---
title: "കടുവ പേടിയില്‍ പെരുവണ്ണാമൂഴിക്കാര്‍; രാത്രി വീണ്ടും കണ്ടതായി പ്രദേശവാസികള്‍ "
english_title: "Peruvannamozhikars in fear of tiger; The locals found it again at night"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91102/peruvannamozhikars-in-fear-of-tiger-the-locals-found-it-again-at-night"
published_at: "2023-01-18T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c822eeda4c4_OBIT_CARD_JPG.JPG"
keywords: []
---

# കടുവ പേടിയില്‍ പെരുവണ്ണാമൂഴിക്കാര്‍; രാത്രി വീണ്ടും കണ്ടതായി പ്രദേശവാസികള്‍ 

> **Lead Summary:** **‍ പെരുവണ്ണാമൂഴി :** പേരാമ്പ്രക്കടുത്ത് പെരുവണ്ണാമൂഴിയില്‍ കടുവയെ വീണ്ടും കണ്ടതായി പ്രദേശവാസികള്‍. പെരുവണ്ണാമൂഴി ഇളങ്കോട് മേഖലയില്‍ പൈകയില്‍ ഷാന്റിയാണ് ഇന്ന് വൈകിട്ട് 7 മണിയോടെ വീട്ടുമുറ്റത്ത് കടുവയെ കണ്ടതായി പറഞ്ഞത്.

## Article Content

**‍ പെരുവണ്ണാമൂഴി :** പേരാമ്പ്രക്കടുത്ത് പെരുവണ്ണാമൂഴിയില്‍ കടുവയെ വീണ്ടും കണ്ടതായി പ്രദേശവാസികള്‍. പെരുവണ്ണാമൂഴി ഇളങ്കോട് മേഖലയില്‍ പൈകയില്‍ ഷാന്റിയാണ് ഇന്ന് വൈകിട്ട് 7 മണിയോടെ വീട്ടുമുറ്റത്ത് കടുവയെ കണ്ടതായി പറഞ്ഞത്.

പട്ടി കുരച്ചത് കേട്ട് നോക്കിയപ്പോഴാണ് വീട്ടുമുറ്റത്ത് പുലി നില്‍ക്കുന്നതായി കണ്ടതെന്ന് ഷാജുവിന്റെ ഭാര്യ ഷാന്റി പറഞ്ഞു. പിന്നീട് പരുത്തിപാറ വിനീതിന്റെ കൃഷിയിടത്തിലും രാത്രി 9 മണിയോടെ കടുവയെ കണ്ടതായി ജോലിക്കാര്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ പെരുവണ്ണാമൂഴി വട്ടക്കയം ഭാഗത്ത് കടുവയെ കണ്ടിരുന്നു. കാലത്ത് റബ്ബര്‍ ടാപ്പിംഗിന് പോവുകയായിരുന്ന ദമ്പതികളാണ് ജീവിയെ കാണുന്നത്. ഇവര്‍ ഇരുചക്ര വാഹനത്തില്‍ പോവുമ്പോള്‍ ജീവി റോഡ് മുറിച്ച് കടക്കുന്നതായി കാണുകയായിരുന്നു.

ഉടന്‍ നാട്ടുകാരെ വിവരമറിയിക്കുകയും തുടര്‍ന്ന് വനംവകുപ്പിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പകല്‍ മുഴുവന്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.

എന്നാല്‍ വീണ്ടും രാത്രിയായതോടെ കടുവയെ വീണ്ടും കാണുകയായിരുന്നു. കടുവ തന്നെ ആണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം വയനാട്ടില്‍ കടുവയെ കണ്ടെത്തിയത് ഇവിടുത്തെ ജനങ്ങളില്‍ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91102/peruvannamozhikars-in-fear-of-tiger-the-locals-found-it-again-at-night)