---
title: "ബണ്ട് റോഡ് പ്രവൃത്തി നിലച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍ "
english_title: "Bund Road work stopped; Locals protest meppayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/90858/bund-road-work-stopped-locals-protest-meppayur"
published_at: "2023-01-17T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c676335cd7d_1r2.jpg"
keywords: []
---

# ബണ്ട് റോഡ് പ്രവൃത്തി നിലച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍ 

> **Lead Summary:** **മേപ്പയ്യൂര്‍:** ബണ്ട് റോഡ് പ്രവൃത്തി നിലച്ചതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. തുറയൂര്‍ മുണ്ടാളിത്താഴെ-കീഴരിയൂര്‍ ബണ്ട് റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി പാതിവഴിയില്‍ നിലച്ചതിനാല്‍ യാത്രക്കാരും റോഡിന് വശങ്ങളിലായി താമസിക്കുന്ന വീട്ടുകാരും ദുരിതത്തില്‍.

## Article Content

**മേപ്പയ്യൂര്‍:** ബണ്ട് റോഡ് പ്രവൃത്തി നിലച്ചതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. തുറയൂര്‍ മുണ്ടാളിത്താഴെ-കീഴരിയൂര്‍ ബണ്ട് റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി പാതിവഴിയില്‍ നിലച്ചതിനാല്‍ യാത്രക്കാരും റോഡിന് വശങ്ങളിലായി താമസിക്കുന്ന വീട്ടുകാരും ദുരിതത്തില്‍.

റോഡ് ടാര്‍ ചെയ്യുന്നതിന്റെ മുന്നോടിയായി വലിയ കരിങ്കല്‍ ചീളുകള്‍ പാകിയിരുന്നു ആ നിലയിലാണ് ഇപ്പോഴും റോഡുള്ളത്. എന്നാല്‍ രണ്ട് മാസത്തിലധികമായി പിന്നിട് പ്രവൃത്തികളൊന്നും നടക്കാത്തതിനാല്‍ റോഡ് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്.

വലിയ കല്ലുകളില്‍ കയറിയിറങ്ങി ഇരു ചക്രവാഹന യാത്രക്കാരാണ് കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. കൂടാതെ കാറുകളും ടിപ്പറുകളും പോലുള്ള വാഹനങ്ങള്‍ കടന്നു പോവുമ്പോള്‍ പ്രദേശമാകെ പൊടിയില്‍ മുങ്ങുന്നത് പതിവാണ്.

സമീപത്തെ വീട്ടുകാര്‍ റോഡുകളില്‍ വെള്ളമൊഴിച്ചാണ് പൊടിശല്യം ഒഴിവാക്കുന്നത്. കുട്ടികള്‍ക്ക് അസുഖങ്ങള്‍ ഒഴിയുന്നുമില്ല. ഇവിടെയുള്ള ബി.ടി.എം ഹയര്‍ സെക്കഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും പൊടി ശല്യത്തിന് ഇരയാവുന്നുണ്ട്.

വാഹനങ്ങള്‍ വേഗതയില്‍ വരുമ്പോള്‍ ടയര്‍ കല്ലുകളില്‍ കയറി കാല്‍നടയാത്രക്കാരുടെ ദേഹത്ത് പതിക്കുന്ന അവസ്ഥയാണുള്ളത്.

മുണ്ടാളിത്താഴ മുതല്‍ കിഴക്കാലോല്‍ത്താഴ അകലാപ്പുഴയ്ക്ക് സമീപം വരെയുള്ള ഒന്നര കിലോമീറ്ററോളം റോഡാണ് ടാര്‍ ചെയ്യാതെ പ്രവൃത്തി നിര്‍ത്തിവെച്ച നിലയിലുള്ളത്.

തുറയൂരിലെ ഓട്ടോറിക്ഷകള്‍ മുണ്ടാളിത്താഴ ഭാഗത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവെച്ച് കോഡിനേഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതായി ഓട്ടോറിക്ഷകളില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുമുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/90858/bund-road-work-stopped-locals-protest-meppayur)