗീത സംവിധാനവും നിര്‍വഹിച്ചു.

ജിസ്മയാണ് വസ്ത്രലങ്കാരം. പാത്തുമ്മയുടെ ആടിലെ പാത്തുമ്മയായി കെ.വി നീനയും എംടിയുടെ ഓപ്പോളിലെ ഓപ്പോളായി ജൂലി വോട്ടും എസ്.കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയിലെ ഉണ്ണൂലി അമ്മയായി ഡോ. സി. ഭാമിനിയും ആര്‍ രാജശ്രീയുടെ കല്യാണി എന്നും ദാക്ഷായണി എന്നും പേരായ രണ്ട് സ്ത്രീകളുടെ കഥയിലെ ദാക്ഷായണിയായി നിഷ ആര്‍, കല്യാണിയായി എ.ടി സൗമ്യ എന്നിവരും കഥാപാത്രങ്ങളായി നിറഞ്ഞാടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/87731/mithayatheru-dramatized-by-women-teachers-theatre)