---
title: "ചെറുവണ്ണൂരില്‍ വില്ലേജ് ഓഫീസറെ ഉപരോധിച്ചു "
english_title: "The village officer was besieged in Cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91467/the-village-officer-was-besieged-in-cheruvannur"
published_at: "2023-01-20T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca9f589380e_OBIT_CARD_JPG.JPG"
keywords: []
---

# ചെറുവണ്ണൂരില്‍ വില്ലേജ് ഓഫീസറെ ഉപരോധിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍ :** വില്ലേജ് ഓഫീസിലെത്തുന്ന പൊതുജനങ്ങളുടെ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ മനപൂര്‍വ്വം കാലതാമസം വരുത്തുകയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാതിരിക്കുകയും ചെറിയ കാര്യങ്ങള്‍ക്ക് പോലും വില്ലേജ് ഓഫീസര്‍ ജനങ്ങളെ മാസങ്ങളോളം നടത്തിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസറെ ഉപരോധിച്ചു.

## Article Content

**ചെറുവണ്ണൂര്‍ :** വില്ലേജ് ഓഫീസിലെത്തുന്ന പൊതുജനങ്ങളുടെ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ മനപൂര്‍വ്വം കാലതാമസം വരുത്തുകയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാതിരിക്കുകയും ചെറിയ കാര്യങ്ങള്‍ക്ക് പോലും വില്ലേജ് ഓഫീസര്‍ ജനങ്ങളെ മാസങ്ങളോളം നടത്തിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസറെ ഉപരോധിച്ചു.

ലൈഫ് ഭവന പദ്ധതിയില്‍ വീട് ലഭിച്ച കുടുംബങ്ങള്‍ക്ക് വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് വീട് നിര്‍മ്മാണം നടത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.

മൂന്ന് മാസം മുമ്പ് പുതുതായി ചര്‍ജ്ജെടുത്ത വില്ലേജ് ഓഫീസറാണ് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. ഭൂമി തരം മാറ്റുന്നതിലാണ് കുടുതലും പരാതി ഉയര്‍ന്നത്.

അക്ഷയ കേന്ദ്രങ്ങളിലൂടെ നല്‍കുന്ന അപേക്ഷകള്‍ സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ വൈമനസ്യം കാണിക്കുന്നതായും എന്നാല്‍ സ്വകാര്യ ഇന്‍ന്റര്‍നെറ്റ് കേന്ദ്രങ്ങളില്‍ നിന്ന് നല്‍കുന്ന അപേക്ഷകള്‍ സ്വീകരിക്കുകയും പരിഹാരം കാണുകയും ചെയ്യുന്നതായും സമരക്കാര്‍ ആരോപിച്ചു.

ഇതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബുവിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളെത്തി വില്ലേജ് ഓഫീസര്‍ ശ്രീജിത്തിനെ ഉപരോധിച്ചു. തുടര്‍ന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി. രഞ്ജിത്ത് സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തുകയും പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പിന്മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ പരാതിക്കാരുടെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഉപരോധ സമരത്തിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. പ്രബിത, ഗ്രാമപഞ്ചായത്തംഗങ്ങളായ എന്‍.ആര്‍. രാഘവന്‍, കെ.പി. ബിജു, എം.എം. രഘുനാഥ്, ഇ.ടി. ഷൈജ, സിപിഎം നേതാക്കളായ ടി. മനോജ്, വി.കെ. നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പല ആവശ്യങ്ങള്‍ക്കായി പലവട്ടം ഓഫീസ് കയറിയിറങ്ങിയ പലര്‍ക്കും ഇന്ന് ഇവിടെ നിന്ന് നിമിഷ നേരം കൊണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ട് ലഭിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91467/the-village-officer-was-besieged-in-cheruvannur)