---
title: "അയ്യപ്പ ഭക്തന്മാര്‍ക്ക് രക്ഷകനായ സിവില്‍ പൊലീസ് ഓഫീസര്‍ സുഭാഷിന് സ്‌നേഹാദരം നല്‍കി"
english_title: "Civil Police Officer Subhash paid tribute to the savior of Ayyappa devotees perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89983/civil-police-officer-subhash-paid-tribute-to-the-savior-of-ayyappa-devotees-perambra"
published_at: "2023-01-13T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0ee4076513_1ayyappan.jpg"
keywords: []
---

# അയ്യപ്പ ഭക്തന്മാര്‍ക്ക് രക്ഷകനായ സിവില്‍ പൊലീസ് ഓഫീസര്‍ സുഭാഷിന് സ്‌നേഹാദരം നല്‍കി

> **Lead Summary:** **പേരാമ്പ്ര **: അയ്യപ്പ ഭക്തന്മാര്‍ക്ക് രക്ഷകനായ സിവില്‍ പൊലീസ് ഓഫീസര്‍ സുഭാഷിന് സ്‌നേഹാദരം നല്‍കി.

## Article Content

**പേരാമ്പ്ര **: അയ്യപ്പ ഭക്തന്മാര്‍ക്ക് രക്ഷകനായ സിവില്‍ പൊലീസ് ഓഫീസര്‍ സുഭാഷിന് സ്‌നേഹാദരം നല്‍കി.

ശബരിമല ഡ്യൂട്ടിക്കിടെ പമ്പാനദിയില്‍ ഒഴുക്കില്‍ പെട്ട കര്‍ണാടക സ്വദേശികളായ മൂന്നുപേരുടെ ജീവന്‍ അതിസാഹസികമായി രക്ഷിച്ച് നാടിന്റെ അഭിമാനമായി മാറിയ സിവില്‍ പൊലീസ് ഓഫീസര്‍ സുഭാഷിന് പേരാമ്പ്ര റീജിയണല്‍ കോപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിലാണ് സ്‌നേഹാദരം നല്‍കിയത്.

ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന അനുമോദന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ബാങ്കിന്റെ സ്‌നേഹോപഹാരം സുഭാഷിന് നല്‍കി.

ക്രിസ്മസ് ദിനത്തിലാണ് ശബരിമലയില്‍ കാല്‍നടയായി പട്രോളിങ് ഡ്യൂട്ടിയിലായിരുന്നസുഭാഷ് അയ്യപ്പ ഭക്തന്മാര്‍ക്ക് രക്ഷകനായത്.

15 വര്‍ഷമായി കേരള പൊലീസില്‍ ജോലി ചെയ്യുന്ന സുഭാഷ് ഇപ്പോള്‍ വടകര പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ്.

പേരാമ്പ്ര പെരുവണ്ണാമൂഴി പന്നിക്കോട്ടൂര്‍ സ്വദേശിയായ ഇദ്ദേഹം പേരാമ്പ്ര എരവട്ടൂര്‍ ഏരത്ത് മുക്കില്‍ ആരാമം വീട്ടിലാണ് താമസം. ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് പി. ബാലനടിയോടി അധ്യക്ഷത വഹിച്ചു.

പി. ജോന, കെ. ശ്രീധരന്‍, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, ദിനേശ് കുമാര്‍, എം. സുര്‍ജിത്ത്, എം.എം. ജിജേഷ്, കെ.എം. മോഹനന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സുഭാഷ് മറുപടി പ്രസംഗവും നടത്തി.

ബാങ്ക് വൈസ് പ്രസിഡന്റ് രാജീവന്‍ മേപ്പയൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സെക്രട്ടറി കെ.എന്‍. സുധീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89983/civil-police-officer-subhash-paid-tribute-to-the-savior-of-ayyappa-devotees-perambra)